കാഫിർ സ്ക്രീൻഷോട്ട് കേസിൽ നിർണായക കണ്ടെത്തൽ; ജിതിൻ ഭാസ്കരന്റെ മൊബൈൽ ഫോൺ റീസെറ്റ് ചെയ്തു
text_fieldsവടകര: കാഫിർ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്കരന്റെ മൊബൈൽ ഫോൺ റീസെറ്റ് ചെയ്തെന്ന് വ്യക്തമായി. റിമാൻഡിലായ ജിതിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് നിർണായക വിവരം ലഭിച്ചത്.
ഫോൺ വിദഗ്ധ പരിശോധനക്ക് തിരുവനന്തപുരത്തെ ഫോറൻസിക് ലാബിലേക്ക് അയക്കും. ജില്ല ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനയിലാണ് ഫോൺ റീസെറ്റ് ചെയ്തതായി തെളിഞ്ഞത്. അന്വേഷണ സംഘത്തിന്റെ ചോദ്യംചെയ്യലിൽ ജിതിൻ ഭാസ്കരൻ ഫോൺ റീസെറ്റ് ചെയ്തതായി സമ്മതിച്ചു. നിലവിൽ വടകര ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ഫോൺ കോടതിയുടെ അനുമതിയോടെയാണ് തിരുവനന്തപുരത്തെ ഫോറൻസിക് ലാബിലേക്ക് അയക്കുക. കോടതിയുടെ അനുമതിക്കായി ശനിയാഴ്ച്ച എസ്.ഐ.ടി അപേക്ഷ നൽകും.
ജിതിൻ ഭാസ്കരൻ മൊബൈൽ ഫോൺ വിദഗ്ധമായി റീസെറ്റ് ചെയ്തതിനാൽ ഫോണിൽനിന്നുള്ള വിവരങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല. ശാസ്ത്രീയ തെളിവുകൾ നിരത്തിയുള്ള ചോദ്യംചെയ്യലിലാണ് ഫോൺ റീസെറ്റ് ചെയ്ത കാര്യം സമ്മതിച്ചത്. സംസ്ഥാന ഫോറൻസിക് ലാബിൽ ഫോൺ പരിശോധിക്കുന്നതോടെ കാഫിർ സ്ക്രീൻഷോട്ടിന്റെ ഉറവിടം പൂർണമായി വെളിച്ചത്ത് കൊണ്ടുവരാൻ കഴിയുമെന്ന വിശ്വാസത്തിലാണ് എസ്.ഐ.ടി. പ്രതിയുടെ തെളിവെടുപ്പ് എസ്.ഐ.ടി. പൂർത്തിയാക്കി.
വടകര സ്ക്വാഡ് വാട്സ്ആപ് ഗ്രൂപ്പിലേക്കാണ് സ്ക്രീൻഷോട്ട് ആദ്യമായി പോസ്റ്റ് ചെയ്തത്. പിന്നാലെ മറ്റ് ഇടത് സൈബർ ഗ്രൂപ്പുകളിലേക്ക് പ്രചരിക്കുകയായിരുന്നു. കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഉറവിടം കണ്ടെത്തുന്നത് ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ ലഭിക്കാൻ എസ്.ഐ.ടി ജിതിനെ വ്യാഴാഴ്ചയാണ് രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയത്. ചോദ്യംചെയ്യൽ പൂർത്തിയാക്കി ശനിയാഴ്ച വീണ്ടും കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

