മോഡലുകളുടെ മരണം: എട്ട് പ്രതികൾക്കെതിരെ കുറ്റപത്രം
text_fieldsകൊച്ചി: മോഡലുകൾ അടക്കം മൂന്നുപേരുടെ മരണത്തിന് വഴിയൊരുക്കിയ വാഹനാപകടക്കേസിൽ എട്ട് പ്രതികൾക്കെതിരെ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. മോഡലുകളുടെ സുഹൃത്തായ അബ്ദുറഹ്മാനെ ഒന്നാം പ്രതിയാക്കി എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നൽകിയത്.
അബ്ദുറഹ്മാനെതിരെ മദ്യലഹരിയിൽ അമിതവേഗത്തിൽ വാഹനമോടിച്ച് നരഹത്യക്കിടയാക്കിയെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. മോശവിചാരത്തോടെ മോഡലുകളെ പിന്തുടർന്ന് അപകടത്തിനിടയാക്കിയ സൈജു തങ്കച്ചനാണ് കേസിലെ രണ്ടാം പ്രതി. രണ്ടാം പ്രതിയോടൊന്നിച്ച് യുവതികളെ കെണിയിൽ പെടുത്താൻ ശ്രമിച്ച ഹോട്ടൽ ഉടമ റോയ് വയലാറ്റ് മൂന്നാം പ്രതിയും.
അപകടശേഷം നമ്പർ 18 ഹോട്ടലിലെ ഹാർഡ് ഡിസ്കുകൾ നശിപ്പിച്ച് കേസിലെ തെളിവ് നശിപ്പിച്ചെന്ന കുറ്റവും ഇയാൾക്കെതിരെ ഉണ്ട്. സി.സി.ടി.വി ദൃശ്യങ്ങൾ നശിപ്പിക്കാൻ കൂട്ടുനിന്ന ഹോട്ടൽ ജീവനക്കാരായ വിഷ്ണുകുമാർ, എം.ബി. മെൽവിൻ, ലിൻസൺ റെയ്നോൾഡ്, ഷിജുലാൽ, എ.കെ. അനിൽ എന്നിവരാണ് കേസിലെ നാലുമുതൽ എട്ട് വരെയുള്ള പ്രതികൾ. റോയ് വയലാറ്റിന്‍റെ പ്രേരണയാൽ നമ്പർ 18 ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഇവർ നശിപ്പിച്ചെന്നാണ് ആരോപണം.
സുഹൃത്തുക്കളായ അബ്ദുറഹ്മാനും കൊല്ലപ്പെട്ട ആഷിഖിനും ബോധപൂർവം അമിത അളവിൽ മദ്യം നൽകിയശേഷം മോഡലുകളെ ഉപദ്രവിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. ഇത് മനസ്സിലാക്കിയ മോഡലുകളും സുഹൃത്തുക്കളും ഹോട്ടൽ വിട്ടിറങ്ങിയതിന്‍റെ ദേഷ്യത്തിലാണ് സൈജു മറ്റൊരു കാറിൽ അമിതവേഗത്തിൽ പിന്തുടർന്ന് ഭീഷണിപ്പെടുത്തി ഇവരെ പ്രതിയുടെ താമസ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നാണ് കേസ്. കേസിലെ മുഴുവൻ പ്രതികൾക്കും നേരത്തേ ജാമ്യം ലഭിച്ചിരുന്നു.
കഴിഞ്ഞ നവംബർ ഒന്നിന് പുലർച്ചയാണ് മോഡലുകളായ അൻസി കബീർ (25), അഞ്ജന ഷാജൻ (26), സുഹൃത്ത് തൃശൂർ വെമ്പല്ലൂർ സ്വദേശി മുഹമ്മദ് ആഷിഖ് എന്നിവർ അപകടത്തിൽ മരിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.