‘‘കുഞ്ഞികൃഷ്ണൻ ചെയ്തത് ഗുരുതരമായ തെറ്റ്’’; ഏരിയ കമ്മിറ്റി യോഗത്തിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേരിട്ടെത്തി
text_fieldsകണ്ണൂർ: സി.പി.എം ജില്ല കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനെ ശാസിക്കാൻ തീരുമാനിച്ച ജില്ല കമ്മിറ്റി തീരുമാനം റിപ്പോർട്ട് ചെയ്യാൻ പയ്യന്നൂരിൽ ചേർന്ന ഏരിയ കമ്മിറ്റി യോഗത്തിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേരിട്ടെത്തി.
കുഞ്ഞികൃഷ്ണനെ ശാസിക്കാൻ തീരുമാനിച്ച വിവരം പയ്യന്നൂരിലെ പാർട്ടി പ്രവർത്തകരിലും ഏരിയ കമ്മിറ്റി അംഗങ്ങളിൽ ചിലരിലും കടുത്ത എതിർപ്പിന് കാരണമായിരുന്നു. ഇത് ഏരിയ കമ്മിറ്റി യോഗത്തിൽ പ്രതിഫലിക്കാനിടയുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് പാർട്ടി സെക്രട്ടറിതന്നെ നേരിട്ടെത്തി വിശദീകരിച്ചത്.
ജില്ല സെക്രട്ടറി കെ.കെ. രാഗേഷ്, സെക്രട്ടേറിയറ്റ് അംഗം പി. പ്രകാശൻ എന്നിവരും എം.വി. ഗോവിന്ദനോടൊപ്പം യോഗത്തിൽ പങ്കെടുത്തു. രാവിലെ ആരംഭിച്ച യോഗം വൈകീട്ട് വരെ തുടർന്നു. പാർട്ടി ഓഫിസ് നിർമാണവുമായും ധനരാജ് രക്തസാക്ഷി ഫണ്ട് സംബന്ധിച്ചുള്ള കണക്കുമൊക്കെയെടുത്താണ് വി. കുഞ്ഞികൃഷ്ണൻ യോഗത്തിനെത്തിയതെങ്കിലും അതിനൊന്നും വേണ്ട പ്രാധാന്യം നൽകാൻ ബന്ധപ്പെട്ടവർ തയാറായില്ല.
നടപടി സംബന്ധിച്ച് യോഗത്തിൽ വിവരിച്ചപ്പോൾ ചിലർ അതിനെതിരെ പ്രതികരിച്ചുവെങ്കിലും ‘‘കുഞ്ഞികൃഷ്ണൻ ചെയ്തത് ഗുരുതരമായ തെറ്റാണെന്ന് പാർട്ടിക്ക് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി’’ എന്നു മാത്രമാണ് എം.വി. ഗോവിന്ദൻ യോഗത്തിൽ പറഞ്ഞതത്രെ. ഇന്നത്തെ സാഹചര്യത്തിൽ ഇതിലും കടുത്ത നടപടിയെടുത്താൽ വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ദോഷം ചെയ്യുമെന്നതിനാലാണ് നടപടി ശാസനയിലൊതുക്കുന്നതെന്നും അദ്ദേഹം യോഗത്തിൽ സൂചിപ്പിച്ചു. ബുധനാഴ്ച നടന്ന ജില്ല കമ്മിറ്റി യോഗത്തിലാണ് ഫണ്ട് തിരിമറിക്കെതിരെ പരാതി നൽകിയ കുഞ്ഞികൃഷ്ണനെ ശാസിക്കാൻ തീരുമാനിച്ചത്.
അതേസമയം, പാർട്ടി യോഗങ്ങളിൽ ചർച്ച ചെയ്യുന്ന കാര്യങ്ങളും തീരുമാനങ്ങളും മാധ്യമങ്ങൾക്ക് നൽകരുതെന്ന് പാർട്ടി സെക്രട്ടറി താക്കീത് ചെയ്തു. രഹസ്യമാക്കിവെക്കേണ്ട പല കാര്യങ്ങളും പിറ്റേന്ന് മാധ്യമങ്ങളിൽ വാർത്തയായി വരുന്നത് എങ്ങനെയെന്ന് പരിശോധിക്കാൻ സംവിധാനമുണ്ടാക്കുമെന്നും എം.വി. ഗോവിന്ദൻ മുന്നറിയിപ്പ് നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.