ഇറാനിൽ തടങ്കലിലുള്ള കപ്പൽ ജീവനക്കാരെ സന്ദർശിക്കാൻ നയതന്ത്ര പ്രതിനിധികൾക്ക് അനുമതി ലഭിച്ചേക്കും
text_fieldsകൊച്ചി: ഇറാൻ നാവികസേന പിടിച്ചെടുത്ത ’അഡ്വാന്‍റേജ് സ്വീറ്റ്’ എണ്ണക്കപ്പലിലെ ഇന്ത്യക്കാരെ സന്ദർശിക്കാൻ നയതന്ത്ര പ്രതിനിധികൾക്ക് ഉടൻ അനുമതി ലഭിച്ചേക്കും. കപ്പലിലെ എല്ലാ ക്രൂ അംഗങ്ങൾക്കും എല്ലാ സൗകര്യങ്ങളും നൽകുന്നുണ്ടെന്നാണ് ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തെ ഇറാൻ അധികൃതർ അറിയിച്ചിട്ടുള്ളത്.
ജീവനക്കാർ സുരക്ഷിതരാണെന്ന് കപ്പലിന്‍റെ ഓപറേറ്റർമാരായ ‘അഡ്വാന്‍റേജ് ടാങ്കേഴ്സ്’ എന്ന സ്ഥാപനവും അറിയിച്ചിട്ടുണ്ട്. തെഹ്റാനിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ജോൺ മായ് ഇതുസംബന്ധിച്ച വിവരങ്ങൾ ഹൈബി ഈഡൻ എം.പിക്ക് കൈമാറി.
എണ്ണക്കപ്പലിലെ മൂന്ന് മലയാളി ജീവനക്കാരെ ഉൾപ്പെടെ മോചിപ്പിക്കുന്നതടക്കം പ്രശ്നപരിഹാരത്തിന് ഇറാനിയൻ അധികൃതരുമായി നിരന്തര സമ്പർക്കത്തിലാണെന്നും തടവിലാക്കപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായും മറ്റും ബന്ധപ്പെട്ടുവരുന്നുവെന്നും എം.പിക്ക് ലഭിച്ച കത്തിൽ പറയുന്നു. കപ്പലിലെ സാറ്റലൈറ്റ് ഫോൺ അടക്കമുള്ള ആശയവിനിമയ ഉപകരണങ്ങൾ ഇറാൻ അധികൃതർ പിടിച്ചെടുത്തുവെന്നാണ് അറിയുന്നതെന്നും വ്യക്തമാക്കുന്നു.
കുവൈത്തിൽനിന്ന് അമേരിക്കയിലെ ഹൂസ്റ്റണിലേക്കുള്ള യാത്രക്കിടെയാണ് കപ്പൽ പിടിച്ചെടുത്തത്. മൂന്ന് മലയാളികളിൽ രണ്ടുപേർ എറണാകുളം സ്വദേശികളാണ്. കപ്പലിലുള്ള എറണാകുളം കൂനമ്മാവ് സ്വദേശി എഡ്വിന്‍റെ വീട് ഹൈബി ഈഡൻ സന്ദർശിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.