ശബരിമലയിൽ പ്രസംഗത്തിനിടെ ദേവസ്വം ബോർഡ് പ്രസിഡൻറിന് ദേഹാസ്വാസ്ഥ്യം
text_fieldsശബരിമല: ശബരിമല സന്നിധാനത്ത് നടന്ന ഹരിവരാസന പുരസ്കാര വേദിയിൽ ദേവസ്വം ബോർഡ് പ്രസിഡൻറ് പി.എസ് പ്രശാന്തിന് ദേഹാസ്വാസ്ഥ്യം. ഈ വർഷത്തെ ഹരിവരാസന പുരസ്കാരത്തിന് അർഹനായ കൈതപ്രം ദാമോദരൻ നമ്പൂതിരി അവാർഡ് കൈമാറുന്നതിനായി സന്നിധാനം ശ്രീധർമ്മശാസ്താ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിന് ഇടയാണ് പ്രസിഡന്റിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
സമ്മേളനത്തിൽ സ്വാഗതപ്രസംഗത്തിനിടെ പ്രസിഡന്റിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് പ്രസംഗം നിർത്തി. കുഴഞ്ഞുവീഴാൻ ഒരുങ്ങിയ പ്രസിഡന്റിനെ ബോർഡ് അംഗം അഡ്വ. എ അജികുമാറും ശബരിമല പി.ആർ.ഒ അരുൺ കുമാറും ചേർന്ന് താങ്ങിപ്പിടിച്ച് കസേരയിലേക്ക് ഇരുത്തുകയായിരുന്നു. ശേഷം ബോർഡ് അംഗം അജികുമാർ സ്വാഗത പ്രസംഗം പൂർത്തിയാക്കി.
ഏതാനും മിനിറ്റ് നേരത്തേക്ക് വേദി വിട്ട പ്രസിഡന്റ് മന്ത്രി വി.എൻ വാസവൻ സമ്മേളനം ഉദ്ഘാടനം ചെയ്യും മുമ്പ് തിരികെയെത്തി ചടങ്ങിൽ ആദ്യാവസാനം പങ്കെടുത്തു. തുടർച്ചയായി ഉറക്കമിളിച്ചത് മൂലം സംഭവിച്ച ആരോഗ്യ പ്രശ്നങ്ങളാണ് ദേഹാസ്വാസ്ഥ്യത്തിന് ഇടയാക്കിയതെന്നാണ് ലഭിക്കുന്ന വിവരം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.