പരീക്ഷ ക്രമക്കേട്; പി.എസ്.സി അംഗങ്ങൾക്ക് വീണ്ടും നോട്ടീസ് നൽകാൻ ക്രൈംബ്രാഞ്ച്
text_fieldsതിരുവനന്തപുരം: പരീക്ഷ ക്രമക്കേടില്‍ ചോദ്യം ചെയ്യലിന് ഹാജരകണമെന്ന് ആവശ്യപ്പെട്ട് പി.എസ്.സി അംഗങ്ങള്‍ക്ക് ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് നൽകും. അന്വേഷണത്തോട് പി.എസ്.സി ചെയർമാനടക്കം സഹകരിക്കണമെന്നതുൾപ്പെടെ ഹൈകോടതിയിൽ നിന്നും പരാമർശമുണ്ടായ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ചിന്‍റെ ഈ നീക്കം.
പരീക്ഷ ക്രമക്കേടില്‍ രൂക്ഷവിമര്‍ശനം നടത്തിയ കോടതി പി.എസ്.സി അംഗങ്ങള്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെങ്കിൽ തുടർനടപടികൾ സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്നും ചോദിച്ചിരുന്നു. പരീക്ഷ തട്ടിപ്പിൽ രണ്ട് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് വ്യക്തമായെന്നും അതിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായാണ് പി.എസ്.സി അംഗങ്ങളുടെ ഉൾപ്പെടെ മൊഴിയെടുക്കാൻ തീരുമാനിച്ചതെന്നുമാണ് പ്രത്യേകസംഘം വ്യക്തമാക്കിയത്. എന്നാൽ ഇതിനോട് പി.എസ്.സി സഹകരിക്കുന്നില്ലെന്ന പരാതിയും അവർ ഉന്നയിച്ചു.
പി.എസ്.സിയിലെ നിയമനങ്ങള്‍ക്കായി നടന്ന പരീക്ഷയിൽ തട്ടിപ്പ് നടന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. അതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് നാല് അംഗങ്ങൾക്ക് നോട്ടീസ് നൽകിയത്.
എന്നാൽ പി.എസ്.സി ഈ ആവശ്യം തള്ളുകയും ആവശ്യമെങ്കിൽ പി.എസ്.സി ആസ്ഥാനത്തുവെച്ച് മൊഴിയെടുക്കാമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഭരണഘടന സ്ഥാപനമായ പി.എസ്.സിക്ക് പ്രത്യേക അധികാരമണ്ടെന്നും മുമ്പ് നിയമസഭാസമിതി നോട്ടീസ് നൽകിയിട്ട് പി.എസ്.സി സെക്രട്ടറി ഹാജരായില്ലെന്നും അത് ഹൈകോടതി ശരിവെച്ചെന്നും ചുണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് നടപടി തടയണമെന്നാവശ്യപ്പെട്ട് പി.എസ്.സി ഹൈകോടതിയെ സമീപിച്ചു.
അംഗങ്ങളുടെ സമയവും സൗകര്യവും അറിയിച്ചാൽ ക്രൈംബ്രാഞ്ച് ജില്ലാ ഓഫീസുകളിൽ മൊഴിയെടുക്കുന്നതിനുള്ള സൗകര്യം ഒരുക്കാമെന്ന് അന്വേഷണസംഘം മേധാവി ഐ.ജി അജീത ബീഗം പി.എസ്.സി സെക്രട്ടറിക്ക് കത്ത് നൽകിയെങ്കിലും പി.എസ്.സി അനുകൂല നിലപാട് സ്വീകരിച്ചില്ല. അതിന് പിന്നാലെയാണ് പി.എസ്.സിക്ക് തിരിച്ചടിയായി ഹൈകോടതി നടപടിയുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

