ഭിന്നശേഷിക്കാരിയായ സഹോദരിയെ കൊന്ന് സഹോദരൻ മരിച്ചു
text_fieldsഇന്ദിര, അപ്പു
തൃശൂർ: ചിറ്റിശ്ശേരിയിൽ ഭിന്നശേഷിക്കാരിയായ സഹോദരിയെ കൊലപ്പെടുത്തി സഹോദരൻ ജീവനൊടുക്കി. ചിറ്റിശ്ശേരി സ്വദേശിനി ഇന്ദിര (64), സഹോദരൻ അപ്പു (57) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്ദിരയെ കൈ ഞരമ്പ് മുറിച്ചാണ് കൊലപ്പെടുത്തിയത്.
ഇന്ദിര ഭിന്നശേഷിക്കാരിയാണ്. ചുമട്ടുതൊഴിലാളിയുമാണ് അപ്പു. ഭാര്യയും മൂന്നു മക്കളുമുണ്ട്. ഭിന്നശേഷിക്കാരിയായ സഹോദരിയെ പരിപാലിക്കാനുള്ള പ്രയാസമാകാം കൊലയ്ക്ക് കാരണമെന്ന നിഗമനത്തിലാണ് പൊലീസ്.
ഭിന്നശേഷിക്കാരിയായ മകളെ കൊന്ന് അമ്മ ജീവനൊടുക്കി
മംഗളൂരു: കുന്താപുരം താലൂക്കിലെ ഷാനദി കൊറഗ കോളനിയിൽ ഞായറാഴ്ച ഭിന്നശേഷിക്കാരിയായ മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു. ഷാനടി കൊറഗ കോളനിയിലെ താമസക്കാരനായ സുധാകറിന്റെ ഭാര്യ നേത്രാവതി (34), മകൾ സുപ്രതി (14) എന്നിവരാണ് മരിച്ചത്.
കൂലിപ്പണി ചെയ്താണ് സുധാകർ കുടുംബം പുലർത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ജന്മനാ ഭിന്നശേഷിക്കാരിയായ സുപ്രതി നടക്കാനോ ഇരിക്കാനോ സംസാരിക്കാനോ കഴിയാതെ കിടപ്പിലായിരുന്നു. നേത്രാവതി അവരെ പരിചരിച്ചു വരികയായിരുന്നു. ദമ്പതികൾക്ക് ഒരു വയസ്സുള്ള മകനുമുണ്ട്.
ഞായറാഴ്ച സുധാകർ ജോലിക്ക് പോയ ശേഷം നേത്രാവതി വീട്ടുജോലികൾ പൂർത്തിയാക്കി മകളെ വടിവാൾ ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി തുടർന്ന് തൂങ്ങിമരിച്ചതായാണ് പ്രാഥമിക വിവരമെന്ന് പൊലീസ് പറഞ്ഞു.
കുന്താപുരം സബ് ഡിവിഷൻ ഡിവൈഎസ്പി എച്ച്.ഡി. കുൽക്കർണി, ബ്രഹ്മവർ സർക്കിൾ ഇൻസ്പെക്ടർ ഗോപികൃഷ്ണ, കോട്ട പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആർ. പ്രവീൺ കുമാർ, ക്രൈം സീൻ ഓഫീസർമാരുടെ സംഘം എന്നിവർ സംഭവസ്ഥലം സന്ദർശിച്ച് പരിശോധന നടത്തി.

