‘ഡാ... ഗോവിന്ദച്ചാമി’ വിനോജിന്റെ വിളി തുമ്പായി
text_fieldsവിനോജ് (ഗോവിന്ദച്ചാമിയെ തിരിച്ചറിഞ്ഞാൾ)
കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്നും രക്ഷപ്പെട്ട ഗോവിന്ദച്ചാമി തളാപ്പിലെത്തിയെന്നതിലേക്ക് സൂചനകൾ നൽകിയത് വിനോജ് എന്നയാളും ഓട്ടോ ഡ്രൈവറായ സന്തോഷും. രാവിലെ 9.15ഓടെ ബൈക്കിൽ ജോലിക്കു പോവുകയായിരുന്നു വിനോജ്. ഈ സമയം തലയിൽ പഴയ തുണിയിട്ട് അതിൽ ഒരു കൈവെച്ച് സാവധാനം നടന്നുപോകുന്ന ഒരാളെ കണ്ടു.
രാവിലെ തന്നെ ദൃശ്യമാധ്യമങ്ങളിലും നവമാധ്യമങ്ങൾ വഴിയും ഗോവിന്ദച്ചാമി ജയിൽ ചാടിയ വിവരം അറിഞ്ഞതിനാൽ നടന്നുപോകുന്നയാൾ ഗോവിന്ദച്ചാമിയാണെന്ന് സംശയിച്ചു. ഡാ... ഗോവിന്ദച്ചാമി എന്ന് വിളിച്ചപ്പോൾതന്നെ അയാൾ ഓടി അടുത്തുള്ള മതിൽ ചാടിക്കടന്ന് കാടുപിടിച്ച പറമ്പിലേക്ക് രക്ഷപ്പെടുകയായിരുന്നു. ഉടൻതന്നെ വിനോജ് പൊലീസിനെ ഇക്കാര്യമറിയിക്കുകയായിരുന്നു. കുതിച്ചെത്തിയ പൊലീസ് സംഘം പ്രദേശം വളഞ്ഞ് തിരച്ചിൽ നടത്തി.
അതിനിടെ, കണ്ണൂർ എ.കെ.ജി ആശുപത്രി പരിസരത്ത് ഇതിനടുത്ത സമയത്തുതന്നെ ഗോവിന്ദച്ചാമിയെ കണ്ടിരുന്നുവെന്നും സംശയത്തെ തുടർന്ന് സമീപത്തേക്ക് പോയപ്പോഴേക്കും ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നുവെന്നും ഓട്ടോ ഡ്രൈവർ സന്തോഷും പറഞ്ഞു. ഇതോടെയാണ് പ്രതി ആ പരിസരത്തുതന്നെയുണ്ടെന്ന് ഉറപ്പിച്ചത്. അധികം വൈകാതെ ഗോവിന്ദച്ചാമി തളാപ്പിൽനിന്നുതന്നെ പിടിയിലുമായി.
ഗോവിന്ദച്ചാമിയുടെ ജയിൽ വസ്ത്രത്തിലും ഇനി മാറ്റം
തിരുവനന്തപുരം: കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് വിയ്യൂരിലേക്ക് മാറ്റുന്ന ഗോവിന്ദച്ചാമിയുടെ ജയിൽ വസ്ത്രത്തിലും മാറ്റം വരുത്താൻ തീരുമാനം. വിയ്യൂരിലെ അതിസുരക്ഷ സെല്ലിലേക്ക് മാറ്റുന്നതിനോടൊപ്പം ഇയാളുടെ ജയിൽ യൂനിഫോമിന്റെ ഇടതുഭാഗത്തായി 10 സെന്റിമീറ്റർ നീളത്തിലും മൂന്ന് സെന്റിമീറ്റർ വീതിയിലും ചുവന്ന വരകൂടി തിരിച്ചറിയൽ രേഖയായി അടയാളപ്പെടുത്താൻ ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ നിർദേശം നൽകി.
ജയില്‍ ചാടിയ ശേഷം പിടിയിലായ പ്രതിയാണെന്ന് തുടര്‍ന്നുവരുന്ന ഉദ്യോഗസ്ഥര്‍ക്കും മനസ്സിലാക്കാനാണ് ഇത്തരമൊരു ചുവന്ന രേഖ ജയിൽ വസ്ത്രത്തിൽ ഉൾപ്പെടുത്തുന്നത്. നേരത്തെ വഗോവിന്ദച്ചാമി ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവവും ഉദ്യോഗസ്ഥര്‍ക്കുനേരെ മനുഷ്യവിസർജ്യം വലിച്ചെറിഞ്ഞ സംഭവവുണ്ടായിട്ടുണ്ട്. മിക്കവാറും ദിവസങ്ങളില്‍ ബിരിയാണി വേണമെന്ന ആവശ്യവും ഇയാള്‍ ഉന്നയിച്ചിരുന്നു. വധശിക്ഷ ജീവപര്യന്തമായി സുപ്രീംകോടതി ഇളവുനല്‍കിയ ശേഷമാണ് ആക്രമണ സ്വഭാവത്തില്‍ നേരിയ മാറ്റം വന്നതെന്ന് ജയിൽ അധികൃതർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.