തൃശൂരിൽ ലുലു മാൾ നിർമാണം വൈകുന്നതിന് പിന്നിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ ഇടപെടൽ -എം.എ. യൂസഫലി
text_fieldsതൃശൂർ: തൃശൂരിൽ ലുലു മാളിന്റെ നിർമാണം വൈകുന്നതിന് പിന്നിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ ഇടപെടലാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. ഒരു രാഷ്ട്രീയ പാർട്ടിയിലെ വ്യക്തി നൽകിയ അനാവശ്യമായ കേസ് കാരണമാണ് രണ്ടര വർഷം മുമ്പ് ആരംഭിക്കേണ്ടിയിരുന്ന പദ്ധതി മുന്നോട്ട് കൊണ്ടുപോകാനാവാത്തതെന്നും അദ്ദേഹം പറഞ്ഞു. ചിയ്യാരത്ത് തൃശൂർ മാനേജ്‌മെന്റ് അസോസിയേഷൻ (ടി.എം.എ) ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂവായിരത്തോളം പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കുമായിരുന്ന ബൃഹത്തായ പദ്ധതിയാണ് ഇതോടെ പ്രതിസന്ധിയിലായത്. മാളിനായി സ്ഥലം ഏറ്റെടുത്ത് നിർമാണത്തിന്റെ പ്രാരംഭ ഘട്ടത്തിലെത്തിയപ്പോഴാണ് കേസ് വന്നത്. രണ്ടര വർഷമായി കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. രാജ്യത്ത് പുതിയ സംരംഭങ്ങൾ തുടങ്ങുമ്പോൾ പലതരം പ്രതിസന്ധികൾ നേരിടേണ്ടി വരും. നിയമപരമായ തടസ്സങ്ങൾ നീങ്ങുന്ന മുറയ്ക്ക് തൃശൂരിലെ മാൾ യാഥാർഥ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ അറിയപ്പെടുന്ന ഒട്ടുമിക്ക വ്യവസായികളും തൃശൂരിന്റെ സംഭാവനയാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ തലമുറക്ക് പ്രൊഫഷണൽ മികവ് നൽകുന്നതിൽ തൃശൂർ മാനേജ്‌മെന്റ് അസോസിയേഷന്റെ പങ്ക് ശ്ലാഘനീയമാണ്. വ്യവസായ രംഗത്ത് മുന്നേറുമ്പോഴും മാതാപിതാക്കളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം യുവതലമുറയെ ഓർമ്മിപ്പിച്ചു.
ടി.എം.എ പ്രസിഡന്റ് സി. പത്മകുമാർ അധ്യക്ഷത വഹിച്ചു. മണപ്പുറം ഗ്രൂപ്പ് ചെയർമാൻ വി.പി. നന്ദകുമാർ, ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ കെ. പോൾ തോമസ്, ടി.എസ്. അനന്തരാമൻ, വി. വേണുഗോപാൽ, ടി.ആർ. അനന്തരാമൻ, സിജോ പോന്നോർ, പി.കെ. ഷാജി എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.