ജയിലിൽ നിന്ന് നയിക്കും, പയ്യന്നൂരിൽ സ്ഥാനാർഥി മാറില്ല; വി.കെ. നിഷാദ് തന്നെ മത്സരരംഗത്തുണ്ടാവുമെന്ന് സി.പി.എം
text_fieldsവി.കെ. നിഷാദ്
കണ്ണൂർ: പയ്യന്നൂർ നഗരസഭയിലെ മൊട്ടമ്മൽ വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർഥിയായി വി.കെ. നിഷാദ് തന്നെ മത്സരിക്കും. നിഷാദിന് പകരം ഡമ്മി സ്ഥാനാർഥിയായിരിക്കും പാർട്ടിക്കായി മത്സര രംഗത്തുണ്ടാവുകയെന്ന് പ്രചരിച്ചിരുന്നുവെങ്കിലും സി.പി.എം ഇത് തള്ളി. മത്സരിക്കുന്നതിന് നിയമപരമായി തടസ്സമില്ല എന്നാണ് ഇവർക്ക് ലഭിച്ച നിയമോപദേശം.
അതിനാൽ, സ്ഥാനാർഥി ജയിലിലാണെങ്കിലും പ്രവർത്തകർ വാർഡിൽ സജീവമാകാനാണ് തീരുമാനമെന്നറിയുന്നു. കേസുമായി ബന്ധപ്പെട്ട് ബുധനാഴ്ച ഹൈകോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. അതേസമയം, കേസിൽ വിധി ചൊവ്വാഴ്ച വരും എന്ന വിവരത്തെതുടർന്ന് നിഷാദ് മത്സരിക്കുന്ന മൊട്ടമ്മൽ വാർഡിലെ എൽ.ഡി.എഫ് ഡമ്മി സ്ഥാനാർഥി പത്രിക പിൻവലിച്ചിരുന്നില്ല. ഇതാണ് ഡമ്മിയായിരിക്കും ഒദ്യോഗിക സ്ഥാനാർഥി എന്ന പ്രചാരണത്തിന് കാരണമായത്.
സി.പി.എം വെള്ളൂർ നോർത്ത് ലോക്കൽ കമ്മിറ്റിയംഗം എം. ഹരീന്ദ്രനാണ് ഡമ്മി സ്ഥാനാർഥിയായി പത്രിക സമർപ്പിച്ചിരുന്നത്. വാർഡിൽ ഇതോടെ നാല് സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. പൊലീസുകാരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ കഴിഞ്ഞ ദിവസമാണ് നിഷാദ് ഉൾപ്പെടെ രണ്ടുപേരെ 10 വർഷം കഠിനതടവിന് തളിപ്പറമ്പ് സെഷൻസ് കോടതി ശിക്ഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

