കുഞ്ഞു ഹാഷിമിന് എല്ലാ മാനുഷിക പരിഗണനയും -ഡോ. ദിവ്യ എസ്. അയ്യർ
text_fieldsഹാഷിം യാസിൻ അഹമ്മദിനെ ഓമനിക്കുന്ന ജില്ല കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ.
പത്തനംതിട്ട: യമനിൽനിന്ന് കേരളത്തിലെത്തി മലയാളി കുടുംബത്തിന്റെ തണലിൽ കഴിയുന്ന എസ്.എം.എ (സ്പൈനൽ മസ്കുലാർ അട്രോഫി) ബാധിതനായ മൂന്നേകാൽ വയസ്സുള്ള ഹാഷിം യാസിൻ അഹമ്മദിന്റെ ചികിത്സക്കായി എല്ലാ മാനുഷിക പരിഗണനയും നൽകുമെന്ന് ജില്ല കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ.
കുട്ടിക്ക് ചികിത്സ സഹായം തേടി സമീപിച്ച മാതാപിതാക്കളായ യാസിൻ അഹമ്മദ് അലിയെയും തൂണിസ് അബ്ദുല്ലയെയും കലക്ടർ ആശ്വസിപ്പിച്ചു. ഹാഷിമിന്റെ ചികിത്സക്കായി മുൻകൈയെടുക്കുന്ന കോഴഞ്ചേരി സ്വദേശി ശ്രീജയും ഭർത്താവ് ഉല്ലാസും ഒപ്പമുണ്ടായിരുന്നു.
യുദ്ധത്തിൽ തകർന്ന മറ്റൊരു രാജ്യത്തുനിന്ന് അഭയം തേടിയെത്തിയ കുടുംബം തങ്ങളുടെ ഏകമകന്റെ ജീവൻ രക്ഷിക്കണമെന്ന് അഭ്യർഥിച്ച മുഖ്യമന്ത്രിക്കുള്ള അപേക്ഷയും കലക്ടറെ ഏൽപിച്ചു.
യമൻ കുടുംബത്തിനുവേണ്ടി ശ്രീജ ഒപ്പിട്ട് കൈമാറിയ നിവേദനം മുഖ്യമന്ത്രിയുടെ ഓഫിസിന് അയച്ചതായി കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ അറിയിച്ചു. കഴിഞ്ഞ ദിവസം ഉച്ചക്കാണ് കുടുംബം കുഞ്ഞുമൊത്ത് കലക്ടറേറ്റിൽ എത്തിയത്.
അരമണിക്കൂറോളം ഇവർ കലക്ടറുടെ ചേംബറിൽ ചെലവഴിച്ചു. കുഞ്ഞുഹാഷിമിനെ എടുത്ത് വിശേഷങ്ങൾ ചോദിച്ച് മധുരവും കൈമാറിയാണ് കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ യാത്രയാക്കിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.