ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് മരണം വരെ ശിക്ഷ
text_fieldsപി. സലിം എന്ന സൽമാൻ
കാഞ്ഞങ്ങാട്: ഉറങ്ങിക്കിടന്ന പത്തുവയസ്സുകാരിയെ പടന്നക്കാട്ടെ വീട്ടിൽനിന്ന് എടുത്തുകൊണ്ടുപോയി ക്രൂരമായ പീഡനത്തിനിരയാക്കിയ കേസിലെ പ്രതിക്ക് ജീവപര്യന്തവും മരണംവരെ കഠിനതടവും 35 വർഷം കഠിനതടവും 271000 രൂപ പിഴയും ശിക്ഷ. കാഞ്ഞങ്ങാട് പുഞ്ചാവിയിൽ താമസിച്ചിരുന്ന കർണാടക കുടക് കുഞ്ചില പറമ്പോളിയിലെ പി. സലിം എന്ന സൽമാനെ(38)യാണ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ നാലുവർഷം അധികതടവ് അനുഭവിക്കാനും വിധിച്ചു. ഹോസ്ദുർഗ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി പി.എം. സുരേഷാണ് ശിക്ഷ വിധിച്ചത്.
2024 മേയ് 15ന് പുലർച്ചെ 2.43 മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. പെൺകുട്ടിയുടെ വീട്ടിൽനിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയി ഒന്നര കിലോമീറ്ററോളം നടത്തിച്ച ശേഷം ആളൊഴിഞ്ഞ പറമ്പിൽ അതിക്രൂരമായ രീതിയിൽ ബലാത്സംഗം ചെയ്തതായി തെളിഞ്ഞു. കുട്ടി ധരിച്ചിരുന്ന സ്വർണ കമ്മൽ ഊരിയെടുത്തും ദേഹോപദ്രവം ഏൽപിച്ചതുമെല്ലാം തെളിയിക്കപ്പെട്ടു. കൃത്യത്തിനുശേഷം പുലർച്ചെ 4.45 മണിയോടെ കുട്ടിയെ വീടിനടുത്തുള്ള റോഡിൽ ഉപേക്ഷിച്ച് പ്രതി രക്ഷപ്പെടുകയായിരുന്നു. പശുവിനെ കറക്കാൻ പുറത്തിറങ്ങിയ വല്യച്ഛൻ തുറന്നുവെച്ച വാതിലിലൂടെയായിരുന്നു പ്രതി വീടിന് അകത്തുകടന്നത്.
കേസിലെ രണ്ടാം പ്രതിയായ കുടക് കുഞ്ചില സ്വദേശിനി പി.എ. സുവൈബത്തുൽ അസ്ലാമിയയെ (20) കോടതിപിരിയും വരെ തടവിനും 1000 രൂപ പിഴ അടക്കുന്നതിനും ശിക്ഷിച്ചു. ഒന്നാം പ്രതിയുടെ സഹോദരിയാണ് യുവതി. പ്രതി മോഷ്ടിച്ച ആഭരണം വിൽപന നടത്താൻ സഹായിച്ചെന്നതാണ് യുവതിക്കെതിരെയുള്ള കുറ്റം. ഹോസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന ഇപ്പോഴത്തെ പേരാവൂർ ഡിവൈ.എസ്.പി എം.പി. ആസാദാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി. എ.എസ്.ഐ ശോഭന ലൈസൺ ഓഫിസറായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.