‘കമ്യൂണിസ്റ്റുകാരെ മരണാനന്തരം വിശുദ്ധരെന്ന് പ്രഖ്യാപിക്കുന്നത് വലതുപക്ഷ സമീപനം’; വി.എസ് അവസാനത്തെ കമ്യൂണിസ്റ്റെന്ന് പ്രചരിപ്പിച്ചത് തെറ്റായ പ്രവണതയെന്ന് എം.വി. ഗോവിന്ദൻ
text_fieldsതിരുവനന്തപുരം: വി.എസ് അവസാനത്തെ കമ്യൂണിസ്റ്റാണെന്ന രീതിയിലുണ്ടായ പ്രചാരണം തെറ്റായ പ്രവണതയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മുമ്പും നേതാക്കൾ അന്തരിച്ചപ്പോൾ ഇത്തരം പ്രചാരണങ്ങളുണ്ടായിട്ടുണ്ട്. എ.കെ.ജിയും ഇ.എം.എസുമെല്ലാം നമ്മെ വിട്ടുപിരിഞ്ഞപ്പോൾ ഇത്തരം പ്രചാരണങ്ങൾ നടന്നു. ജീവിച്ചിരിക്കുമ്പോൾ കമ്യൂണിസ്റ്റുകാരെ അധിക്ഷേപിക്കുകയും മരണാനന്തരം വിശുദ്ധരാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന രീതി വലതുപക്ഷം സ്വീകരിക്കുന്ന സമീപനമാണ്. വി.എസിന്‍റെ അന്തിമോപചാര ചടങ്ങുകൾ ജനങ്ങളിലേക്ക് എത്തിക്കാൻ മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായ സമീപനത്തിന് നന്ദി അറിയിക്കുന്നുവെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
“കേരളത്തിലെ ജനങ്ങൾ വി.എസിനെ എത്രത്തോളം സ്നേഹിക്കുന്നു എന്നതിന്‍റെ ദൃഷ്ടാന്തമാണ് ജനലക്ഷങ്ങൾ അണിനിരന്ന വിലാപയാത്ര. സ്ത്രീകളും കുട്ടികളും ചെറുപ്പക്കാരുമുൾപ്പെടെ വിലാപയാത്രയിൽ രാപകൽ വ്യത്യാസമില്ലാതെ ഭാഗമായി. പുതിയ തലമുറ രാഷ്ട്രീയത്തിൽനിന്ന് അകലുന്നുവെന്ന അഭിപ്രായങ്ങൾ തള്ളിക്കളയുന്ന കാഴ്ചയാണുണ്ടായത്. വി.എസിന്‍റെ അന്തിമോപചാര ചടങ്ങുകൾ ജനങ്ങളിലേക്ക് എത്തിക്കാൻ മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായ സമീപനത്തിന് നന്ദി അറിയിക്കുന്നു. എന്നാൽ തെറ്റായ ചില പ്രവണതകളും ഉയർന്നുവന്നു.
വി.എസ് അവസാനത്തെ കമ്യൂണിസ്റ്റാണെന്ന പ്രചാരണമാണ് അതിൽ പ്രധാനം. മുമ്പും നേതാക്കൾ അന്തരിച്ചപ്പോൾ ഇത്തരം പ്രചാരണങ്ങളുണ്ടായിട്ടുണ്ട്. എ.കെ.ജിയും ഇ.എം.എസുമെല്ലാം നമ്മെ വിട്ടുപിരിഞ്ഞപ്പോൾ ഇത്തരം പ്രചാരണങ്ങൾ നടന്നു. ജീവിച്ചിരിക്കുമ്പോൾ കമ്യൂണിസ്റ്റുകാരെ അധിക്ഷേപിക്കുകയും മരണാനന്തരം വിശുദ്ധരാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന രീതി വലതുപക്ഷം പൊതുവെ സ്വീകരിക്കുന്ന സമീപനമാണ്. ആശയങ്ങളിലൂടെയാണ് നേതാക്കൾ ആളുകളിലേക്ക് എത്തുന്നത്. വി.എസിനെ നയിച്ചത് ജനാധിപത്യ വിപ്ലവം എന്ന ആശയമാണ്. സോഷ്യലിസവും കമ്യൂണിസവും കെട്ടിപ്പടുക്കാനാണ് അദ്ദേഹം ശ്രമിച്ചത്.
വി.എസ് മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ എന്നാണ് വിലാപയാത്രയിൽ അണിനിരന്നവർ വിളിച്ചുപറഞ്ഞത്. ഇത് ശരിയാണ്. സി.പി.എമ്മിന്‍റെ സ്വപ്നം തന്നെയാണ് വി.എസിന്‍റെയും സ്വപ്നവും ലക്ഷ്യവും. അദ്ദേഹത്തിന്‍റെ ആശയങ്ങൾ നമുക്കൊപ്പമുണ്ട്. അനശ്വരനായി അദ്ദേഹം നമുക്കൊപ്പം ജീവിക്കുന്നു. സ്വപ്നങ്ങൾ തലമുറകൾ കൈമാറി ലക്ഷ്യം കൈവരിക്കുക തന്നെ ചെയ്യും. വി.എസിന്‍റെ അനുസ്മരണാർഥം ആഗസ്റ്റ് ഒന്നിന് തിരുവനന്തപുരത്ത് വിപുലമായ അനുസ്മരണ യോഗം സംഘടിപ്പിക്കും. ആഗസ്റ്റ് 10 വരെ വിവിധ ഘടകങ്ങളിൽ അനുസ്മരണ യോഗങ്ങൾ സംഘടിപ്പിക്കും” -എം.വി. ഗോവിന്ദൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.