ക്ഷേമവും വികസനവും വോട്ടായില്ലെന്ന് സി.പി.എം; ഭരണ വിരുദ്ധ വികാരമില്ലെന്നും രാഷ്ട്രീയ അടിത്തറ ഭദ്രമെന്നും സെക്രട്ടേറിയറ്റ്
text_fieldsതിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാറിന്റെ ജനക്ഷേമ വികസനം വോട്ടായില്ലെന്നും ശബരിമല സ്വർണക്കൊള്ളയിലെ പ്രതിപക്ഷ പ്രചാരണം തെരഞ്ഞെടുപ്പിൽ പാർട്ടിയെ കുരുക്കുന്ന തെറ്റിദ്ധാരണയായെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. സംസ്ഥാന തലത്തിലെ രാഷ്ട്രീയ വോട്ടുകളുടെ കണക്കെടുക്കുമ്പോൾ അറുപതോളം നിയമസഭ മണ്ഡലങ്ങളിൽ ഭൂരിപക്ഷമുള്ളതിനാൽ മാധ്യമങ്ങളും പ്രതിപക്ഷവും പറയുന്ന ഭരണ വിരുദ്ധ വികാരമില്ല. ജില്ല പഞ്ചായത്തുകളിലെ സമനില വ്യക്തമാക്കുന്നത് വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടാനാവും വിധം രാഷ്ട്രീയ അടിത്തറ ഭദ്രമാണെന്നാണ്.
തിരുവനന്തപുരം കോർപറേഷനിലടക്കം ഇടതുപക്ഷത്തെ പരാജയപ്പെടുത്താൻ പൊതുവായ സഹകരണം യു.ഡി.എഫും ബി.ജെ.പിയും തമ്മിലുണ്ടായി. ശബരിമല വിഷയത്തിൽ ഇടതുപക്ഷത്തുള്ള വിശ്വാസി സമൂഹത്തിലടക്കം തെറ്റിദ്ധാരണ പരത്താൻ കഴിഞ്ഞു. സ്വർണകവർച്ചയിൽ ആരെയും സംരക്ഷിക്കില്ലെന്ന പാർട്ടി നിലപാട് വിശ്വാസി സമൂഹം ഉൾക്കൊണ്ടിട്ടില്ല. ഇക്കാര്യത്തിൽ പ്രാദേശിക തലത്തിൽ ജനകീയ കാമ്പയിൻ നടത്തണം. ഫലസ്തീനടക്കം ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സജീവമായി ഇടപെട്ടെങ്കിലും മുസ്ലിം വിഭാഗങ്ങളിൽ നിന്ന് പ്രതീക്ഷിച്ച വോട്ട് ലഭിച്ചിട്ടില്ല. ഭൂരിപക്ഷ സമുദായങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇടപെടുന്നതിലെ പാർട്ടി നയവും നിലപാടും ന്യൂനപക്ഷ വിഭാഗങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ പാളിച്ചയുണ്ടായി.
ജനവിധി അംഗീകരിച്ചുള്ള രാഷ്ട്രീയ നിലപാട് മാത്രമേ സ്വീകരിക്കൂ. ഇടതുപക്ഷത്തിനൊപ്പം നിലകൊള്ളാനാഗ്രഹിക്കുന്ന സ്വതന്ത്രരെ ഒപ്പംകൂട്ടുമെങ്കിലും കോൺഗ്രസുമായോ, ബി.ജെ.പിയുമായോ, മുസ്ലിം ലീഗുമായോ ചേർന്ന് എവിടെയും ഭരിക്കില്ല.
കാലങ്ങളായി ഭരണം തുടരുന്ന തദ്ദേശ സ്ഥാപനങ്ങൾ നഷ്ടമായതിൽ പ്രത്യേക പരിശോധന വേണം. മധ്യ കേരളത്തിലെയും മലപ്പുറത്തെയും കൊല്ലം കോർപറേഷനിലെയും പരാജയം കനത്തതാണ്. ഇത് പ്രത്യേകം പഠിക്കണം. തോൽവിയിൽ സംസ്ഥാനതല വിലയിരുത്തലിനപ്പുറം വോട്ടിന്റെ കണക്കുകൾ വെച്ച് പരിശോധിക്കും. ഇവ ജില്ല തലത്തിൽ അവലോകനം ചെയ്യാനായി മാത്രം ജില്ല കമ്മിറ്റി, ജില്ല സെക്രട്ടേറിയറ്റ് യോഗങ്ങൾ ചേരും. ഈ അവലോകനങ്ങൾ പരിശോധിച്ച് ഡിസംബർ 27, 28 തീയതികളിൽ ചേരുന്ന സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പ് പരാജയം പരിശോധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

