നൂലിൽ കെട്ടിയിറക്കിയ നേതാവെന്ന് സി.വി ബാലചന്ദ്രൻ; മറുപടിയുമായി വി.ടി. ബൽറാം
text_fieldsകൂറ്റനാട് (പാലക്കാട്): കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാമിനെതിരെ കെ.പി.സി.സി നിർവാഹക സമിതി അംഗം സി.വി ബാലചന്ദ്രൻ നടത്തിയ വിമർശനം കോൺഗ്രസിൽ കത്തിപ്പടരുന്നു. നൂലിൽ കെട്ടിയിറക്കിയ നേതാവാണ് വി.ടി. ബൽറാമെന്നായിരുന്നു സി.വി ബാലചന്ദ്രന്റെ വിമർശനം. സിപ് ലൈനിൽ തൂങ്ങിപ്പോകുന്ന ഫോട്ടോ പങ്കുവെച്ചാണ് വി.ടി ബൽറാം ഇതിന് മറുപടി നൽകിയിരിക്കുന്നത്.
‘സ്നേഹം’ എന്ന ക്യാപ്ഷനോടെയാണ് ഫേസ്ബുക്കിൽ ഫോട്ടോ പങ്കുവെച്ചത്. കഴിഞ്ഞ ദിവസം കപ്പൂരിൽ നടന്ന കുടുംബസംഗമത്തിലാണ് സി.വി ബാലചന്ദ്രൻ ബൽറാമിനെതിരെ രൂക്ഷവിമർശനമുന്നയിച്ചത്. പാർട്ടിക്ക് വേണ്ടി ഒരു പ്രവർത്തനവും നടത്താതെ, പാർട്ടിയെ നശിപ്പിക്കാനുള്ള പ്രവർത്തനങ്ങളാണ് ബൽറാമിൽ നിന്നുണ്ടാകുന്നത്. തൃത്താലയിൽ ബൽറാം തോറ്റത് അഹങ്കാരവും ധാർഷ്ട്യവും കൊണ്ടാണ്. കോൺഗ്രസ് നിലനിൽക്കണം, പാർട്ടിക്ക് മേലെ വളരാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കിൽ അവരെ പിടിച്ച് പുറത്തിടണമെന്നും ബാലചന്ദ്രൻ പറഞ്ഞിരുന്നു.
ബാലചന്ദ്രന്റെ വിമർശനത്തിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ പല പ്രവർത്തകരും ബൽറാമിനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. ഇപ്പോൾ ബൽറാം തന്നെ പരോക്ഷ മറുപടിയുമായി രംഗത്ത് വന്നത് പാലക്കാട് കോൺഗ്രസിൽ പ്രശ്നങ്ങൾ തീരുന്നില്ലെന്നതിന്റെ സൂചനയാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ബൽറാം തൃത്താലയിൽ യു.ഡി.എഫ് സ്ഥാനാർഥിയാവുമെന്ന സൂചന മുന്‍നിര്‍ത്തിയാണ് സി.വി ബാലചന്ദ്രൻ പരസ്യ വിമർശനവുമായി രംഗത്തെത്തിയതെന്ന് പറയപ്പെടുന്നു. ഇരുകൂട്ടരേയും പുകഴ്ത്തിയും വിമർശിച്ചും കോൺഗ്രസ് സൈബര്‍പോരാളികളും രംഗത്തുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.