പാതിവില തട്ടിപ്പിൽ റിട്ട. ജഡ്ജിക്കെതിരെ കേസ്: പ്രാഥമികാന്വേഷണം നടത്തിയോ? റിപ്പോർട്ട് തേടി ഡി.ജി.പി
text_fieldsതിരുവനന്തപുരം: പാതിവില തട്ടിപ്പിൽ റിട്ട.ഹൈകോടതി ജഡ്ജി ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ പ്രതിയാക്കുന്നതിന് മുമ്പ് പ്രാഥമികാന്വേഷണം നടത്തിയിരുന്നുവോയെന്നും തെളിവുകളുടെ അടിസ്ഥാനത്തിലാണോ കേസിൽ പ്രതിചേർത്തതെന്നും വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം ജില്ല പൊലീസ് മേധാവിക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ നോട്ടീസ്.
പാതിവില തട്ടിപ്പ് കേസിൽ ജസ്റ്റിസ് ജഡ്ജി രാമചന്ദ്രൻ നായർക്കെതിരേ കേസെടുത്തിൽ ഹൈകോടതി ആശങ്ക അറിയിച്ചതിന് പിന്നാലെ, സംസ്ഥാന പൊലീസ് മേധാവിക്കും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്കും ഹൈകോടതി അഭിഭാഷകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മലപ്പുറം എസ്.പിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിലെ പരാതിയിലാണ് ജസ്റ്റിസ് രാമചന്ദ്രൻ നായരെ മൂന്നാം പ്രതിയാക്കി കേസെടുത്തിരിക്കുന്നത്. ആനന്ദകുമാർ ഒന്നാംപ്രതിയും അനന്തുകൃഷ്ണൻ രണ്ടാംപ്രതിയും തട്ടിപ്പിനു മുഖ്യപങ്കുവഹിച്ച നാഷനൽ എൻ.ജി.ഒ കോൺഫെഡറേഷന്‍റെ രക്ഷാധികാരി എന്ന നിലയിൽ ജസ്റ്റിസ് രാമചന്ദ്രൻ നായരെ മൂന്നാംപ്രതിയുമാക്കിയാണ് പെരിന്തൽമണ്ണ പൊലീസ് കേസെടുത്തിരിക്കുന്നത്.
സർക്കാർ നിയോഗിച്ച അന്വേഷണ കമീഷനായി പ്രവർത്തിക്കുന്ന റിട്ട. ജഡ്ജിമാർക്കെതിരേ സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് പരാതി ലഭിച്ചാൽ കൃത്യമായ പ്രാഥമിക പരിശോധന നടത്തി തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ കേസുകൾ രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളൂ. ആരോപണവിധേയരായവരുടെ ഭാഗം കേൾക്കുകയും പരിശോധിക്കുകയും ചെയ്യണം. സിറ്റിങ് ജഡ്ജിമാരെ പോലെ റിട്ട. ജഡ്ജിമാർക്കും ഇത്തരം പരിഗണനക്ക് അർഹതയുണ്ട്.
എന്നാൽ പാതിവില തട്ടിപ്പ് കേസിൽ ജസ്റ്റിസ് രാമചന്ദ്രൻ നായർക്കെതിരെ പ്രാഥമികാന്വേഷണമോ പരിശോധനകളോ നടത്താതെയാണ് കേസെടുത്തിരിക്കുന്നതെന്നും ഈ സാഹചര്യത്തിൽ അദ്ദേഹത്തെ കേസിൽ പ്രതിചേർത്തതിന് പിന്നിൽ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന ഉണ്ടോയെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് അഭിഭാഷകന്‍റെ പരാതി.
ശരിയായ പരിശോധന നടത്തിയോയെന്ന് ഹൈകോടതി
കൊച്ചി: പാതിവില തട്ടിപ്പ് കേസിൽ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർക്കെതിരെ ശരിയായ പരിശോധനയുടെ അടിസ്ഥാനത്തിലാണോ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതെന്ന് ഹൈകോടതി. ഹൈകോടതിയിൽനിന്ന് വിരമിച്ച ഭരണഘടന ചുമതല വഹിച്ചിരുന്നയാൾക്കെതിരെ ഇത്തരത്തിൽ കേസെടുക്കുന്നത് പൊതുജനത്തിന് നീതിന്യായ സംവിധാനത്തിലുള്ള വിശ്വാസം നഷ്ടമാക്കാൻ ഇടയാക്കില്ലേയെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി. കൃഷ്ണകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ആരാഞ്ഞു. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ പെരിന്തൽമണ്ണ പൊലീസ് പ്രതിയാക്കി കേസെടുത്തതിനെതിരെ അഭിഭാഷകൻ സൈജോ ഹസൻ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയാണ് കോടതി പരിഗണിച്ചത്.
ശരിയായ പരിശോധന നടത്താതെ കേസെടുത്തത് അസ്വസ്ഥതയുണ്ടാക്കുന്നതായി കോടതി അഭിപ്രായപ്പെട്ടു. ഇതിനെ നിസ്സാരമായി കാണാനാകില്ല. നീതിന്യായ സംവിധാനത്തിന് ഹാനിയുണ്ടാക്കുന്നതാണിത്. മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വലിയ ചർച്ചയാണ് നടക്കുന്നത്. ഇത് വ്യക്തിയെയല്ല, നീതിന്യായ സംവിധാനത്തെയാണ് ബാധിക്കുക.
പിന്നീട് എങ്ങനെയാണ് ഇതിന് പരിഹാരം കാണാനാവുക. ചികിത്സപ്പിഴവിന്‍റെയും മറ്റും പേരിൽ ക്രിമിനൽ കേസിൽ ഉൾപ്പെടുത്തുന്നതിൽനിന്ന് ഡോക്ടർമാർക്ക് സംരക്ഷണം നൽകുന്നുണ്ട്. എന്നാൽ, ഭരണഘടന ചുമതല വഹിച്ചിരുന്നവരുടെ കാര്യത്തിൽ ഇത്തരത്തിലൊരു മാർഗരേഖയില്ലെന്നും കോടതി പറഞ്ഞു. മലപ്പുറം സ്വദേശി ഡാനിമോൻ നൽകിയ പരാതിയിലാണ് ജ. രാമചന്ദ്രൻ നായരെ മൂന്നാം പ്രതിയാക്കി കേസെടുത്തത്. ഇക്കാര്യത്തിൽ സ്വീകരിക്കേണ്ട തുടർ നടപടിയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും ഇതിനായി ഹരജി നൽകേണ്ടതില്ലെന്നും സർക്കാറിനുവേണ്ടി ഹാജരായ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ (ഡി.ജി.പി) വ്യക്തമാക്കി. തുടർന്ന്, സർക്കാർ നിലപാട് തേടിയ കോടതി, ഹരജി ഫെബ്രുവരി 25ന് വീണ്ടും പരിഗണിക്കാൻ മാറ്റി. മുനമ്പം ഭൂമി വിഷയത്തിലെ അന്വേഷണക്കമീഷനാണ് റിട്ട. ജ. രാമചന്ദ്രൻ നായർ.
അന്വേഷണത്തിന് ഉത്തരവ്
കൊച്ചി: മുനമ്പം അന്വേഷണക്കമീഷനായി നിയോഗിക്കപ്പെട്ട റിട്ട. ഹൈകോടതി ജഡ്ജി ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ പാതിവില തട്ടിപ്പ് കേസിൽ പ്രതിയാക്കിയതിനെതിരായ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് എ.ഡി.ജി.പി. ഹൈകോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് നൽകിയ പരാതിയിലാണ് ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പിയുടെ നടപടി.
അന്വേഷണക്കമീഷനായി പ്രവർത്തിക്കുന്ന റിട്ട. ജഡ്ജിമാർക്കെതിരെ സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച പരാതി ലഭിച്ചാൽ കൃത്യമായ പ്രാഥമിക പരിശോധന നടത്തി തെളിവുകളുടെ അടിസ്ഥാനത്തിലേ പ്രതിചേർക്കാനാകൂ. ഇതൊന്നും പാലിക്കാതെ രാമചന്ദ്രൻ നായരെ മൂന്നാം പ്രതിയാക്കിയതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നാണ് ആവശ്യം. പരാതി അടിയന്തര സ്വഭാവത്തിൽ പരിശോധിച്ച് ആവശ്യമായ അന്വേഷണം നടത്താനാണ് എ.ഡി.ജി.പിയുടെ നിർദേശം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.