ശബരിമല സ്വര്‍ണക്കൊള്ള: പ്രതിഭാഗം വക്കീൽ ഇനി സർക്കാർ അഭിഭാഷകൻ
text_fieldsതിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതിഭാഗം അഭിഭാഷകനെ സര്‍ക്കാര്‍ വക്കീലായി നിയമിച്ചു. കേസില്‍ ആരോപണ വിധേയരായ സ്മാർട്ട് ക്രിയേഷന്‍സ് അഭിഭാഷകനായിരുന്ന കെ.ബി. പ്രദീപിനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിച്ചതിന്റെ ഉത്തരവ് പുറത്തിറങ്ങി. സ്പെഷല്‍ ഗവണ്മെന്റ് പ്ലീഡര്‍ പദവിയിലാണ് നിയമിച്ചത്.
അതേസമയം, നിയമനത്തില്‍ ന്യായീകരണവുമായി ദേവസ്വം മന്ത്രി കെ. മുരളീധരന് രംഗത്തെത്തി. നിയമനം നടത്തിയത് മുഖ്യമന്ത്രിയാണ്. അതിനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. അതില്‍ താന്‍ ഇടപെടില്ല. പ്രതിയുടെ ദൗര്‍ബല്യം അറിയുന്ന ഒരാള്‍ അഭിഭാഷകനായി വരുന്നത് നല്ലതല്ലേയെന്നും മന്ത്രി ചോദിച്ചു.
അതിനിടെ, സ്വർണക്കൊള്ള അന്വേഷണത്തിന്റെ ഭാഗമായി ശ്രീകോവിലിലെ പ്രഭാമണ്ഡലത്തിലെ തകിടുകളും വാതിലിന്റെ മുകൾഭാഗത്തെ പാളികളും അഴിച്ച് സാമ്പിളുകൾ ശാസ്ത്രീയ പരിശോധനക്ക് അയക്കാൻ ഹൈകോടതി ദേവസ്വം ബെഞ്ച് എസ്.ഐ.ടിക്ക് അനുമതി നൽകിയിട്ടുണ്ട്. പത്തു ദിവസത്തിനകം പരിശോധന പൂർത്തിയാക്കണമെന്നാണ് നിർദേശം.
2019ൽ ചെന്നൈ സ്മാർട്ട് ക്രിയേഷൻസിൽ വച്ച് ലോഹപ്പാളികളിൽ നിന്ന് സ്വർണം വേർതിരിച്ചെടുത്തതായി ജംഷഡ്പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലാബിലെ പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു.
ഇതിനായി പ്രതികൾ ഉപയോഗിച്ച രാസവസ്തുവും (സ്ട്രിപ്പിംഗ് സാൾട്ട്) ശാസ്ത്രീയമായി പരിശോധിക്കും. സ്വർണം ഊറ്റിയതിന്റെ രീതി മനസിലാക്കാൻ ഇത് നിർണായകമാണ്.
അന്വേഷണസംഘാംഗമായ ഇൻസ്പെക്ടർ പി.ബി. അനീഷിനെ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടേറിയറ്റിലേക്ക് നിയോഗിച്ചതിനാൽ അദ്ദേഹത്തെ അന്വേഷണ സംഘത്തിൽനിന്ന് ഒഴിവാക്കാൻ കോടതി അനുമതി നൽകി. കേസ് വീണ്ടും 18ന് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

