ഡിജിറ്റൽ സർവകലാശാലയുടെ നേട്ടമായി ആഘോഷിച്ച കെ. ചിപ്പും വിവാദത്തിൽ
text_fieldsതിരുവനന്തപുരം: കേരള ഡിജിറ്റൽ സർവകലാശാലയുടെ വലിയ നേട്ടമായി ആഘോഷിച്ച കൈരളി ചിപ്പ് (കെ.ചിപ്പ്) വികസിപ്പിച്ചതിലും വിവാദം. സർവകലാശാലയിലെ വിവിധ പദ്ധതികളുടെ മറവിൽ നടന്നതായി പറയുന്ന സാമ്പത്തിക തിരിമറികൾ അന്വേഷിക്കാൻ ചാൻസലറായ ഗവർണർ സി.എ.ജിയെ ചുമതലപെടുത്തിയതിന് പിന്നാലെയാണ് പുതിയ ആരോപണം.
ഡിജിറ്റൽ സർവകലാശാലക്ക് സെമികണ്ടക്ടർ ചിപ്പുകൾ രൂപകൽപന ചെയ്യാനോ നിർമിക്കാനോ ആവശ്യമായ സാങ്കേതിക, അടിസ്ഥാന സൗകര്യങ്ങളില്ലെന്നും ഇതുവരെ അംഗീകൃത ശാസ്ത്രീയ പരിശോധനാ വേദികളിൽ ചിപ്പ് ഹാജരാക്കിയിട്ടില്ലെന്നുമാണ് ആരോപണം.
ഇന്ത്യയെ ചിപ്പ് നിർമാണത്തിനുള്ള ആഗോള സെമികണ്ടക്ടർ ഹബ്ബാക്കാനുള്ള കേന്ദ്രസർക്കാർ ശ്രമങ്ങൾക്കിടെ, കേരളം കഴിഞ്ഞ വർഷം തന്നെ ചിപ്പ് നിർമാണം ആരംഭിച്ചുവെന്ന വാദത്തിലും ഈ കണ്ടെത്തൽ കേന്ദ്രത്തെ അറിയിക്കാത്തതിലും ദുരൂഹതയുണ്ട്.
സർവകലാശാലയുടെ കെ.ചിപ്പ് നിർമാണം സംബന്ധിച്ച അവകാശവാദങ്ങളിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി രംഗത്തെത്തുകയും ഗവർണർക്ക് കത്ത് നൽകുകയും ചെയ്തു.
ഡിജിറ്റൽ സർവകലാശാലയും കേരള സർക്കാറുമാണ് ഇന്ത്യയിലാദ്യമായി ‘കൈരളി ചിപ്പ്’ നിർമിച്ചതായി പ്രഖ്യാപിച്ചത്. ഈ പദ്ധതിക്ക് നേതൃത്വം നൽകിയ ഡിജിറ്റൽ സർവകലാശാലയിലെ പ്രഫ. അലക്സ് പാപ്പച്ചൻ ജെയിംസിന് മുഖ്യമന്ത്രിയുടെ കീഴിലുള്ള ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് 25 ലക്ഷം രൂപ പാരിതോഷികവും നൽകിയിരുന്നു. കൈരളി ചിപ്പുമായി ബന്ധപ്പെട്ട് ഔദ്യോഗിക പരിശോധനാ ഫലങ്ങളോ ശാസ്ത്രീയ സ്ഥിരീകരണങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ചിപ്പിന്റെ ഡിസൈൻ ഔദ്യോഗികമായി പ്രസിദ്ധീകരിക്കുകയോ പേറ്റന്റ് ലഭിക്കുകയോ വാണിജ്യപരമായി ഉപയോഗിക്കപ്പെടുകയോ ചെയ്തിട്ടില്ലെന്നും ഗവർണർക്ക് നൽകിയ കത്തിൽ പറയുന്നു.
ഈ സാഹചര്യത്തിൽ നിലവിൽ ഗവർണർ നിർദേശിച്ചിരിക്കുന്ന അന്വേഷണത്തിന്റെ പരിധിയിൽ കെ. ചിപ്പുമായി ബന്ധപ്പെട്ട ഇടപാടുകളും ഉൾപ്പെടുത്തണമെന്നും സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ആവശ്യപ്പെട്ടു.
ഡിജിറ്റൽ സർവകലാശാല രണ്ടാംഘട്ട കാമ്പസിന് 28 ഏക്കർ ഭൂമി
തിരുവനന്തപുരം: കേരള ഡിജിറ്റൽ സർവകലാശാലയുടെ രണ്ടാംഘട്ട ക്യാമ്പസ് നിർമാണത്തിനായി മേൽതോന്നയ്ക്കൽ, അണ്ടൂർക്കോണം പഞ്ചായത്തുകളിലുൾപ്പെട്ട 28 ഏക്കർ ഭൂമി കൈമാറാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
തിരുവനന്തപുരം പള്ളിപ്പുറത്തെ ടെക്നോപാർക്ക് നാലാം ഘട്ട (ടെക്നോസിറ്റി) വികസനത്തിനായി ഏറ്റെടുക്കാൻ വിജ്ഞാപനം ചെയ്തിരുന്ന 507 ഏക്കർ ഭൂമിയിൽ നിന്നാണ് ഇത് കൈമാറുക.
ഭാവിയിൽ ഉണ്ടായേക്കാവുന്ന എല്ലാ ഭൂമി ഏറ്റെടുക്കലും പുനരധിവാസവും (എൽ.എ.ആർ) ബാധ്യതകളും ഡിജിറ്റൽ സർവകലാശാല വഹിക്കുമെന്ന നിബന്ധനയിലാണ് ഭൂമിയുടെ ഉടമസ്ഥാവകാശം ഫ്രീ ഹോൾഡായി സർവകലാശാലക്ക് കൈമാറുക. ഭൂമിയുടെയും അതിലുള്ള നിർമിതികളുടെയും മേൽ സർവകലാശാലക്ക് സമ്പൂർണ അധികാരം ഉറപ്പാക്കുന്ന രീതിയിലായിരിക്കും കൈമാറ്റം. ഇതിനായി ടെക്നോപാർക്കിന് 21.81 കോടി രൂപ അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.