ആർ.എസ്.എസുമായി ചർച്ച: വാർത്ത ദുരുദ്ദേശ്യപരമെന്ന് ജമാഅത്തെ ഇസ്‍ലാമി
text_fieldsകോഴിക്കോട്: ആർ.എസ്.എസും ജമാഅത്തെ ഇസ്‌ലാമിയും തമ്മിൽ ഉഭയകക്ഷി ചർച്ച നടന്നുവെന്ന തരത്തിൽ വരുന്ന വാർത്ത ദുരുദ്ദേശ്യപരവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ജമാഅത്തെ ഇസ്‍ലാമി അഖിലേന്ത്യ സെക്രട്ടറി ജനറൽ ടി. ആരിഫലി. ആർ.എസ്.എസ് പ്രതിനിധികളും രാജ്യത്തെ പ്രമുഖ മുസ്‌ലിം സംഘടന പ്രതിനിധികളും ബുദ്ധിജീവികളും തമ്മിൽ ചർച്ച നടന്നത് ശരിയാണ്. ജംഇയ്യതുൽ ഉലമായെ ഹിന്ദ്, ജമാഅത്തെ ഇസ്‌ലാമി, ദാറുൽ ഉലൂം ദയൂബന്ദ്, അജ്മീർ ദർഗ, ചില ശിഈ സംഘടനകൾ എന്നിവയുടെ പ്രതിനിധികളാണ് ചർച്ചയിൽ പങ്കെടുത്തത്.
ജനുവരി 14ന് നടന്ന ചർച്ചയുടെ വാർത്തയും തൽസംബന്ധമായ വിശദീകരണവുമൊക്കെ നേരത്തേ മാധ്യമങ്ങളിൽ വന്നുകഴിഞ്ഞതാണ്. ഡൽഹി മുൻ ലഫ്. ഗവർണർ നജീബ് ജങ്, മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ എസ്.വൈ. ഖുറൈശി, മുൻ എം.പി ശാഹിദ് സിദ്ദീഖി, സഈദ് ശർവാനി എന്നിവരാണ് ചർച്ചക്ക് മുൻകൈയെടുത്തത്.
സംഭാഷണത്തിന്‍റെ സ്വഭാവം സംഘടനകൾ മുൻകൂട്ടി ചർച്ചചെയ്ത് അംഗീകരിച്ചിരുന്നു. ഇന്ത്യൻ മുസ്‌ലിംകളും പൊതുസമൂഹവും ഉന്നയിക്കുന്ന പ്രശ്നങ്ങൾ ആർ.എസ്.എസിന്റെ മുന്നിൽ അവതരിപ്പിക്കാനുള്ള അവസരം ഉപയോഗപ്പെടുത്തണമെന്നായിരുന്നു മുസ്‌ലിം സംഘടന നേതാക്കൾ ഏകോപിച്ചെടുത്ത തീരുമാനം.
ഒരു ജനാധിപത്യ രാജ്യത്ത് വിയോജിപ്പുകൾക്കും പ്രക്ഷോഭങ്ങൾക്കുമൊപ്പം തന്നെ സംവാദങ്ങളും ചർച്ചകളും നടക്കണമെന്നാണ് മുസ്‌ലിം സംഘടനകളുടെ നിലപാട്. ചർച്ചയിൽ ഉന്നയിക്കേണ്ട വിഷയങ്ങളെ കുറിച്ചും നിലപാടുകൾ സംബന്ധിച്ചും മുൻകൂട്ടി ധാരണയിലെത്തുകയും ചെയ്തു. വ്യവസ്ഥാപിതവും ഇരുവിഭാഗവും തുല്യനിലയിലുമായിരിക്കണം ചർച്ചയിൽ പങ്കെടുക്കേണ്ടതെന്നും ചർച്ച ഒരു പൊതുതീരുമാനത്തിലെത്തിയാൽ അക്കാര്യം ജനങ്ങളോട് തുറന്നുപറയണമെന്നും ധാരണയായി.
രണ്ടു കാരണങ്ങൾകൊണ്ടാണ് ആർ.എസ്.എസുമായി ചർച്ചയാകാമെന്ന് മുസ്‌ലിം സംഘടനകൾ തീരുമാനിച്ചത്. ആർ.എസ്.എസ് ഉയർത്തിവിട്ട സാമൂഹിക, രാഷ്ട്രീയ അന്തരീക്ഷമാണ് വിദ്വേഷ പ്രസംഗം, ആൾക്കൂട്ടക്കൊല, വംശഹത്യ തുടങ്ങിയവക്ക് കാരണം. ആ വിഷയത്തിൽ ആർ.എസ്.എസിനോടു തന്നെയാണ് സംസാരിക്കേണ്ടത്. ഇന്ത്യൻ ഭരണകൂടത്തെ നിലവിൽ നിയന്ത്രിക്കുന്നത് ആർ.എസ്.എസാണ് എന്നതാണ് മറ്റൊന്ന്. മുസ്‌ലിംകൾ രണ്ടാംതരം പൗരന്മാരാണെന്ന മോഹൻ ഭാഗവതിന്‍റെ പരാമർശം, ആൾക്കൂട്ടക്കൊല, വിദ്വേഷ പ്രസംഗം, വംശഹത്യ തുടങ്ങിയ വിഷയങ്ങൾ ഉന്നയിക്കണമെന്ന് മുസ്‌ലിം സംഘടനകൾ തീരുമാനിക്കുകയും ശക്തമായി അവതരിപ്പിക്കുകയും ചെയ്തു.
അടച്ചിട്ട മുറിയിൽ രഹസ്യ ചർച്ച നടന്നുവെന്ന പരാമർശം തെറ്റിദ്ധരിപ്പിക്കുന്നതാണ്. വിവിധ സംഘടനകളും ബ്യൂറോക്രാറ്റുകളുമടക്കം 14 പേർ ഒന്നിച്ചിരുന്നു നടത്തിയത് രഹസ്യ ചർച്ചയായിരുന്നില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് ജമാഅത്ത് നേതാക്കൾ മാധ്യമങ്ങളോട് നേരത്തേ വിശദീകരിച്ചിരിക്കെ തെറ്റിദ്ധാരണ പരത്തുംവിധം ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന ചില പ്രചാരണങ്ങൾ ദുരുദ്ദേശ്യപരവും അപലപനീയവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.