ചെങ്കോട്ടകളിലെ വിള്ളൽ: മറുമരുന്ന് തേടി സി.പി.എം
text_fieldsതിരുവനന്തപുരം: കണ്ണൂരിലും ആലപ്പുഴയിലുമടക്കം പാർട്ടിയുടെ കേഡർ അച്ചടക്കത്തിന്റെയും സംഘടനാ കാർക്കശ്യത്തിന്റെയും ഉരുക്കുമുഷ്ടിക്കുമേൽ പ്രഹരമേൽപ്പിച്ച ബദൽ നീക്കങ്ങളുടെ മുറിവുണക്കൽ വിശാല സംസ്ഥാന സമിതിക്ക് മുന്നിലെ വലിയ കടമ്പ. പാർട്ടിയിലെ പ്രമുഖ നേതാക്കൾതന്നെ പാളയത്തിൽ തീയിട്ടത് തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് വലിയ തിരിച്ചടിയായെന്ന് മാത്രമല്ല, സംഘടനയെന്ന നിലയിൽ കടുത്ത പ്രതിസന്ധിയുമാണ് സൃഷ്ടിച്ചത്. ‘ചിലരുടെ പാർലമെന്ററി വ്യാമോഹങ്ങളിൽ ജനങ്ങൾ തെറ്റിദ്ധരിച്ച് പോയതാണ് ഇവിടങ്ങളിലെ തോൽവിക്ക് കാരണമായതെ’ന്ന ഒഴുക്കൻ മറുപടി സി.പി.എം സംസ്ഥാന നേതൃത്വം ആവർത്തിക്കുന്നതല്ലാതെ ആഴത്തിലുള്ള പരിശോധനകൾക്കോ വിശദീകരണങ്ങൾക്കോ തയാറായിട്ടുമില്ല. നേതൃത്വത്തിന്റെ പിടിപ്പുകേടാണ് ഈ ഇരട്ടപ്രഹരത്തിന് കാരണമെന്ന കരുതുന്നവർ പാർട്ടിയിലുള്ളതിനാൽ രൂക്ഷവിമർശനങ്ങൾ വിശാല സമിതിയിലുണ്ടാകും. ഡസനോളം ജില്ല അവലോകനങ്ങളിൽ ഇത് ഉയർന്നു കേട്ടതുമാണ്.
സി.പി.എമ്മല്ല, തങ്ങളാണ് യഥാർഥ ഇടതുപക്ഷമെന്ന് യു.ഡി.എഫ് നേതാക്കൾ വാദിക്കുന്നതിനിടെ ഇത്തരം വാദമുഖങ്ങൾക്ക് ബലംപകരുന്നതായിരുന്നു ഇടതുക്യാമ്പിൽ നിന്നുള്ള കൂടുമാറ്റവും തെരഞ്ഞെടുപ്പിലെ ഇവരുടെ ജനകീയ വിജയവും. പാർട്ടി കേഡറല്ലെങ്കിലും കേഡറോളം സി.പി.എമ്മിന് വേണ്ടപ്പെട്ടവനായിരുന്ന നിലമ്പൂരിലെ പി.വി അൻവറിൽ തുടങ്ങി കൊട്ടാരക്കരയിലെ ഐഷ പോറ്റിയിലും ഇടുക്കിയിലെ എസ്. രാജേന്ദ്രനിലും ആലപ്പുഴയിലെ ജി. സുധാകരനിലും പിന്നിട്ട് കണ്ണൂരിലെ വി. കുഞ്ഞികൃഷ്ണനിലൂടെ ഒടുവിൽ പാലക്കാട്ടെ പി.കെ. ശശി വരെ ഈ ശൃംഖല നീണ്ടിരിക്കുന്നു. രാഷ്ട്രീയമായി നിലപാട് വ്യക്തമാക്കാനും ജനവിശ്വാസമാർജിക്കാനും കണ്ണൂരിൽ പ്രതിപക്ഷ നേതാവ് തന്നെ പങ്കെടുത്ത വിശദീകരണ യോഗങ്ങളിലാകട്ടെ, പാർട്ടിക്കല്ല, ജനങ്ങൾക്കാണ് തെറ്റുപറ്റിയതെന്ന വിചിത്ര വാദവും ഒപ്പം പാർട്ടി വിട്ടവർക്ക് നേരെ കടന്നാക്രമണവുമാണ് ഉണ്ടായത്. ഇത് പാർട്ടിയിൽ പുതിയ സംവാദത്തിന് തിരികൊളുത്തി. രാഷ്ട്രീയ വിശദീകരണങ്ങളിലൂടെ ജനവിശ്വാസമാർജിക്കുംവിധം പാർട്ടി കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കാൻ കഴിഞ്ഞോ എന്നതിലും സി.പി.എമ്മിൽ സംശയം.
വിഭാഗീയതക്ക് വിരാമമിട്ട ശേഷം ഉയർന്ന ഒറ്റപ്പെട്ട വിമത നീക്കങ്ങളെ സംഘടനാ കരുത്തിൽ നിഷ്പ്രഭമാക്കിയ അനുഭവങ്ങളാണ് കഴിഞ്ഞ 13 വർഷത്തേതെങ്കിലും, ചെങ്കോട്ടകളെ പോലും പിടിച്ചുകുലുക്കുംവിധമാണ് സമീപകാലത്തെ സംഭവ വികാസങ്ങൾ. ഇതിലൊന്നും പാർട്ടിക്ക് കൃത്യമായ ഉത്തരമില്ല. വിഭാഗീയത തുടച്ചുനീക്കിയ സെക്രട്ടറി എന്ന വിശേഷണമുള്ള പിണറായി വിജയൻ കരുത്തനായി തുടരുന്ന പാർട്ടിയിലാണ് ഈ പാളയത്തിൽ പട.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

