Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'പ്രിയപ്പെട്ട...

'പ്രിയപ്പെട്ട സതീശേട്ടാ.. കണ്ണൂരില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ആ ഓഫീസ് നിങ്ങളുടെ വിയര്‍പ്പാണ്'

text_fields
bookmark_border
പ്രിയപ്പെട്ട സതീശേട്ടാ.. കണ്ണൂരില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ആ ഓഫീസ് നിങ്ങളുടെ വിയര്‍പ്പാണ്
cancel

കോൺഗ്രസിന്റെ മുതിർന്ന നേതാവും കണ്ണൂർ ഡി.സി.സി മുൻ പ്രസിഡന്റുമായ സതീശൻ പാച്ചേനി വ്യാഴാഴ്ച രാവിലെയാണ് അന്തരിച്ചത്. സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് അദ്ദേഹത്തിനോടുള്ള ആദരസൂചകമായി അനുശോചനങ്ങൾ പ്രവഹിക്കുകയാണ്. അധ്യാപികയും എഴുത്തുകാരിയുമായ സുധാമേനോൻ എഴുതിയ കുറിപ്പാണ് ഏറ്റവും കണ്ണുനനയിപ്പിക്കുന്നത്.

കുറിപ്പിൽനിന്ന്:

തൊണ്ണൂറുകളുടെ ആദ്യ പകുതി. അക്കാലത്ത്, പ്രണയക്കാറ്റ് മാത്രമായിരുന്നില്ല, പൊള്ളുന്ന രാഷ്ട്രീയക്കാറ്റ് കൂടിയാണ് പയ്യന്നൂര്‍ കോളേജിനെ അടയാളപ്പെടുത്തിയിരുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാഷ്ട്രീയസംഘട്ടനം പതിവായിരുന്നു.

പതിവില്‍ നിന്ന് വിപരീതമായി 1992ലെ കോളേജ് യുനിയന്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മാത്രം കെ.എസ്.യു-എസ്.എഫ്.ഐ സംഘട്ടനം ഉണ്ടായില്ല. ഞാന്‍ അന്ന് ഒന്നാംവര്‍ഷ ബി.എ വിദ്യാര്‍ഥിനി ആയിരുന്നു. അന്നും, പതിവുപോലെ ഒരു മേജര്‍ സീറ്റ് ഒഴികെ മറ്റെല്ലാം കെ.എസ്.യു ആയിരുന്നു ജയിച്ചത്‌. എന്നിട്ടും ശാന്തമായി ആ ദിവസങ്ങള്‍ കടന്നുപോയി.

ഇരു സംഘടനകളെയും നയിക്കുകയും യു.യു.സി സ്ഥാനത്തേക്ക് മത്സരിച്ചു ജയിക്കുകയും ചെയ്ത പക്വമതികളായ രണ്ടു മനുഷ്യര്‍ ആയിരുന്നു 'അടിപൊട്ടാത്ത' ആ യുനിയന്‍ തിരഞ്ഞെടുപ്പിന് കാരണം. ഒരാള്‍, അന്നത്തെ എസ്.എഫ്.ഐ ജില്ലാകമ്മിറ്റി അംഗവും, ഉജ്വല പ്രാസംഗികനും ആയിരുന്ന പി.പി, പ്രകാശന്‍. മറ്റൊരാള്‍ അന്നത്തെ ​കെ.എസ്.യു സംസ്ഥാനകമ്മിറ്റി അംഗം. കാമ്പസിന്റെ നിറചിരി. നമ്മള്‍ അയാളെ സതീശേട്ടന്‍ എന്നും മറ്റുള്ളവര്‍ സതീശന്‍ പാച്ചേനി എന്നും സ്നേഹത്തോടെ വിളിച്ചു...

കെ.എസ്.യുവും എസ്.​എഫ്.ഐയും ഒരുമിച്ചു നിന്ന് ഗംഭീരമായി യുനിയന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി. തല്ലില്‍ എത്തേണ്ട വാഗ്വാദങ്ങള്‍ പോലും അവര്‍ ചിരിയില്‍ നിര്‍ത്തി. കോളജ് യുനിയന്‍ ചെയര്‍മാന്‍ ആയിരുന്ന, ജോജോ തോമസ്‌ സതീശേട്ടന് ഒപ്പം നിഴലായി നിന്നു(ഇന്നത്തെ മഹാരാഷ്ട്ര പ്രദേശ്‌ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍സെക്രട്ടറി). മലയാള വകുപ്പിന്റെ ഗോവണിക്കരികില്‍ ഇരുന്നുകൊണ്ട് രാമ രഘുരാമ നീയിനിയും നടക്കൂ എന്ന 'അഗസ്ത്യഹൃദയത്തിലെ വരികള്‍ പ്രകാശേട്ടന്‍ പാടുമ്പോള്‍, 'ജീവന്റെ തീ മഴുവെറിഞ്ഞു ഞാൻ നീട്ടും, ഈ വഴിയിൽ നീ എന്നിലൂടെ കരേറൂ..' എന്ന് സതീശേട്ടന്‍ വെറുതെ മൂളും. ഞാനും, സിബിയും, രാജേഷും, സംഗീതയും, കൃഷ്ണകുമാറും, ബിജു ഐക്കരോട്ടും,കദീജയും,ശ്രീജയും പലരും ചുറ്റിലും ഉണ്ടാകും...ഇടയ്ക്കു ആ കൂട്ടത്തിലേക്ക് അധ്യാപകരായ മുഹമ്മദ്‌ അഹമ്മദ് മാഷും, രമേശ്‌ബാബു മാഷും ഒക്കെ ചേരും..

അങ്ങനെയൊക്കെയായിരുന്നു സതീശന്‍ പാച്ചേനി എന്ന മനുഷ്യന്‍. ഗ്രൂപ്പ് വൈരം കത്തി നിന്ന നാളുകളില്‍ പോലും രാഷ്ട്രീയ വഴികളില്‍ തടസം നിന്ന എതിര്‍ഗ്രൂപ്പുകാരോട് നീരസം കാട്ടിയില്ല. ശ്യാമിനെയും, ജയചന്ദ്രനെയും ഒക്കെ അവരുടെ പ്രതിസന്ധികളില്‍ ചേര്‍ത്തു പിടിച്ചു....ഞങ്ങളുടെ കൂട്ടുകാരിയും കെ.എസ്.യു നേതാവും ആയിരുന്ന ശ്രീരഞ്ജിനി തിരകളില്‍ ഇല്ലാതായപ്പോള്‍ സതീശേട്ടന്‍ ആള്‍ക്കൂട്ടത്തില്‍ ആര്‍ത്തലച്ചു കരഞ്ഞു. അന്ന്, സതീശേട്ടന്‍ കെ.എസ്.യു സംസ്ഥാന സെക്രട്ടറികൂടിയായിരുന്നു എന്നാണ് ഓര്‍മ്മ.

വ്യക്തിപരമായ ഓര്‍മ്മകള്‍ ഒന്നും എഴുതുന്നില്ല.....മുപ്പത്തിരണ്ടു വര്‍ഷത്തെ ആത്മബന്ധം...അത് വാക്കുകളിലേക്ക് ചുരുക്കാന്‍ എനിക്ക് വയ്യ. ഒരിലയില്‍ നിന്നും ചോറു വാരിത്തിന്ന, അവസാനത്തെ നാണയത്തുട്ടും ചിലവാക്കി മീന്‍ വറുത്തത് വാങ്ങിത്തന്ന് ഉപന്യാസ മത്സരത്തിനു പറഞ്ഞയക്കുന്ന, എഴുത്തും വായനയും കൈവിടാതിരിക്കണം എന്ന് ശാസിച്ചുകൊണ്ടിരുന്ന,നിന്റെ രീതികള്‍ക്ക് സജീവരാഷ്ട്രീയം പറ്റില്ലെന്ന് സ്വകാര്യമായി ഉപദേശിച്ചിരുന്ന ഒരു മനുഷ്യന്റെ ഓര്‍മകളെ എങ്ങനെയാണ് ഞാന്‍ വെറും വാക്കുകള്‍ കൊണ്ട് അടയാളപ്പെടുത്തുക....നിറം മങ്ങിയ ഇന്‍ലണ്ടില്‍ എഴുതിയ കത്തുകളില്‍ നിറഞ്ഞു നിന്ന കോണ്‍ഗ്രസ് ആവേശം..ജീവിതാസക്തി ...'അമ്മ നിന്നെ ഇടയ്ക്കിടെ അന്വേഷിക്കും' എന്നുള്ള ഓര്‍മ്മിപ്പിക്കല്‍..ഒരുമിച്ചുണ്ടായിരുന്ന കണ്ണൂരിലെ അവസാനത്തെ പൊതുവേദിയിലും സതീശേട്ടന്‍ അത് എല്ലാവരോടുമായി പറഞ്ഞു.

അടിമുടി കോണ്‍ഗ്രസ് മാത്രമായിരുന്നു സതീശേട്ടന്‍....ഒരിക്കലും ഒരു പരാതിയും പരിഭവവും പറഞ്ഞില്ല. തനിക്കു പിന്‍പേ കടന്നുവന്ന പലരും പലതും ആയപ്പോഴും സതീശേട്ടന്‍ കോണ്‍ഗ്രസിന് വേണ്ടി തടമെടുക്കുകയും വെള്ളം കോരുകയും, വിറക് വെട്ടുകയും ചെയ്തുകൊണ്ടിരുന്നു. മണ്ഡരി ബാധിച്ച സംഘടനയെ തനിക്കു ആവുംപോലെ വീണ്ടും തളിര്‍പ്പിക്കാന്‍ ശ്രമിച്ചു... ജില്ലയുടെ മുക്കിലും മൂലയിലും എത്തി. പ്രവര്‍ത്തകരെ ചേര്‍ത്തു നിര്‍ത്തി. സെല്‍ഫികളും, ചാനല്‍ ചര്‍ച്ചകളും ആണത്തഘോഷണങ്ങളും രാഷ്ട്രീയപാര്‍ട്ടി നേതാക്കളെ സൃഷ്ടിക്കുന്ന ഇക്കാലത്ത് അദ്ദേഹം നിശബ്ദമായി സംഘടനാപ്രവര്‍ത്തനം നടത്തി.. സ്വന്തം വീട് വിറ്റ പണമെടുത്ത് ഡി.സി.സി ഓഫീസു പണിത ഏതു കോണ്‍ഗ്രസുകാരന്‍ ഉണ്ടാകും ഇക്കാലത്ത്?

നേരിയ വോട്ടിനു ഓരോ തവണയും പരാജയപ്പെട്ടപ്പോഴും വീണ്ടും പൊരുതി.. ഒരിക്കല്‍ മാത്രം സതീശേട്ടന്‍ വികാരാധീനനായി. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട രാത്രി. അന്ന് തൊണ്ട ഇടറിക്കൊണ്ട് സതീശേട്ടന്‍ സൂചിപ്പിച്ചത് രാവിലെ മുതല്‍ തുടങ്ങുന്ന നിരന്തരമായ പാര്‍ട്ടിപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ വൈകുന്നേരമാകുമ്പോള്‍ കടന്നുവരുന്ന തല പൊട്ടിപ്പിളര്‍ക്കുന്ന വേദനയെക്കുറിച്ചാണ്...അസഹ്യമായ തലവേദനയാണ് ഇത്രയും കാലത്തെ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ സമ്പാദ്യം എന്ന് ആ മനുഷ്യന്‍ പറഞ്ഞപ്പോള്‍ എന്റെ ഹൃദയം ഉരുകിപ്പോയി..

സതീശന്‍ പാച്ചേനിയുടെ മാത്രം സമ്പാദ്യമല്ല ആ തലവേദനയെന്നും ലോകമറിയാതെ പോകുന്ന ഒട്ടനവധി നിസ്വാര്‍ത്ഥരായ പൊതുപ്രവര്‍ത്തകരുടെ എല്ലാം ബാലന്‍സ് ഷീറ്റില്‍ അവസാനം ബാക്കിയാകുന്നത് ഈ തലവേദനയും കുറെ കടങ്ങളും മാത്രമാകും എന്ന് എനിക്കറിയാമായിരുന്നു.

ആ വാക്കുകള്‍ എന്നെ വല്ലാതെ നോവിച്ചു. ആശുപത്രിയില്‍ ആയതുമുതല്‍ പ്രാര്‍ഥിച്ചത് ഒരു ജയത്തിനു വേണ്ടി, ഒരൊറ്റ തിരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടിയെങ്കിലും സതീശേട്ടന്‍ മടങ്ങിവരണേ എന്നായിരുന്നു. അവിടെയും നിര്‍ഭാഗ്യം സതീശേട്ടനെ വിട്ടുപോയില്ല.

പ്രിയപ്പെട്ട സതീശേട്ടാ.. നിങ്ങള്‍ മന്ത്രിയും, എംഎല്‍എയും ഒന്നുമാകേണ്ട. നിങ്ങളെ സ്നേഹിക്കുന്നവരുടെ ഓര്‍മയില്‍ നിങ്ങള്‍ എന്നുമുണ്ടാകും... അജയ്യനായി... കണ്ണൂരില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ആ ഓഫീസ് നിങ്ങള്‍ തന്നെയാണ്, നിങ്ങളുടെ വിയര്‍പ്പാണ്...

ആ നിറചിരിയില്ലാതെ ചേതനയറ്റ് കിടക്കുന്ന നിങ്ങളെ കാണാന്‍ ഞാന്‍ വരുന്നില്ല. എന്റെ ഓര്‍മകളിലെ സതീശേട്ടന്‍ ഇപ്പോഴും 'നീർക്കിളികൾ പാടുമൊരു ദിക്കുകാണാം. അവിടെ നീർക്കണിക തേടി ഞാനൊന്നുപോകാം. രാമ രഘുരാമ നാമിനിയും നടക്കാം രാവിന്നു മുന്പേ കനൽക്കാട് താണ്ടാം.. എന്ന് പയ്യന്നൂര്‍ കോളജ് വരാന്തയില്‍ ഇരുന്നു പാടിക്കൊണ്ടിരിക്കുകയാണ്.. വിട!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Satheesan Pachenisudha menondeath of satheesan pacheni
News Summary - 'Dear Satishetta.. That office standing tall in Kannur is your sweat'
Next Story