പൊലീസ് ഭീഷണി; പാലക്കാട്ട് യുവാവ് തൂങ്ങിമരിച്ചു
text_fieldsഎലപ്പുള്ളി (പാലക്കാട്): പൊലീസ് ഭീഷണിയെത്തുടർന്ന് യുവാവ് ജീവനൊടുക്കിയതായി പരാതി. പള്ളത്തേരി, ചേവൽക്കാട് പൽപ്പുവിെൻറ മകൻ സന്തോഷാണ് (27) വീടിന് സമീപത്തെ മരത്തിൽ തൂങ്ങിമരിച്ചത്. രാവിലെ കെട്ടിടംപണിക്ക് പോയ സന്തോഷ് ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെ വീട്ടില്‍ തിരിച്ചെത്തി സമീപത്തെ പറമ്പില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. പൊലീസിെൻറ ഭീഷണിയെ തുടര്‍ന്നാണ് സന്തോഷ് ജീവനൊടുക്കിയതെന്ന് ആരോപിച്ച് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്താന്‍ നാട്ടുകാര്‍ അനുവദിച്ചില്ല. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് നാട്ടുകാരും ബന്ധുക്കളും വൈകീട്ട് അഞ്ച് മുതല്‍ ഒരു മണിക്കൂറോളം പാലക്കാട്-പൊള്ളാച്ചി പാത ഉപരോധിച്ചു.
മൂന്നുമാസം മുമ്പ് ഹർത്താൽ ദിനത്തിൽ കെ.എസ്.ആർ.ടി.സി ബസിന് കല്ലെറിഞ്ഞെന്ന കേസിൽ സന്തോഷിനേയും രണ്ട് സുഹൃത്തുക്കളെയും കസബ സ്റ്റേഷനിൽ വിളിച്ചുവരുത്തിയിരുന്നു. നഷ്ടപരിഹാരമായി 60,000 രൂപ നൽകണമെന്ന് പൊലീസ് പറഞ്ഞിരുന്നു.
സ്വന്തമായി വീടുപോലുമില്ലാത്ത സന്തോഷിന് ഇത്രയും തുക പറഞ്ഞ സമയത്തിനകം സംഘടിപ്പിക്കാൻ സാധിച്ചില്ല. ചൊവ്വാഴ്ചയായിരുന്നു പണം നൽകേണ്ട അവസാന തീയതി.
തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി കസബ സ്റ്റേഷനിലെ സുരേഷ് എന്ന പൊലീസുകാരൻ സന്തോഷിനെ ഭീഷണിപ്പെടുത്തിയതായി ബന്ധുക്കൾ ആരോപിക്കുന്നു. മൃതദേഹം വൈകീട്ട് 6.30ഒാടെയാണ് താഴെയിറക്കാൻ നാട്ടുകാർ സമ്മതിച്ചത്. പാലക്കാട് ഡിവൈ.എസ്.പി, കസബ സി.ഐ, എസ്.ഐ എന്നിവരുടെ നേതൃത്വത്തിൽ ചർച്ച നടത്തി. സഹോദരി: സൗമ്യ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.