സിദ്ധാർഥന്റെ മരണം: ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തും
text_fieldsപ്രതികളായ രഹാൻ ബിനോയി, എസ്.ഡി. ആകാശ് എന്നിവരുമായി തിങ്കളാഴ്ച അന്വേഷണ സംഘം പൂക്കോട് സർവകലാശാല കാമ്പസിലെ കുന്നിൻ മുകളിൽ തെളിവെടുപ്പിനെത്തിയപ്പോൾ
കൽപറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികൾക്കെതിരെ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തും. സിദ്ധാർഥനെ മർദിച്ചതിൽ വ്യക്തമായ ആസൂത്രണമുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
പെൺകുട്ടി നൽകിയ പരാതിയിൽ നിയമനടപടിയുമായി മുന്നോട്ടുപോയാൽ പൊലീസ് കേസാകുമെന്ന് ഭീഷണിപ്പെടുത്തി തിരുവനന്തപുരത്തെ വീട്ടിലേക്ക് പോയ സിദ്ധാർഥനെ ഒത്തുതീർപ്പിനെന്ന പേരിൽ പാതിവഴിക്കുവെച്ച് തിരിച്ചുവിളിക്കുകയായിരുന്നു. 16ന് പുലർച്ച ഹോസ്റ്റലിൽ എത്തിയ സിദ്ധാർഥനെ മുറിയിൽ പൂട്ടിയിട്ടു. അന്നു സ്പോർട്സ് ഡേ ആയതിനാൽ വിദ്യാർഥികളെല്ലാം ഇവിടെയായിരുന്നു. രാത്രി ഒമ്പതിനു ശേഷമാണ് സിദ്ധാർഥനെ രഹൻ ബിനോയി ഉൾപ്പെടെയുള്ളവർ ഹോസ്റ്റലിന് എതിർവശത്തെ കുന്നിൻമുകളിലേക്ക് കൊണ്ടുവരുന്നത്.
അവിടെ ഇവരെ കാത്ത് പ്രതികളിലൊരാളായ കാശിനാഥൻ ഉണ്ടായിരുന്നു. ഇവിടെ വെച്ചാണ് ചോദ്യംചെയ്യൽ ആരംഭിക്കുകയും മർദനം അരങ്ങേറിയതും. മണിക്കൂറോളം ചോദ്യംചെയ്യലും മർദനവും നടന്നു. പിന്നീട് ചോദ്യം ചെയ്യൽ ഇങ്ങനെ പോരെന്ന തീരുമാനത്തിൽ സിദ്ധാർഥനെ ഹോസ്റ്റലിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഹോസ്റ്റലിലെ എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി അമൽ ഇഷാന്റെ 21ാം നമ്പർ മുറിയിൽ കൊണ്ടുവന്ന് രണ്ടുമണിക്കൂർ ചോദ്യംചെയ്യലും മർദനവും തുടർന്നു.
സിൻജോ ജോൺസൺ ഗ്ലൂഗണിന്റെ വയർ ഉപയോഗിച്ച് ഓരോ ചോദ്യം ചോദിക്കുമ്പോഴും സിദ്ധാർഥന്റെ പുറത്ത് അടിക്കുകയായിരുന്നുവെന്ന് പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. ബെൽറ്റ് ഉപയോഗിച്ചും ഉപദ്രവിച്ചു. തുടർന്ന് മേൽ വസ്ത്രങ്ങൾ ഉരിഞ്ഞ് അടിവസ്ത്രം മാത്രം ധരിപ്പിച്ച്, മറ്റുള്ളവരെയും അറിയിക്കണമെന്നുപറഞ്ഞ് ഹോസ്റ്റലിന്റെ നടുത്തളത്തിലേക്ക് കൊണ്ടുവരുകയായിരുന്നു.
മുറിയിൽ ഉറങ്ങിക്കിടന്നവരെപ്പോലും വിളിച്ചുണർത്തി സിദ്ധാർഥനെ മർദിക്കാൻ പ്രേരിപ്പിച്ചു. ഇത് പുലർച്ച 1.45 വരെ നീണ്ടു. ഇവിടെനിന്ന് ഡോർമിറ്ററിക്കുസമീപം കൊണ്ടുവരുകയും അവിടെവെച്ചും മർദിച്ചു.
അപ്പോൾ ഇവിടെ വന്ന സീനിയർ വിദ്യാർഥി അഖിൽ എല്ലാവരോടും പിരിഞ്ഞുപോകാൻ നിർദേശിക്കുകയായിരുന്നു. മറ്റുള്ളവരോട് സിദ്ധാർഥന് കാവൽനിൽക്കാനും നിർദേശിച്ചു. പിന്നീട് സിദ്ധാർഥൻ ഭക്ഷണം കഴിക്കാൻ തയാറായില്ല. തുടർന്ന് 18ന് ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പ്രതികളുമായി തിങ്കളാഴ്ചയും കൽപറ്റ ഡിവൈ.എസ്.പി ടി.എൻ. സജീവന്റെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തി. എസ്.ഡി. ആകാശ് (22), രഹൻ ബിനോയ് (20) എന്നിവരുമായി രാവിലെ അന്വേഷണ സംഘം സർവകലാശാല കാമ്പസിലെ കുന്നിൻ മുകളിലാണ് തെളിവെടുപ്പ് നടത്തിയത്. പാറപ്പുറത്ത് രക്തക്കറ കണ്ടെത്തി. പരിശോധനക്കായി സാമ്പിൾ ശേഖരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.