ഫിറ്റ്നസില്ലാത്ത സ്കൂളുകളെത്ര? വിവരമില്ലെന്ന് ഡയറക്ടറേറ്റ്
text_fieldsമലപ്പുറം: സംസ്ഥാനത്ത് എത്ര പൊതുവിദ്യാലയങ്ങൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാത്ത കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്? ഈ ഒരൊറ്റ വിവരാവകാശ ചോദ്യത്തിന് 14 ഡി.ഡി.ഇ ഓഫിസുകളിൽനിന്നും 30ലധികം ഡി.ഇ.ഒ ഓഫിസുകളിൽനിന്നും 150ലധികം വിദ്യാഭ്യാസ ഉപജില്ലകളിൽനിന്നും അപേക്ഷകന് ലഭിക്കുന്നത് കൃത്യമായ കണക്കില്ലാത്ത മറുപടികൾ.
കാരണം, സംസ്ഥാനത്തെ ഫിറ്റ്നസില്ലാത്ത സ്കൂളുകളുടെ എണ്ണം സംബന്ധിച്ച കണക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലില്ല. ജില്ലാതലങ്ങളിലെ വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫിസുകളിലും അതിന് താഴെയുള്ള ജില്ല വിദ്യാഭ്യാസ ഓഫിസറുടെ കാര്യാലയത്തിലുമില്ല. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളുടെ സുരക്ഷ സംബന്ധിച്ച് വലിയ ആശങ്കകൾ ഉയരുമ്പോഴും ഈ വിഷയത്തെ പൊതുവിദ്യാഭ്യാസ വകുപ്പ് എത്രമാത്രം നിസ്സംഗമായി കാണുന്നു എന്നതിന്റെ തെളിവുകൂടിയാണിത്.
ജൂൺ രണ്ടിന് നൽകിയ വിവരാവകാശ അപേക്ഷയിൽ ജൂലൈ രണ്ടിന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം നൽകിയ മറുപടിയിൽ പറയുന്നത് ഈ വിവരങ്ങൾ ശേഖരിച്ച് സൂക്ഷിക്കാത്തതിനാൽ, വിവരം ലഭ്യമാക്കാൻ എല്ലാ ജില്ലകളിലെയും വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫിസുകളിലേക്ക് കൈമാറുന്നു എന്നാണ്. ഇതിൽ കാസർകോട്, വയനാട് വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫിസുകൾ മാത്രമാണ് നേരിട്ട് മറുപടി നൽകിയത്. കാസർകോട് ഫിറ്റ്നസില്ലാത്ത കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സ്കൂളും ഇല്ലെന്നാണ് മറുപടി. അതേസമയം, വയനാട് ജില്ലയിൽ രണ്ടു സർക്കാർ സ്കൂളുകളും ഒരു അൺഎയ്ഡഡ് സ്കൂളും ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടത്തിലാണ്.
മറ്റു ഡി.ഡി.ഇ ഓഫിസുകൾ അതത് ജില്ലകളിലെ ഡി.ഇ.ഒ ഓഫിസുകളിലേക്ക് കൈമാറി. ഇതിൽ വിവിധ ജില്ലകളിലെ ഡി.ഇ.ഒ ഓഫിസുകൾ മറുപടി നൽകി. പാലക്കാട് ഡി.ഇ.ഒ ഓഫിസ് രണ്ട് അൺ എയ്ഡഡ് സ്കൂളുകൾ ഫിറ്റ്നസില്ലാതെ പ്രവർത്തിക്കുന്നുവെന്ന വിവരം നൽകിയപ്പോൾ ബാക്കിയുള്ളവർ വിവരം ലഭ്യമല്ലെന്നും അതത് ഉപജില്ല ഓഫിസുകളിലേക്ക് കൈമാറുന്നുവെന്നും മറുപടി നൽകി. ഇതുപ്രകാരം ഉപജില്ല ഓഫിസുകളിൽനിന്നുള്ള മറുപടിക്കത്തുകളുടെ പ്രവാഹമാണിപ്പോൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.