കോടതി അനുമതിയില്ലാതെ ഡയറ്റിലെ ഡെപ്യൂട്ടേഷൻ ലെക്ചറർമാരെ സ്ഥിരപ്പെടുത്തരുതെന്ന് ഹൈകോടതി
text_fieldsകൊച്ചി: ഡയറ്റിൽ (ഡിസ്ട്രിക്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷൻ ആൻഡ് ട്രെയിനിങ്) 89 ലെക്ചറർമാരെ ഹൈകോടതിയുടെ അനുമതിയില്ലാതെ സ്ഥിരപ്പെടുത്തരുതെന്ന് ഡിവിഷൻബെഞ്ച്. ഡെപ്യൂട്ടഷൻ വ്യവസ്ഥയിൽ നിയമിതരായ ലെക്ചറർമാരുടെ സ്ഥിരപ്പെടുത്തൽ ആവശ്യം പരിഗണിക്കണമെന്ന കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിന്റെ (കെ.എ.ടി) നിർദേശം ചോദ്യംചെയ്ത് പി.എസ്.സി ഉദ്യോഗാർഥികൾ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ ഉത്തരവ്.
2021ൽ നിയമനചട്ടങ്ങൾ നിലവിൽവന്നപ്പോഴാണ് സ്ഥിരപ്പെടുത്തൽ അവശ്യവുമായി ഡെപ്യൂട്ടേഷൻ ലെക്ചറർമാർ കെ.എ.ടിയെ സമീപിച്ചത്. ഇവരുടെ ആവശ്യത്തിൽ കൃത്യമായ മറുപടി സർക്കാർ നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്ഥിര നിയമനം സംബന്ധിച്ച് തീരുമാനമെടുക്കാൻ കെ.എ.ടി സർക്കാറിന് നിർദേശം നൽകിയത്. ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കുന്നതുവരെ ഇവർ ജോലി ചെയുന്ന 89 ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യരുതെന്നും കെ.എ.ടി നിർദേശിച്ചിരുന്നു.
ഉദ്യോഗാർഥികളുടെ അവകാശങ്ങളെ ഹനിക്കുന്ന രീതിയിൽ സ്ഥിരപ്പെടുത്തൽ ഉത്തരവ് പാസാക്കരുതെന്നാവശ്യപ്പെട്ട് ഉദ്യോഗാർഥികൾ മുഖ്യമന്ത്രിയെ അടക്കം സമീപിക്കുകയും നിവേദനങ്ങൾ നൽകുകയും ചെയ്തിരുന്നു. ഇതിനിടെ സ്ഥിരനിയമനവുമായി ബന്ധപ്പെട്ട നടപടി സർക്കാർ സ്വീകരിക്കുകയാണെന്നാരോപിച്ചാണ് പി.എസ്.സി ഉദ്യോഗാർഥികൾ ഹൈകോടതിയെ സമീപിച്ചത്.
2018ൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ 89 ലെക്ചറർമാരെ നിയമിച്ചപ്പോൾ ഒരുവർഷത്തേക്കോ സ്ഥിരം നിയമനം നടക്കുന്നതുവരെയോ എന്ന് ഉത്തരവിൽ കൃത്യമായി രേഖപ്പെടുത്തിയിരുന്നതായി ഹരജിയിൽ പറയുന്നു. ഡെപ്യൂട്ടേഷൻ കാലയളവ് നീട്ടിനൽകിയപ്പോഴും ഈ വ്യവസ്ഥകൾ ഉൾപ്പെടുത്തിയിരുന്നു.
നിയമന പ്രക്രിയ പി.എസ്.സിക്ക് കൈമാറിയ തസ്തികകളിലാണ് ഡെപ്യൂട്ടേഷൻ ലെക്ചറർമാരെ സ്ഥിരപ്പെടുത്താൻ നീക്കം നടക്കുന്നത്. നിയമപരമായി ഒരുതരത്തിലും സ്ഥിരനിയമനത്തിന് അർഹതയില്ലാത്തവരാണ് ഡെപ്യൂട്ടേഷനിൽ നിയമിക്കപ്പെട്ടവരെന്നും അഡ്വ. നവനീത് കൃഷ്ണൻ മുഖേന നൽകിയ ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ് സ്ഥിരനിയമനം കോടതി അനുമതിയോടെ വേണമെന്ന് ഡിവിഷൻബെഞ്ച് ഉത്തരവിട്ടത്. എതിർ കക്ഷികൾക്ക് നോട്ടീസ് ഉത്തരവായ കോടതി തുടർന്ന് ഹരജി വീണ്ടും 26ന് പരിഗണിക്കാൻ മാറ്റി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.