കാലിക്കറ്റിൽ സര്‍വകലാശാല എൻജിനീയര്‍മാര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് തീരുമാനം
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയര്‍ കെ.ടി. സഹീര്‍ ബാബുവിനും അസിസ്റ്റന്റ് എൻജിനീയര്‍ കെ. ഫെബിക്കുമെതിരെ അച്ചടക്ക നടപടിക്ക് സിന്‍ഡിക്കേറ്റ് തീരുമാനം. നിര്‍മാണപ്രവൃത്തികള്‍ അന്യായമായി വൈകിപ്പിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് അന്വേഷണം നടത്തിയ സിന്‍ഡിക്കേറ്റ് ഉപസമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. തീരുമാനം രാഷ്ട്രീയപ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടി സിന്‍ഡിക്കേറ്റംഗം ഡോ. പി. റഷീദ് അഹമ്മദ് അച്ചടക്ക നടപടി തീരുമാനത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തി.
ഗവ. അഡീഷനല്‍ സെക്രട്ടറിമാര്‍ അയക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ വെരിഫിക്കേഷന് ഉദ്യോഗാര്‍ഥികളില്‍നിന്ന് ഫീസ് ഈടാക്കരുതെന്ന എറണാകുളം നോര്‍ക്ക റൂട്ട്‌സ് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ തലവന്റെ ആവശ്യം തള്ളി. വിദൂരവിദ്യാഭ്യാസ വിഭാഗം മുന്‍ ഡയറക്ടര്‍ പി. ശിവദാസന് 2019ല്‍ അനുവദിച്ച തുകകള്‍ ഒത്തുതീര്‍പ്പാക്കി. ബില്ലുകള്‍ സമര്‍പ്പിക്കാനുള്ള കാലയളവ് മാപ്പാക്കികൊണ്ടാണ് ഇളവ് അനുവദിച്ചത്.
സര്‍വകലാശാലക്ക് കീഴിലെ എയ്ഡഡ് കോളജുകളിലെ നിയമനങ്ങളില്‍ ഭിന്നശേഷി സംവരണ ബാക്ക് ലോഗ് ഒഴിവുകള്‍ കണക്കാക്കി നിയമനം നടത്തുന്നതിനുള്ള മാര്‍ഗരേഖ അംഗീകരിച്ചു. കാലിക്കറ്റ് സര്‍വകലാശാല സ്റ്റാഫ് കോഓപറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിക്ക് ദേശീയപാത വികസനത്തിന്റെ ഭാഗമായി നഷ്ടപ്പെടുന്ന സ്ഥലത്തിന് പകരം പാര്‍ക്കിങ് സംവിധാനമൊരുക്കാന്‍ സ്ഥലം അനുവദിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.