ഗർഭിണിയെ കാമുകനും പെൺസുഹൃത്തും ചേർന്ന് കൊന്ന് കായലിൽ തള്ളിയ കേസിൽ വധശിക്ഷ
text_fieldsഅനിത, പ്രബീഷ്, രജനി
ആലപ്പുഴ: കൈനകരിയിൽ ഗർഭിണിയായ യുവതിയെ കായലിൽ തള്ളി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ. പുന്നപ്ര തെക്കേമഠം വീട്ടിൽ അനിത ശശിധരനെ (32) കൊലപ്പെടുത്തിയ കേസിലാണ് ഒന്നാംപ്രതി മലപ്പുറം നിലമ്പൂർ മുതുകോട് പൂക്കോടൻ വീട്ടിൽ പ്രബീഷിനെ (37) ആലപ്പുഴ അഡീഷനൽ ജില്ല സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്.
ലഹരിക്കേസിൽ ഒഡിഷയിൽ ജയിലിൽ കഴിയുന്ന രണ്ടാംപ്രതി കൈനകരി പഞ്ചായത്ത് 10ാം വാർഡിൽ തോട്ടുവാത്തല പടിഞ്ഞാറ് പതിശ്ശേരി വീട്ടിൽ രജനിയുടെ (38) ശിക്ഷ ഇവരെ കോടതിയിൽ ഹാജരാക്കിയശേഷം പിന്നീട് വിധിക്കും.
കാമുകനായ പ്രബീഷും സുഹൃത്ത് രജനിയും ചേർന്നാണ് 2021 ജൂലൈ ഒമ്പതിന് അനിതയെ കൊലപ്പെടുത്തിയത്. പ്രബീഷിനെ ഒന്നാംപ്രതിയും രജനിയെ രണ്ടാംപ്രതിയുമായി നെടുമുടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ അനിതയെ പ്രബീഷും രജനിയും ചേർന്നാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. പള്ളാത്തുരുത്തിക്ക് സമീപം ആറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവമാണ് അന്വേഷണത്തിൽ അരുംകൊലയെന്ന് തെളിഞ്ഞത്.
വിവാഹിതനായ പ്രബീഷ് വിവാഹിതരായ അനിതയും രജനിയുമായി ഒരേസമയം അടുപ്പത്തിലായിരുന്നു. അനിത ഗർഭിണിയായതിന് പിന്നാലെ ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പാലക്കാട് ആലത്തൂരിലെ ഒരു ഫാമിൽ ജോലി ചെയ്യുകയായിരുന്ന അനിതയെ ജൂലൈ ഒമ്പതിന് ആലപ്പുഴയിലേക്ക് വിളിച്ചുവരുത്തി. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ വന്നിറങ്ങിയ അവരെ ഓട്ടോയിൽ രജനിയുടെ കൈനകരിയിലെ വീട്ടിലെത്തിച്ചു. അവിടെവെച്ച് പ്രബീഷ് കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി. നിലവിളി പുറത്ത് കേൾക്കാതിരിക്കാൻ രജനി വായും മൂക്കും അമർത്തിപ്പിടിച്ചു. ബോധരഹിതയായ അനിത കൊല്ലപ്പെട്ടെന്ന് കരുതി ഇരുവരും ചേർന്ന് പൂക്കൈത ആറ്റിൽ ഉപേക്ഷിച്ചെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. കേസ് വേഗത്തിൽ അന്വേഷിച്ച് 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചു. 82 സാക്ഷികളെ വിസ്തരിച്ചു. രജനിയുടെ അമ്മയും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. അഡീഷനൽ ഗവ. പ്ലീഡർ എൻ.ബി. ഷാരിയാണ് പ്രോസിക്യൂഷനുവേണ്ടി ഹാജരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

