എടാട്ടും ദേശീയപാതയിൽ വിള്ളൽ; കാസർകോട്ട് വൻ ഗർത്തം, ആറുവരി പാതയിൽ രണ്ടുവരി ഭാഗം അടച്ചു
text_fieldsദേശീയപാതയിൽ മൂരാട് പാലത്തിന്റെ അപ്രോച്ച് റോഡിൽ വിള്ളലും കാസർകോട്ടെ വൻ ഗർത്തവും
വടകര: മൂരാട് പാലത്തിന് സമീപം ദേശീയപാതയിൽ അപ്രോച്ച് റോഡിൽ വിള്ളൽ. തുടർന്ന്, ആറുവരി പാതയിൽ കണ്ണൂർ ഭാഗത്തേക്കുള്ള രണ്ടുവരി പാത അടച്ചു. തിങ്കളാഴ്ച രാത്രിയോടെയാണ് റോഡിൽ വിള്ളൽ ശ്രദ്ധയിൽപെട്ടത്.
കണ്ണൂർ ഭാഗത്തേക്ക് പോകുന്ന പടിഞ്ഞാറ് ഭാഗത്തെ റോഡിലാണ് 10 മീറ്ററോളം നീളത്തിൽ വിള്ളൽ രൂപപ്പെട്ടത്. പൊലീസ് സ്ഥലത്തെത്തി വിള്ളലുള്ള ഭാഗത്തെ റോഡ് അടച്ചു. പാലത്തോട് ചേർന്ന നിർമാണം പൂർത്തിയായ റോഡിലാണ് വിള്ളൽ.
മഴ ശക്തമായാൽ വിള്ളൽ വലുതാകാൻ സാധ്യതയുണ്ട്. അഴിയൂർ റീച്ചിൽ ദേശീയപാതയുടെ പാലോളിപ്പാലം മുതൽ മൂരാട് പാലം ഉൾപ്പെടെയുള്ള 2.1 കിലോമീറ്റർ ഭാഗം ഹരിയാന ഇ ഫൈവ് ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് പ്രത്യേക കരാർ നൽകിയതാണ്.
പാലം ഉൾപ്പെടെയുള്ള ഭാഗം നേരത്തേ നിർമാണം പൂർത്തീകരിച്ചിരുന്നു. ഇന്നലെ ഉച്ചയോടെ കരാർ കമ്പനിയുടെ എൻജിനീയറിങ് കൺസൽട്ടൻസി സ്ഥലം സംന്ദർശിച്ചു. നിലവിൽ പ്രശ്നങ്ങളൊന്നുമില്ലെന്നും അറ്റകുറ്റപ്പണി നടത്തിയാൽ മതിയെന്നുമാണ് ഇവരുടെ വിശദീകരണം.
കാസർകോട്ട് വൻ ഗർത്തവും വിള്ളലും
ചെർക്കള (കാസർകോട്): ദേശീയപാത ചെർക്കള-കാലിക്കടവ് റീച്ചിൽപെട്ട ചട്ടഞ്ചാലിൽ വൻ ഗർത്തവും വിള്ളലും രൂപപ്പെട്ടു. കാഞ്ഞങ്ങാട്-കാസർകോട് പാതയിൽ ചട്ടഞ്ചാൽ പിന്നിട്ടുള്ള തെക്കിലേക്കുള്ള ഇറക്കത്തിലെ ആദ്യ വളവിലാണ് ഗർത്തം രൂപപ്പെട്ടത്.
നിർമാണം നടക്കുന്ന പാതയിൽ ആദ്യഘട്ട ടാറിങ് പൂർത്തിയായിരുന്നു. കനത്തമഴയിൽ പാതയുടെ അടിഭാഗത്തെ മണ്ണ് ഒഴുകിപ്പോയപ്പോൾ മുകളിൽനിന്ന് ടാറിങ് ഇടിഞ്ഞുതാഴ്ന്നാണ് വൻ ഗർത്തം രൂപപ്പെട്ടത്. ഇവിടെ പാലത്തിലേക്കുള്ള അപ്രോച്ച് റോഡ് നിർമാണം നടന്നുവരികയാണ്. ഇതുവഴി താൽക്കാലിക ഗതാഗതം അനുവദിച്ചിരുന്നു.
വലിയ ഇറക്കവും വളവുമായി റോഡിൽ അപകടസാധ്യതയുള്ള ഇടമാണിത്. കുന്നിനും കുന്നിനും ഇറക്കത്തിനുമിടയിലാണ് ആറുവരിപ്പാത. സമീപത്തെ പാലത്തിനടുത്ത പാതയിൽ വിള്ളലും രൂപപ്പെട്ടിട്ടുണ്ട്.
എടാട്ടും വിള്ളൽ
പയ്യന്നൂർ: ഗവ. മെഡിക്കൽ കോളജ് പരിസരത്തും പിലാത്തറയിലും വെള്ളൂരിലും കോറോം റോഡിനും പിന്നാലെ എടാട്ടും നിർമാണം പൂർത്തിയായ ദേശീയപാതയിൽ വിള്ളൽ. എടാട്ട് ബൈപാസ് റോഡ് ദേശീയപാതയുമായി ചേരുന്ന കണ്ണങ്ങാട്ട് സ്റ്റോപ്പ് മുതൽ കണ്ണൂർ ഭാഗത്തേക്കുള്ള പാതയിലാണ് കാൽ കിലോമീറ്ററിനുള്ളിൽ നിരവധി വിള്ളലുകൾ കാണപ്പെടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.