കമ്പനിക്കകത്ത് ഉപയോഗിക്കാനും ക്രെയിനുകൾക്ക് രജിസ്ട്രേഷൻ വേണം -ഹൈകോടതി
text_fieldsപ്രതീകാത്മക ചിത്രം
കൊച്ചി: ഫാക്ടറിക്കകത്ത് മാത്രം ഉപയോഗിക്കുന്നതാണെങ്കിലും ക്രെയിനുകളും സഞ്ചരിക്കുന്ന ലിഫ്റ്റുകളും മോട്ടോർ വാഹന നിയമ പ്രകാരം രജിസ്റ്റർ ചെയ്യണമെന്ന് ഹൈകോടതി. ഫോർക്ക് ലിഫ്റ്റും ക്രെയിനും മോട്ടോർ വാഹനങ്ങളുടെ ഗണത്തിൽ വരുന്നതാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസിന്റെ ഉത്തരവ്. രജിസ്റ്റർ ചെയ്തിട്ടില്ലെന്ന പേരിൽ കമ്പനിക്കകത്ത് ഇവയുടെ ഉപയോഗം വിലക്കിയ മോട്ടോർ വാഹന വകുപ്പ് നടപടി ചോദ്യം ചെയ്ത് എറണാകുളം മുളന്തുരുത്തി നാചുറൽ വുഡ് ആന്റ് വനീർസ് എന്ന സ്ഥാപനം സമർപ്പിച്ച ഹരജി തള്ളിയാണ് ഉത്തരവ്.
ലിഫ്റ്റും ക്രെയിനും രജിസ്റ്റർ ചെയ്തിട്ടില്ലാത്തിനാൽ ഇൻഷുറൻസടക്കം ഉണ്ടായിരുന്നില്ലെന്നത് കണക്കിലെടുത്താണ് ഇവയുടെ ഉപയോഗം വിലക്കിയത്. ആറേക്കർ വരുന്ന ഫാക്ടറിക്കകത്ത് മാത്രമാണ് ഇവയുടെ ഉപയോഗമെന്നതിനാൽ രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നായിരുന്നു ഹരജിക്കാരുടെ വാദം. എന്നാൽ, ഹരജിക്കാരന്റെ വാഹനങ്ങൾ റോഡിൽ ഉപയോഗിക്കാൻ കഴിയുന്നതാണെന്നും കമ്പനി വളപ്പിനകത്താണ് ഉപയോഗിക്കുന്നത് എന്നതിന്റെ പേരിൽ ഇളവ് അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഇവ മോട്ടോർ വാഹനത്തിന്റെ നിർവചനത്തിൽ വരുമെന്നതിനാൽ രജിസ്റ്റർ ചെയ്യുകയും ഇൻഷുറൻസ് എടുക്കുകയും വേണമെന്നും വിധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

