എസ്.എഫ്.ഐ നേതാവിന്റെ പിഎച്ച്.ഡി ശിപാർശ തടയണമെന്ന് ഡീനിന്റെ കത്ത്
text_fieldsതിരുവനന്തപുരം: കേരള സർവകലാശാലയിൽ എസ്.എഫ്.ഐ നേതാവായ ഗവേഷകന് സംസ്കൃതത്തിൽ പിഎച്ച്.ഡി നൽകാനുള്ള ശിപാർശ തടയണമെന്നാവശ്യപ്പെട്ട് വൈസ്ചാൻസലർക്ക് ഡീനിന്റെ കത്ത്. സർവകലാശാല കാമ്പസിലെ എസ്.എഫ്.ഐ നേതാവായ വിപിൻ വിജയന് സംസ്കൃതം സംസാരിക്കാൻ പോലും അറിയില്ലെന്ന് സംവാദ സഭയിൽ (ഓപ്പൺ ഡിഫൻസ്) പങ്കെടുത്തവർക്ക് ബോധ്യപ്പെട്ടതായി ചൂണ്ടിക്കാട്ടി വകുപ്പ് മേധാവി കൂടിയായ ഓറിയന്റൽ ഭാഷ ഡീൻ ഡോ. സി.എൻ വിജയകുമാരി വി.സി ഡോ. മോഹനൻ കുന്നുമ്മലിന് കത്ത് നൽകിയത്.
പി.എച്ച്.ഡി അനുവദിക്കാനായി മൂല്യനിർണയ ബോർഡ് ചെയർമാൻ സമർപ്പിച്ച ശിപാർശ നവംബർ ഒന്നിന് ചേരുന്ന സിൻഡിക്കേറ്റ് യോഗം പരിഗണിക്കാനിരിക്കെയാണ് ഈ നീക്കം. ഒക്ടോബർ അഞ്ചിന് നടന്ന ഓപ്പൺ ഡിഫൻസിലാണ് പിഎച്ച്.ഡി നൽകാൻ ശിപാർശ ചെയ്തത്.
ചട്ടമ്പിസ്വാമികളെ കുറിച്ച് ‘സദ്ഗുരു സർവസ്വം - ഒരു പഠനം’ എന്ന വിഷയത്തിൽ ഇംഗ്ലീഷിലാണ് പിഎച്ച്.ഡി പ്രബന്ധം തയാറാക്കിയത്. ഓപ്പൺ ഡിഫൻസിൽ നേരിട്ടും ഓൺലൈനായും പങ്കെടുത്ത് ചോദ്യങ്ങൾ ചോദിച്ചവർക്ക് ഇംഗ്ലീഷിലോ സംസ്കൃതത്തിലോ മറുപടി പറയാനുള്ള ഭാഷാ പരിജ്ഞാനം ഗവേഷക വിദ്യാർഥിക്കില്ലെന്ന് വകുപ്പ് മേധാവിയുടെ കത്തിൽ പറയുന്നു.
ഗവേഷണ രീതിശാസ്ത്രത്തിലും കണ്ടെത്തലുകളിലുമുള്ള പിഴവുകൾ തിരുത്താതെ പിഎച്ച്.ഡി നൽകരുതെന്നും കത്തിലുണ്ട്. കേരള സർവകലാശാലയിലെ ഗവേഷകന്റെ ഗൈഡും സർവകലാശാലക്ക് പുറത്തുള്ള രണ്ട് പ്രഫസർമാരുമാണ് പ്രബന്ധം മൂല്യനിർണയം നടത്തിയത്. പരാതിയിൽ അന്വേഷണം തുടങ്ങിയതായി വി.സി ഡോ. മോഹനൻ കുന്നുമ്മൽ അറിയിച്ചു.
എന്നാൽ, വകുപ്പ് മേധാവിക്കുള്ള വ്യക്തി വിരോധമാണ് പരാതിക്ക് കാരണമെന്നാണ് ഗവേഷകന്റെ വാദം.
ഡീൻ ചൂണ്ടിക്കാട്ടിയ പോരായ്മകൾ പരിശോധിക്കണമെന്നാവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റിയും വി.സിക്ക് നിവേദനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

