ചർച്ചിനെ ചൊല്ലി തർക്കം: ഇരുവിഭാഗം ഏറ്റുമുട്ടി, ആശുപത്രിയിലും കൂട്ടയടി; 19 പേർക്കെതിരെ കേസ്; ഒടുവിൽ ജാമ്യം
text_fieldsറാന്നി: നാറാണംമൂഴിയിൽ ആരാധനാലയത്തെ ചൊല്ലി ഉണ്ടായ തർക്കത്തിൽ ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ ചികിത്സക്ക് എത്തിച്ചപ്പോൾ റാന്നി താലൂക്ക് ആശുപത്രിയിലും പരസ്പരം ഏറ്റുമുട്ടി. പൊതുമുതൽ നശിപ്പിച്ചതിന് 19 പേർക്കെതിരെ റാന്നി പൊലീസ് കേസെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി. രാത്രിയോടെ എല്ലാവർക്കും ജാമ്യം അനുവദിച്ചു.
നാറാണംമൂഴി പഞ്ചായത്ത് രണ്ടാം വാർഡിലെ തോമ്പിക്കണ്ടം അസംബ്ലി ഓഫ് ക്രിസ്ത്യൻ ചർച്ചസ് ഇൻ ഇന്ത്യ എന്ന ആരാധനാലയത്തിലാണ് രാവിലെ ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. കോഴഞ്ചേരി കാവുങ്കൽ വി.ജെ. സൈമൺ (67), എരുമേലി ഓലിക്കൽ ജോസ് ജോർജ് (54), ഇടമുറി പള്ളിപ്പറമ്പിൽ സജി ഡാനിയേൽ (44) എന്നിവർക്കാണ് മർദനമേറ്റത്. ഇവർ റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
20വർഷം മുമ്പ് പാസ്റ്റർ രണ്ട് സെൻറ് സ്ഥലം വാങ്ങി 15ഓളം പെന്തക്കോസ്ത് വിശ്വാസികളെ ചേർത്ത് തുടങ്ങിയതാണ് ഈ ചർച്ച് എന്ന് പറയുന്നു. ഇതിൽ മൂന്ന് കുടുംബങ്ങൾ ഈ പാസ്റ്ററുടെ കീഴിൽ ആരാധനയ്ക്ക് തയ്യാറായിരുന്നില്ല. ഇന്ന് എതിർചേരിയിലെ പാസ്റ്റർമാരായ രണ്ട് പേരുടെ നേതൃത്വത്തിൽ ആരാധനക്ക് വന്നപ്പോൾ ചർച്ച് അവകാശിയെന്ന് പറയുന്ന പാസ്റ്ററുടെ നേതൃത്വത്തിൽ താഴിട്ട് പൂട്ടിയിരുന്നു. തുടർന്ന് മറുവിഭാഗം പൂട്ട് പൊട്ടിച്ച് ചർച്ചിന്റെ ഉള്ളിൽ പ്രവേശിച്ചു. ഇതിനെ ചോദ്യം ചെയ്തതതാണ് സംഘർഷത്തിന് കാരണമായി പറയുന്നത്.
സംഘട്ടനത്തിൽ പരിക്കേറ്റവർ ചികിത്സ തേടി റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോൾ ഇരുപക്ഷവും സംഘടിച്ചെത്തി ഇവിടെയും ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തിൽ ആശുപത്രിയിലെ ഫർണിച്ചർ നശിപ്പിക്കുകയും ആശുപത്രി പ്രവർത്തനത്തിന് തടസ്സം വരുത്തുകയും ചെയ്തു. സെക്യൂരിറ്റി ജീവനക്കാരെ തള്ളുകയും ചെയ്തതായി പറയുന്നു. തുടർന്ന് ആശുപത്രി അധികൃതരുടെ പരാതിയിൽ റാന്നി പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.
ആശുപത്രിയിൽ നാശനഷ്ടം വരുത്തിയതിന് 19 പേരെ പ്രതി ചേർത്ത് പൊലീസ് കേസെടുത്തു. പള്ളിയിൽ അതിക്രമിച്ച കയറിയതിന് രണ്ട് പാസ്റ്റർമാർക്കെതിരെയും മർദനത്തിന് മറ്റുചിലർക്കെതിരെയും കേസുകൾ രജിസ്റ്റർ ചെയ്തു.
കോട്ടാങ്ങൽ നെടുമ്പാല മുള്ളൻകുഴിയിൽ എം. രാജു പോൾ (59), കാഞ്ഞിരപ്പള്ളി വട്ടകപ്പാറ കല്ലിങ്കൽ പറമ്പിൽ ബേബി (65), കുളത്തൂർ നെടുമ്പാല മുള്ളാൻകുഴിയിൽ എം. ബ്ലെസ്സൻ (30), പെരുമ്പെട്ടി ചാന്തുർ ചാലാപ്പള്ളി മാടക്കാട് എം.സി. ശശിധരൻ (60), വായ്പൂര് പെരുമ്പാറ തൃച്ചൂർ പൂരം ബിനു ടി. ബേബി (49), എഴുമറ്റൂർ പുത്തൻവീട്ടിൽ സാംസൺ പി. സാബു (27), പാടി മൺ പെരുമ്പാറ കാരങ്ങാട്ട് ബിനു ജോസഫ് (39), പെരുമ്പാറ പാറേപള്ളിയിൽ പി.സി. തോമസ് (56), കാഞ്ഞീറ്റുകര, കുന്നംപാറക്കൽ കെ. അനീഷ് (40), ചരൽക്കുന്ന് കാവുങ്കൽ അനീഷ് ജോസഫ് സൈമൺ (43), പഴവങ്ങാടി ചെല്ലക്കാട് മാടത്തും പടി ചാമക്കാലയിൽ ഡാനിയേൽ സി. ചാക്കോ (55), മണിമല ആലപ്ര കുരുമ്പയിൽ ജോസ് (58), കാഞ്ഞീറ്റുകര കുന്നംപാറക്കൽ സോമനാഥൻ (43), ചേത്തക്കൽ കോതാനി പാട്ടത്തിൽ പി.സി. ശ്യാംകുമാർ (48), മാടത്തുംപടി ചാമക്കാലയിൽപീറ്റർ തോമസ് (43), പെരുമ്പാറ അതബോലിക്കൽ, ഫാൻസിലി വർഗീസ് (55), ആനിക്കാട് പള്ളിക്കൽ ജോസഫ് സി. തോമസ് (48), എഴുമറ്റൂര് പുല്ലേലി മണ്ണിൽ മത്തായി സക്കറിയ (65), മാടത്തുംപടി ജോമോൻ പി. ഡാനിയേൽ (37) എന്നിവർക്കെതിരെയാണ് റാന്നി പൊലീസ് പൊതുമുതൽ നശിപ്പിച്ചതിന് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ ശേഷം, രാത്രിയോടെ എല്ലാവർക്കും ജാമ്യം നൽകി വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

