കൊടിസുനിയുടെ ബന്ധുക്കളോടും ഡി.ഐ.ജി വിനോദ് കുമാർ കോഴ വാങ്ങി; പണം വാങ്ങിയത് ഗൂഗ്ൾ പേ വഴി
text_fieldsതിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് കുറ്റവാളിയായ ജയിലിൽ കഴിയുന്ന കൊടിസുനിയുടെ ബന്ധുക്കളിൽനിന്ന് ജയിൽ ആസ്ഥാനത്തെ ഡി.ഐ.ജി വിനോദ് കുമാർ കോഴ വാങ്ങിയതായി റിപ്പോർട്ട്. ഗൂഗ്ള്‍ പേ വഴിയാണ് സുനിയുടെ അടുത്ത ബന്ധുവിൽ നിന്നും വിനോദ് കുമാർ പണം വാങ്ങിയത്. സുനിയടക്കം എട്ട് തടവുകാരുടെ ബന്ധുക്കളിൽ നിന്നും ഡി.ഐ.ജി നേരിട്ട് പണം വാങ്ങിയതിന്റെ തെളിവുകള്‍ വിജിലൻസിന് ലഭിച്ചു. തുടർന്ന് ഇന്നലെ കേസെടുത്തിരുന്നു. എ.ഡി.ജി.പി കഴിഞ്ഞാൽ തൊട്ടടുത്ത പ്രധാന പദവിയിലുള്ള ഉദ്യോഗസ്ഥനാണ് ഡി.ഐ.ജി വിനോദ് കുമാർ. കേസെടുത്ത പശ്ചാത്തലത്തിൽ നടപടിയുണ്ടാകും.
നിലവിൽ ജയിൽ കോഴക്കേസിൽ അന്വേഷണം നേരിടുകയാണ് ഡിഐജി വിനോദ് കുമാർ. ജയിലിൽ സൗകര്യങ്ങളൊരുക്കാനും പരോൾ ലഭിക്കാനുമാണ് തടവുകാരുടെ ബന്ധുക്കളിൽ നിന്നും ഡി.ഐ.ജി പണം വാങ്ങിയത്. വിനോദ് കുമാറിന്റെ വഴിവിട്ട നടപടികൾ മാസങ്ങളായി വിജിലൻസ് നിരീക്ഷിച്ചുവരുകയായിരുന്നു.
ഗൂഗിൾ പേ വഴി വിനോദ് കുമാറിന്റെയും ഭാര്യയുടെയും അക്കൗണ്ടിലേക്ക് പണം വാങ്ങി
പരോൾ നൽകാൻ പ്രതികളുടെ ബന്ധുക്കളിൽനിന്ന് 1.8 ലക്ഷം രൂപ വാങ്ങിയെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ വിജിലൻസ് കേസെടുത്തത്. പൂജപ്പുര വിജിലൻസ് യൂനിറ്റ് ഡിവൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. പരോളിന് കൈക്കൂലി വാങ്ങുന്നതായും ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി നല്‍കുന്നതായും വിനോദിനെതിരെ പരാതി ഉയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച് ഇന്റലിജന്‍സാണ് വിജിലന്‍സിന് വിവരങ്ങള്‍ കൈമാറിയത്.
ലഹരി കേസുകളിലടക്കം പ്രതികളായവർക്ക് പെട്ടെന്ന് പരോൾ കിട്ടാൻ ഇടപെടാമെന്ന് പറഞ്ഞാണ് പണം വാങ്ങുന്നത്. ഗൂഗിൾ പേ വഴി വിനോദ് കുമാറിന്റെയും ഭാര്യയുടെയും അക്കൗണ്ടിലേക്ക് പണം വാങ്ങിയെന്ന് വിജിലൻസ് കണ്ടെത്തി. സ്ഥലം മാറ്റത്തിന് ഉദ്യോഗസ്ഥരിൽനിന്ന് പണം വാങ്ങാറുണ്ടെന്ന് ഇന്റലിജൻസ് വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു.
ഈ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് കേസെടുത്തത്. മുമ്പും പല കേസുകളിലും വിനോദ് കുമാർ ആരോപണവിധേയനായിട്ടുണ്ട്. രണ്ടുവട്ടം സസ്പെൻഷനിലായി. സംസ്ഥാനത്തെ മുഴുവൻ ജയിലിന്റെയും ഭരണനിർവഹണവുമായി ബന്ധപ്പെട്ട് പ്രധാന ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.
ഭരണ നേതൃത്വവുമായി അടുപ്പമുള്ള ജയിൽ ആസ്ഥാന ഡിഐജി, സ്വാധീനമുപയോഗിച്ച് ജയിൽ സൂപ്രണ്ടുമാരെയും മറ്റ് ഉദ്യോഗസ്ഥരെയും വിരട്ടി കാര്യങ്ങള്‍ നടത്തുമായിരുന്നു എന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. വിയ്യൂർ ജയിലിലെ തടവുകാർക്ക് സൗകര്യങ്ങള്‍ ചെയ്യുന്നതിനായി വിരമിച്ച ഉദ്യോഗസ്ഥനെ ഏജൻറാക്കി പണം വാങ്ങിയതിൽ വിജിലൻസിന് തെളിവ് ലഭിച്ചു.
തെക്കൻ കേരളത്തിലെ ഒരു സബ് ജയിലിലെ സൂപ്രണ്ടിൽ നിന്നും ഗൂഗിള്‍ പേയിലൂടെ പണം വാങ്ങിയതിനും തെളിവ് ലഭിച്ചു. വിനോദ് കുമാറിന്റെ അനധികൃത സ്വത്ത് സമ്പാദനവും അന്വേഷിക്കാൻ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഉത്തരവിട്ടിട്ടുണ്ട്.
സ്ഥിരമായി ജോലിക്ക് ഹാജരാകാത്തതിന് കണ്ണൂർ ജയിൽ സൂപ്രണ്ടായിരുന്നപ്പോൾ സസ്പെൻഷൻ നേരിട്ട ആളാണ് വിനോദ് കുമാർ. ടിപി കേസിലെ പ്രതികള്‍ക്ക് വിയ്യൂരിൽ വഴിവിട്ട സൗകര്യങ്ങളൊരുക്കിയതിനാണ് രണ്ടാമത്തെ സസ്പെൻഷൻ. വകുപ്പതല അന്വേഷണങ്ങളെല്ലാം ഒതുക്കി ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഡിഐജിയായ ഉയർത്തിയ വിനോദ് കുമാറിനെ ജയിൽ ആസ്ഥാനത്ത് നിയമിച്ചു. നിരവധി പരാതികള്‍ വന്നപ്പോഴും, ജോലിയിൽ വീഴ്ച വരുത്തിയിപ്പോഴും ഡിഐജിയെ ജയിൽ ആസ്ഥാനത്തുമാറ്റണമെന്ന് ജയിൽ മേധാവിമാർ ആഭ്യന്തരവകുപ്പിനോട് പല ആവശ്യപ്പെട്ടുവെങ്കിലും ഉദ്യോഗസ്ഥന് സംരക്ഷണം നൽകി. വിരമിക്കാൻ നാല് മാസം ബാക്കി നിൽക്കേയാണ് വിജിലൻസ് കേസിൽ പ്രതിയാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

