‘കേരള’യിൽ പ്രതിസന്ധി അയയുന്നില്ല; രജിസ്ട്രാറുടെ ശമ്പളം തടയാൻ വി.സിയുടെ നിർദേശം
text_fieldsതിരുവനന്തപുരം: കേരള സർവകലാശാലയിൽ ഭാരതാംബ ചിത്ര വിവാദത്തിൽ സസ്പെൻഡ് ചെയ്ത രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറിന്റെ ശമ്പളം തടയാൻ ഫിനാൻസ് ഓഫിസർക്ക് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ നിർദേശം നൽകി.
ജൂലൈ രണ്ടിനാണ് സർവകലാശാല സിൻഡിക്കേറ്റിന്റെ അധികാരം ഉപയോഗിച്ച് രജിസ്ട്രാറെ വി.സി സസ്പെൻഡ് ചെയ്തത്. പിന്നീട് സർവകലാശാല സിൻഡിക്കേറ്റ് യോഗം ചേരുകയും രജിസ്ട്രാറുടെ സസ്പെൻഷൻ വി.സി റിപ്പോർട്ട് ചെയ്യുകയും ചെയ്തു. സസ്പെൻഷൻ ചർച്ച ചെയ്യണമെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ ആവശ്യപ്പെട്ടതോടെ യോഗം പിരിച്ചുവിട്ട് വി.സി ഇറങ്ങിപ്പോയിരുന്നു. ഭൂരിപക്ഷം വരുന്ന ഇടത് സിൻഡിക്കേറ്റംഗങ്ങൾ തുടർന്നും യോഗം ചേർന്ന് രജിസ്ട്രാറുടെ സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനിച്ചു.
എന്നാൽ, യോഗം പിരിച്ചുവിട്ട ശേഷം അംഗങ്ങൾ ചേർന്നെടുത്ത തീരുമാനത്തിന് നിയമപ്രാബല്യമില്ലെന്ന് വി.സിയും നിലപാടെടുത്തു. പകരം പ്ലാനിങ് ഡയറക്ടർ ഡോ. മിനി കാപ്പന് രജിസ്ട്രാറുടെ താൽക്കാലിക ചുമതല നൽകി. എന്നാൽ, സസ്പെൻഷനിലായ രജിസ്ട്രാറെ തിരിച്ചെടുത്തെന്ന അവകാശവാദത്തെ തുടർന്ന് ഡോ. അനിൽകുമാർ വി.സിയുടെ തീരുമാനം തള്ളി സർവകലാശാലയിൽ ജോലിക്കെത്തി.
ഇതേതുടർന്നാണ് രജിസ്ട്രാറുടെ ശമ്പളം തടയാനും നിയമപ്രകാരമുള്ള ഉപജീവന ബത്ത നൽകാനും വി.സി നിർദേശിച്ചത്. സർവകലാശാലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു, വി.സി ഡോ. മോഹനൻ കുന്നുമ്മലിനെ വിളിച്ച് ചർച്ച നടത്തിയിരുന്നു.
രജിസ്ട്രാറുടെ സസ്പെൻഷനിൽ വിട്ടുവീഴ്ചക്കില്ലെന്ന നിലപാട് സ്വീകരിച്ച വി.സി അടിയന്തരമായി സിൻഡിക്കേറ്റ് വിളിക്കണമെന്ന നിർദേശവും തള്ളി. ഇതോടെ പ്രതിസന്ധി പരിഹരിക്കാനുള്ള വഴി അടഞ്ഞുനിൽക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.