ദീപ്തി, മിനി, ഷൈനി; കോൺഗ്രസിന്‍റെ കൊച്ചി മേയർ ആരാകും?
text_fieldsകൊച്ചി: തകർപ്പൻ വിജയം നേടിയ കൊച്ചി കോർപറേഷനിൽ മേയർ ആരാകണമെന്ന ചർച്ചയിലേക്ക് കടന്ന് യു.ഡി.എഫ്. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ദീപ്തി മേരി വർഗീസ്, മഹിള കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷ മിനി മോൾ, കൗൺസിലർ ഷൈനി മാത്യു എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.
മൂന്നു പേരിൽ ദീപ്തി മേരി വർഗീസിനാണ് മുൻതൂക്കം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ അധ്യക്ഷതയിൽ ഇന്നും നാളെയും ചേരുന്ന നേതൃയോഗത്തിലാണ് അന്തിമ തീരുമാനം എടുക്കുക. സമുദായ പരിഗണന കൂടി പരിഗണിച്ചാകും മേയറെ തെരഞ്ഞെടുക്കുക.
കൊച്ചി മേയർ സംബന്ധിച്ച് തർക്കമില്ലെന്നും പാർട്ടിക്ക് വിധേയമായി പ്രവർത്തിക്കുന്ന ആൾ പദവിയിൽ എത്തുമെന്നും ഡി.സി.സി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് പ്രതകരിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ അധ്യക്ഷതയുള്ള യോഗത്തിൽ അന്തിമ തീരുമാനമാകുമെന്നും മുഹമ്മദ് ഷിയാസ് വ്യക്തമാക്കി.
സ്ഥാനാർഥിത്വം കൊടുത്തവരെല്ലാം പാർട്ടിക്ക് മുകളിലല്ല. സാമുദായിക പരിഗണന മേയർ പദവിയിലേക്കുള്ള ഘടകമല്ലെന്നും ഷിയാസ് പറഞ്ഞു.
കൊച്ചി മേയർ വിഷയത്തിൽ പ്രതികരിച്ച് ദീപ്തി മേരി വർഗീസ് രംഗത്തെത്തി. മേയറെ കോൺഗ്രസ് നേതൃത്വം തീരുമാനിക്കുമെന്ന് ദീപ്തി പറഞ്ഞു. മേയർ പദവിയിലേക്ക് മതേതര കാഴ്ചപ്പാടും സാമുദായിക സമവാക്യങ്ങളും പരിഗണിക്കും. പാർട്ടിക്ക് വിധേയയായി പ്രവർത്തിക്കുന്നവരാണ് മേയർ ആകേണ്ടതെന്നും ദീപ്തി വ്യക്തമാക്കി.
മേയർ സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിക്കുന്നില്ല. പാർട്ടി തീരുമാനത്തെ പിന്തുണക്കും. യു.ഡി.എഫ് ഭരണത്തിൽ വരണമെന്നും കൊച്ചിക്ക് വികസന മുന്നേറ്റം ഉണ്ടാകണമെന്നും ജനങ്ങൾ ആഗ്രഹിക്കുന്നുവെന്നും ദീപ്തി മേരി വർഗീസ് പറഞ്ഞു.
കൊച്ചി കോർപറേഷനിലെ 76 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് 46 സീറ്റും എൽ.ഡി.എഫ് 20 സീറ്റും എൻ.ഡി.എ 6 സീറ്റും മറ്റുള്ളവർ 4 സീറ്റും നേടി. 2020ലെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 31 സീറ്റിലും എൽ.ഡി.എഫ് 34 സീറ്റിലും എൻ.ഡി.എ 5 സീറ്റിലും മറ്റുള്ളവർ 4 സീറ്റിലും വിജയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

