‘ഇവരൊക്കെ ആരാ ഞങ്ങളെ ഉപദേശിക്കാൻ? പൊതുവിൽ ഞങ്ങളുടെ പാർട്ടി സ്ത്രീ പക്ഷത്താണ്’ -സുരേഷ് ബാബു വിഷയത്തിൽ എൻ.എൻ. കൃഷ്ണദാസ്
text_fieldsഇ.എൻ. സുരേഷ് ബാബു, എൻ.എൻ. കൃഷ്ണദാസ്
പാലക്കാട്: ഇ.എൻ. സുരേഷ് ബാബുവിനെ പാലക്കാട് ജില്ല സെക്രട്ടറി സ്ഥാനത്തുനിന്ന് സി.പി.എം പുറത്താക്കിയതിൽ പ്രതികരണവുമായി മുതിർന്ന സി.പി.എം നേതാവ് എൻ.എൻ. കൃഷ്ണദാസ്. പൊതുവിൽ ഞങ്ങളുടെ പാർട്ടി സ്ത്രീ പക്ഷത്താണെന്നും പാർട്ടി ആകെ അതിജീവിതയോടൊപ്പമാണെന്നും എന്നും അദ്ദേഹം പറഞ്ഞു.
‘പാർട്ടിയുടെ ഉള്ളിലോ പാർട്ടിയുടെ പുറത്തോ ആര് ഒരു സ്ത്രീയെ അടിച്ചമർത്തിയാലും ഞങ്ങൾ സ്ത്രീകളുടെ കൂടെയാണ്. ഞങ്ങളെയൊക്കെ ഉപദേശിക്കാൻ ഇവരൊക്കെ ആരാ? ഞങ്ങൾ ജില്ലാ സെക്രട്ടറി ചുമതലയിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി. അതിന് പാർട്ടിക്ക് പാർട്ടിയുടേതായിട്ടുള്ള കാര്യങ്ങളുണ്ട്. ബാക്കിയുള്ളതൊന്നും ആലോചനയിലുള്ള കാര്യമല്ല.
ശിവൻകുട്ടി പാർട്ടി സെക്രട്ടറിയറ്റ് മെമ്പർ ആണ്. അദ്ദേഹം പരാതി കണ്ടിട്ടുണ്ടായിരിക്കും. ജില്ല സെക്രട്ടറിക്ക് എതിരായ പരാതി ജില്ലാ കമ്മിറ്റിക്ക് അല്ലല്ലോ തരുക. അത് സംസ്ഥാന സെക്രട്ടറിയറ്റിന് കൊടുത്തിട്ടുണ്ടായിരിക്കും. അവർ അത് കണ്ടിട്ടുണ്ടായിരിക്കും. സംസ്ഥാന കമ്മിറ്റിയിൽ അങ്ങനെ ഒരു പരാതി ചർച്ച ചെയ്തിട്ടില്ല.
സെക്രട്ടറിയറ്റ് ചർച്ച ചെയ്തിട്ടുണ്ടോ എന്നുള്ളത് എനിക്കറിയില്ല. പാർട്ടി സംസ്ഥാന കമ്മിറ്റിക്ക് ഒരു പരാതി ലഭിച്ചാൽ ഇല്ലയോ എന്ന് എനിക്കറിയില്ല.
ഉണ്ടെങ്കിൽ ആദ്യം പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് ആണ് ചർച്ച ചെയ്യുക. എന്നിട്ട് അവർ ഒരു തീരുമാനം എടുത്തിട്ടാണ് സംസ്ഥാന കമ്മിറ്റിയിൽ വെക്കുക. അങ്ങനെയാണ് രീതി.
പാർട്ടിയുടെ ജില്ലാ സെക്രട്ടറിയെ നിശ്ചയിക്കുന്നത് പാർട്ടി ജില്ലാ കമ്മിറ്റിയാണ്. 44 അംഗങ്ങളുള്ള ജില്ലാ കമ്മിറ്റി ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുത്തു, ആ ജില്ലാ കമ്മിറ്റിക്ക് ആ സെക്രട്ടറിയെ മാറ്റി വേറെ സെക്രട്ടറിയെ തിരഞ്ഞെടുക്കാനും അവകാശമുണ്ട്.
അത്രയേ ഉണ്ടായിട്ടുള്ളൂ. ഒരു അസാധാരണ നടപടിയും അല്ല.
സമ്മേളനത്തിൽ അല്ലാതെ തന്നെ മുമ്പും സെക്രട്ടറിയെ മാറ്റിയിട്ടുണ്ട്. പാർട്ടി ജില്ലാ സെക്രട്ടറിമാർ അധികം വാഴാത്ത ജില്ല എന്ന പരാമർശം തെറ്റാണ്. ശിവദാസമേനോൻ മന്ത്രിയാകുന്നത് വരെ 13 കൊല്ലം ഇവിടെ ജില്ലാ സെക്രട്ടറി ആയിരുന്നു. എം. ചന്ദ്രൻ 17 കൊല്ലവും പി. ഉണ്ണി 10 കൊല്ലവും ജില്ലാ സെക്രട്ടറി ആയിരുന്നു. ആദ്യത്തെ ഞങ്ങളുടെ ജില്ലാ സെക്രട്ടറി ഇമ്പിച്ചിബാവയാണ്. അദ്ദേഹം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറുന്നത് 67ൽ മണ്ണാർക്കാട് മത്സരിച്ചിട്ട് മന്ത്രിയായപ്പോഴാണ്. പിന്നെ കുഞ്ഞിരാമൻ മാഷ് ആണ് പാർട്ടി ജില്ലാ സെക്രട്ടറി ആയത്. കുഞ്ഞിരാമൻ മാഷ് ജില്ലാ സെക്രട്ടറി അല്ലാതെയാകുന്നത് അദ്ദേഹം മരിച്ച ദിവസമാണ്. അദ്ദേഹം മരിക്കുന്നത് വരെ ജില്ലാ സെക്രട്ടറിയായിരുന്നു. സെക്രട്ടറി പദവി ആജീവനാന്തമല്ല. ഞങ്ങൾക്ക് ഒരു തീരുമാനമുണ്ട്, ആ തീരുമാനം തന്നെയാണ് ഉണ്ടാവുകയുള്ളൂ.
ഒരു പരാതി വന്നാൽ പാർട്ടി ആകെ അതിജീവിതയ്ക്കൊപ്പമാണ്. ഇതിൽ ആരാ അതിജീവിത എന്നൊക്കെ ചർച്ചയ്ക്ക് വരുമ്പോഴേ അറിയൂ. പക്ഷേ, പൊതുവിൽ ഞങ്ങളുടെ പാർട്ടി സ്ത്രീ പക്ഷത്താണ്. ഈ സമൂഹത്തിൽ പാർട്ടിയുടെ ഉള്ളിലോ പുറത്തോ ഒരു സ്ത്രീയെ ഏതെങ്കിലും വിധത്തിൽ ആരെങ്കിലും അടിച്ചമർത്തിയാൽ ഞങ്ങൾ സ്ത്രീകളുടെ കൂടെയാണ്. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ കൂടെയാണ്, പാവപ്പെട്ടവരുടെ കൂടെയാണ്, പട്ടികജാതിക്കാരുടെ കൂടെയാണ്, പട്ടികവർഗ്ഗക്കാരുടെ കൂടെയാണ്, ന്യൂനപക്ഷങ്ങളുടെ കൂടെയാണ്, എല്ലാവിധത്തിലും അടിച്ചമർത്തപ്പെട്ട വിഭാഗത്തിന്റെ കൂടെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി.
സൈദ്ധാന്തികമായിട്ട് ഞങ്ങൾ അങ്ങനെയാണ്. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ കൂടെ നിൽക്കാനുള്ളതാണ് കമ്മ്യൂണിസ്റ്റ് പാർട്ടി. അതൊരു പുതിയ കാര്യമല്ല. എന്തിനാണ് ഞങ്ങൾക്ക് ബിജെപിയുടെയും കോൺഗ്രസിന്റെയും ഉപദേശം? അവരെക്കാളും വലിയ പാർട്ടിയാണിത്. അവരെക്കാളും ഭംഗിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന പാർട്ടിയാണ് സി.പി.എം’ -കൃഷ്ണദാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

