ഷാഫിക്കെതിരെ തിരിഞ്ഞ് കാലിടറി സി.പി.എം
text_fieldsഷാഫി പറമ്പിൽ
കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് ഇറക്കി ലോക്സഭ തെരഞ്ഞെടുപ്പിൽ ഷാഫി പറമ്പിലിനോട് ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടിവന്ന സി.പി.എമ്മിന് രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഷാഫി പറമ്പിലിനെതിരെ പ്രതിഷേധിച്ചും അടിതെറ്റി. രാഹുലിനൊപ്പം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും ഷാഫി പറമ്പിൽ എം.പിയെയും ലക്ഷ്യമിട്ടായിരുന്നു സി.പി.എം കാമ്പയിൻ.
രാഹുലിനെതിരെ സംഘടനാതലത്തിൽ നടപടിയെടുക്കുകയും ആരോപണവിധേയരായ സി.പി.എം നേതാക്കളെ സംരക്ഷിക്കുന്നതിൽ മുഖ്യമന്ത്രിക്കെതിരെ പ്രത്യാക്രമണം നടത്തിയും കോൺഗ്രസ് രംഗത്തുവന്നതോടെ പ്രതിരോധത്തിലായ സി.പി.എം നേതാക്കളും പ്രവർത്തകരും ഷാഫി പറമ്പിലിനെ ഉന്നംവെച്ച് പ്രചാരണം കൊഴുപ്പിച്ചു. ഇതിന്റെ തുടർച്ചയായാണ് ബുധനാഴ്ച വടകരയിൽ ഒരുചടങ്ങിൽ പങ്കെടുത്ത് പുറത്തിറങ്ങിയ ഷാഫിയെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടഞ്ഞത്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിയുടെ തുടക്കത്തിൽതന്നെ ഷാഫിയെയും ചേർത്തായിരുന്നു സൈബർ ഇടങ്ങളിൽ സി.പി.എം പ്രചാരണം. പ്രശ്നം പുകഞ്ഞുനിന്ന അവസ്ഥയിൽ ബിഹാറിൽ രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയിൽ പങ്കെടുക്കാൻ പോയ ഷാഫി പ്രശ്നത്തിൽനിന്ന് തലയൂരാൻ രക്ഷപ്പെട്ടതാണെന്ന പ്രചാരണവുമുണ്ടായി.
മണ്ഡലത്തിൽ തിരിച്ചെത്തിയ ശേഷം നടന്ന പൊതുപരിപാടി കഴിഞ്ഞിറങ്ങുമ്പോഴാണ് ആസൂത്രിതമായ തടയൽ ഉണ്ടായത്. ഡി.വൈ.എഫ്.ഐ പ്രവർത്തകർ എം.പിയുടെ കാർ തടഞ്ഞ് അസഭ്യവർഷം നടത്തി പാഞ്ഞടുത്തിട്ടും പൊലീസ് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ ശക്തമായ നടപടിയെടുത്തില്ല. ഇതോടെ കാറിൽനിന്ന് ഇറങ്ങി ഷാഫിതന്നെ രൂക്ഷമായി പ്രതികരിക്കുകയായിരുന്നു.
സംഭവമറിഞ്ഞ് ജില്ല യു.ഡി.എഫ് പ്രതിഷേധവുമായി തെരുവിലിറങ്ങി. വടകര മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷാവസ്ഥ സൃഷ്ടിക്കുംവിധം പ്രകടനങ്ങൾ അരങ്ങേറി. മുസ്ലിം ലീഗ് ജില്ല കമ്മിറ്റിയും ശക്തമായി പ്രതിഷേധിച്ചു. പ്രശ്നം കൈവിട്ടെന്ന് മനസ്സിലായ ഡി.വൈ.എഫ്.ഐ നേതാക്കൾ പിന്നീട് ഷാഫിയെ തടയാൻ തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി രംഗത്തുവന്നെങ്കിലും ഷാഫിയെ വഴിതടഞ്ഞത് വിനയായെന്ന വിലയിരുത്തലിലാണ് സി.പിഎം. വിഷയത്തിൽ സി.പി.എം ജില്ല കമ്മിറ്റി ഇതുവരെ പ്രതികരിക്കാൻ തയാറായിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.