തീർഥാടകരുടെ എണ്ണത്തിൽ കുറവ്; വരുമാനത്തിൽ വൻ ഇടിവ്
text_fieldsകോട്ടയം: ശബരിമലയിലും പ്രധാന ക്ഷേത്രങ്ങളിലും തീർഥാടകരുടെ എണ്ണം നിയന്ത്രിച്ചതോടെ വരുമാനത്തിലും വൻ ഇടിവ്. മണ്ഡല മഹോത്സവം കഴിഞ്ഞതോടെ വരുമാനത്തിലെ ഇടിവ് ദേവസ്വം ബോർഡിനെയും പ്രതിസന്ധിയിലാക്കി. മകരവിളക്ക് കാലത്തും നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തിൽ ബോർഡ് ദൈനംദിന ചെലവുകൾക്കായി സർക്കാറിനെ സമീപിച്ചേക്കും. കഴിഞ്ഞ തീർഥാടനകാലത്ത് 156.60 കോടിയായിരുന്നു വരുമാനം. ഇത്തവണ 10 കോടിയിൽ താഴെയായി ഇത്. ശബരിമലയിൽ ദൈനംദിന പ്രവർത്തനങ്ങൾക്ക് മാത്രം പ്രതിദിനം 50 ലക്ഷം രൂപയാണ് വേണ്ടിവരുന്നത്. 19 ദിവസത്തെ ചെലവിനുള്ള വരുമാനം മാത്രമാണ് ഇതുവരെ ലഭിച്ചത്.
അതിനിടെ കർശന നിയന്ത്രണങ്ങളോടെ എരുമേലിയിൽ പേട്ടതുള്ളലിന് അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങൾക്ക് അനുമതി. ഒാരോ സംഘത്തിനും 50 പേരെ വീതം പങ്കെടുപ്പിക്കാം.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് എൻ. വാസുവിെൻറ അധ്യക്ഷതയിൽ എരുമേലിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പേട്ടതുള്ളലിന് നേതൃത്വം നൽകുന്ന രണ്ട് സംഘങ്ങളുടെയും പെരിയസ്വാമിമാർക്ക് പ്രായപരിധിയിൽ ഇളവ് നൽകും. എന്നാൽ, മറ്റുള്ളവർ 60ലധികം പ്രായമുള്ളവരായിരിക്കരുത്. മാസ്ക് ധരിച്ചും സമൂഹ അകലം പാലിച്ചുമായിരിക്കണം പേട്ടതുള്ളൽ. മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താനുള്ള ചുമതല ആരോഗ്യവകുപ്പിനാണ്. പേട്ടതുള്ളൽ മുതൽ ശബരിമല ദർശനം വരെയുള്ള ചടങ്ങുകൾക്ക് കൂടുതൽ ദിവസങ്ങൾ വേണ്ടിവരുന്നതിനാൽ പേട്ടതുള്ളാനെത്തുന്നവർ രണ്ടുവട്ടം കോവിഡ് പരിശോധന നടത്തണം. ഇതിനുള്ള സംവിധാനം എരുമേലിയിൽ ഏർപ്പെടുത്തും. ബോർഡ് അംഗം െക.എസ്. രവി, കമീഷനർ ബി.എസ്. തിരുമേനി എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.