ഡിജിറ്റൽ ആർ.സി ഡൗൺലോഡില്ല; വട്ടംകറങ്ങി വാഹന ഉടമകൾ
text_fieldsതിരുവനന്തപുരം: വാഹനങ്ങളുടെ ആർ.സി അച്ചടി അവസാനിപ്പിച്ച് ഡിജിറ്റൽ കാർഡിലേക്ക് മാറിയെങ്കിലും സാങ്കേതിക പിഴവുകൾ വാഹന ഉടമകളെ വട്ടംകറക്കുന്നു.
മാർച്ച് ഒന്നുമുതൽ ഡിജിറ്റൽ കാർഡ് മാത്രമായിരിക്കുമെന്ന് സർക്കുലർ ഇറക്കിയ ഗതാഗത കമീഷണറേറ്റ്, പോർട്ടലിൽ മതിയായ സാങ്കേതിക സൗകര്യങ്ങൾ ഒരുക്കാത്തതാണ് പ്രശ്നങ്ങൾക്കിടയാക്കുന്നത്. പരിവാഹൻ പോർട്ടലിൽ നിലവിൽ ആർ.സിയുടെ പ്രിന്റ് ഓപ്ഷൻ മാത്രമാണുള്ളത്. പി.ഡി.എഫ് ആയോ പി.വി.സിയായോ ഡൗൺലോഡ് ചെയ്യാൻ സൗകര്യമില്ല. ഇനി പ്രിൻറ് എടുക്കുമ്പോഴാകട്ടെ രണ്ട് പേജുകളിലായാണ് ആർ.സി ലഭിക്കുന്നത്. ഒന്നാംപേജിൽ വലത്തേ മൂലയിലാണെങ്കിൽ രണ്ടാംപേജിൽ താഴ്ഭാഗത്തായാണ് കാർഡ് പ്രിന്റായി കിട്ടുന്നത്. ഇത് പേപ്പർ പ്രിന്റായി സൂക്ഷിക്കാമെന്നല്ലാതെ കാർഡായി മാറ്റാനാകുന്നില്ല. അല്ലെങ്കിൽ സ്ക്രീൻ ഷോട്ടെടുത്ത് ഫോട്ടോഷോപ് സോഫ്റ്റ്വെയറിന്റെ സഹായത്തോടെ കാർഡായി മാറ്റി പ്രിന്റ് ചെയ്യണം.
ഇതിനാകട്ടെ കമ്പ്യൂട്ടർ സെന്ററുകൾക്ക് അധിക ചാർജും നൽകണം. ആർ.സി തയാറാക്കുന്നതിന് സർവിസ് ചാർജടക്കം വാങ്ങിയ ശേഷമാണ് മോട്ടോർ വാഹനവകുപ്പിന്റെ ഈ അനാസ്ഥ. വാഹന ഉടമകളെ സഹായിക്കാനാണ് എന്ന് പറയുമ്പോഴും ഫലത്തിൽ പരിഷ്കാരം ഇരട്ടിപ്പണിയാവുകയാണ്.
ഡ്രൈവിങ് ലൈസൻസാണ് പ്രിന്റിങ് അവസാനിപ്പിച്ച് ആദ്യം ഡിജിറ്റൽ കാർഡിലേക്ക് മാറിയത്. നടപടികൾ പൂർത്തിയായ ലൈസൻസ് കാർഡുകൾ ‘പി.വി.സി’യായും ‘പി.ഡി.എഫ്’ ആയും ഡൗൺലോഡ് ചെയ്യാമായിരുന്നു. ഇവ വേഗത്തിൽ കാർഡായി പ്രിന്റ് ചെയ്യുകയും ചെയ്യാം. എന്നാൽ ആർ.സിയുടെ കാര്യത്തിൽ ഈ രണ്ട് സൗകര്യങ്ങളുമില്ല. ഗതാഗത കമീഷണറുടെ ഉത്തരവ് പ്രകാരമാണ് എറണാകുളത്ത് പ്രവർത്തിച്ചിരുന്ന കേന്ദ്രീകൃത പ്രിന്റിങ് സ്റ്റേഷൻ അവസാനിപ്പിച്ചത്.
ഡിജിറ്റലൈസേഷന്റെ മറവിൽ കൊള്ള
ഇരുചക്ര വാഹനങ്ങളുടെ ആർ.സിയിലെ പേരുമാറ്റത്തിനും ഹൈപ്പോതിക്കേഷൻ മാറ്റത്തിനും മുമ്പ് 515 രൂപയായിരുന്നു ഈടാക്കിയിരുന്നത്. 200 രൂപ കാർഡിനും 120 രൂപ സർവിസ് ചാർജും 45 രൂപ തപാൽ ഫീസും ഉൾപ്പെടെയായിരുന്നു ഇത്. കാർഡ് പ്രിന്റ് ചെയ്ത് വീട്ടിലെത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ കാർഡ് അച്ചടി നിർത്തിയെങ്കിലും ഇതേ സേവനത്തിന് ഈടാക്കുന്നത് 550 രൂപയാണ്. വാഹന ഉടമ കാർഡ് സ്വന്തമായി പ്രിന്റ് ചെയ്യുകയും വേണം. മുമ്പ് ഹൈപ്പോതിക്കേഷൻ ടെർമിനേഷൻ, ഹൈപ്പോതിക്കേഷൻ നോട്ടിങ്, പേരുമാറ്റം തുടങ്ങി ഒന്നിലധികം സേവനങ്ങൾ ഒറ്റ സർവിസ് ചാർജിൽ (200 രൂപ) ചെയ്യാമായിരുന്നു. എന്നാൽ ഡിജിറ്റൽ കാർഡിലേക്ക് മാറിയതോടെ ഒരോ സേവനത്തിനും 200 രൂപ വീതം ഈടാക്കുകയാണ്. ഈ വഴിക്കും സർക്കാറിനാണ് ലാഭം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.