മുസ്ലിം സംവരണം വെട്ടിക്കുറക്കരുത് -മുസ്ലിം ലീഗ്
text_fields(ഫയൽ ചിത്രം)
കോഴിക്കോട്: മുസ്ലിം സമുദായത്തിനുള്ള 12 ശതമാനം സംവരണ ആനുകൂല്യം വെട്ടിക്കുറക്കാനും മുസ്ലിം േക്വാട്ടയിൽനിന്ന് രണ്ട് ശതമാനം ഭിന്നശേഷിക്കാർക്ക് നൽകാനുമുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് ലീഗ് ഹൗസിൽ ചേർന്ന മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ, ഭാരവാഹികൾ, ജില്ല പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാർ, എം.എൽ.എമാർ എന്നിവരുടെ സംയുക്ത നേതൃയോഗം ആവശ്യപ്പെട്ടു.
ഭിന്നശേഷി സംവരണം നടപ്പാക്കുകതന്നെ വേണം. എന്നാൽ, മുസ്ലിം സംവരണത്തിൽ അട്ടിമറി നടത്തി അത് നടപ്പാക്കുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. നേരത്തെ സച്ചാർ റിപ്പോർട്ട് അട്ടിമറിച്ച് മുസ്ലിം സമുദായത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഇല്ലാതാക്കിയതിന് സമാന നടപടിയാണിത്. ഇക്കാര്യം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് പ്രതിനിധി സംഘം മുഖ്യമന്ത്രിക്ക് നിവേദനം നൽകും. ഉടൻ പരിഹാരമുണ്ടായില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ട് പോകും.
കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദ് ചെയ്തുള്ള കേന്ദ്ര സർക്കാർ നടപടി ശരിവെച്ച സുപ്രീംകോടതി വിധി നിരാശജനകമാണെന്ന് ഇതുസംബന്ധിച്ച് അംഗീകരിച്ച പ്രമേയം വ്യക്തമാക്കി. പാർലമെന്റ് തെരഞ്ഞെടുപ്പ് മുന്നൊരുക്കം ചർച്ചചെയ്ത യോഗം, പാർട്ടി തയാറെടുപ്പുകൾ ഏതാണ്ട് പൂർത്തിയാക്കിയ സാഹചര്യത്തിൽ ഇനി യു.ഡി.എഫ് തലത്തിൽ പദ്ധതികൾ ആസൂത്രണം ചെയ്യാൻ തീരുമാനിച്ചു. മൂന്നാം സീറ്റ് ആവശ്യപ്പെടാൻ ലീഗിന് അർഹതയുണ്ടെന്നും അതൊക്കെ യു.ഡി.എഫിനകത്താണ് ചർച്ച ചെയ്യുകയെന്നും യോഗ തീരുമാനങ്ങൾ വിശദീകരിച്ച ജന. സെക്രട്ടറി പി.എം.എ. സലാം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
മിശ്രവിവാഹത്തിന് ലീഗ് എതിരാണെന്നും ചോദ്യത്തിന് മറുപടിയായി സലാം വ്യക്തമാക്കി. സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ആമുഖ പ്രഭാഷണം നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.