ശബരിമല: തിരക്ക് വർധിച്ചു; കൊപ്രക്കളം ഉണർന്നു
text_fieldsശബരിമല സന്നിധാനത്തെ കൊപ്രക്കളം
ശബരിമല: കോവിഡ് പ്രതിസന്ധികൾക്കുശേഷം ശബരിമലയിലേക്കുള്ള തീർഥാടകരുടെ തിരക്ക് വർധിച്ചതോടെ സന്നിധാനത്തെ കൊപ്രക്കളവും ഉണർന്നു. ലേല വരുമാനത്തിൽ ദേവസ്വം ബോർഡിന് ഏറ്റവും അധികം വരുമാനം ലഭിക്കുന്നത് കൊപ്രക്കളത്തിൽ നിന്നാണ്. 5.45 കോടി രൂപയാണ് ഇത്തവണ കൊപ്രക്കളത്തിന്‍റെ ലേലത്തുകയായി ബോർഡിന് ലഭിച്ചത്.
7.20 കോടി രൂപയായിരുന്നു ബോർഡ് നിശ്ചയിച്ച അടിസ്ഥാന തുക. എന്നാൽ, മൂന്ന് തവണ ലേലം നടന്നിട്ടും ആരും പിടിക്കാതെ വന്നതോടെ അടിസ്ഥാന തുക കുറച്ച് തൃശൂർ സ്വദേശി ഗോപാലൻ, വേലഞ്ചിറ സ്വദേശി ഭാസ്കരൻ എന്നിവർക്ക് 5.45 കോടി രൂപക്ക് ലേലം ഉറപ്പിക്കുകയായിരുന്നു.
1.82 കോടി രൂപയായിരുന്നു കഴിഞ്ഞ വർഷത്തെ ലേലത്തുക. ഭക്തർ പതിനെട്ടാം പടിയിൽ അടിക്കുന്ന നാളികേരം, മാളികപ്പുറത്ത് ഉരുട്ടുന്ന നാളികേരവും ശബരിപീഠം, ശരംകുത്തി എന്നിവിടങ്ങളിൽ അടിക്കുന്ന നാളികേരവും ശേഖരിക്കുന്നത് കൊപ്രക്കളക്കാരാണ്. അരവണ നിർമാണശാല കഴിഞ്ഞാൽ സന്നിധാനത്ത് ഏറ്റവും അധികം പേർ ജോലി ചെയ്യുന്നതും കൊപ്രക്കളത്തിലാണ്. 300 തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്.
പതിനെട്ടാം പടിയിൽ അടിക്കുന്ന നാളികേരം ചുമന്ന് കളത്തിൽ എത്തിക്കുന്നതിന് മൂന്ന് ഷിഫ്റ്റുകളിലായി 100 പേർ ജോലി ചെയ്യുന്നുണ്ട്. സംഭരിക്കുന്ന തേങ്ങ െട്രയിലറിലാണ് ഇറക്കുന്നത്. ഇവിടെനിന്ന് സംഭരിക്കുന്ന കൊപ്ര പ്രധാനമായും ആലപ്പുഴ, തൃശൂർ, തമിഴ്നാട് എന്നിവിടങ്ങളിലെ വിപണികളിലേക്കാണ് പോകുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.