ധ്രുവീകരണ കെണിയിൽ വീഴില്ല; ഏക സിവിൽ കോഡിൽ മുസ്ലിം സംഘടനകളുടെ പ്രഖ്യാപനം
text_fieldsമുസ്ലിം കോഓഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന യോഗത്തിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സംസാരിക്കുന്നു
കോഴിക്കോട്: ഏക സിവിൽ കോഡ് വിഷയത്തിൽ സാമുദായിക, വർഗീയ ധ്രുവീകരണത്തിന് ഒരുക്കിയ കെണിയിൽ വീഴരുതെന്ന് മുസ്ലിം സംഘടനകളുടെ ആഹ്വാനം. വിഷയം മുസ്ലിംകളെ മാത്രം ബാധിക്കുന്നതല്ലെന്നും രാജ്യത്തിന്റെ സാമൂഹിക വ്യവസ്ഥയെ ബാധിക്കുന്ന പ്രശ്നമായതിനാൽ മുഴുവൻ മതസംഘടനകളും രാഷ്ട്രീയ പാർട്ടികളും ഇതിനെതിരെ രംഗത്തുവരണമെന്നും കോഓഡിനേഷൻ കമ്മിറ്റി യോഗം അഭ്യർഥിച്ചു. ബോധവത്കരണത്തിന്റെ ഭാഗമായി മത, ജാതി, രാഷ്ട്രീയ ഭേദമന്യെ എല്ലാവരെയും പങ്കെടുപ്പിച്ച് സെമിനാറുകൾ നടത്താൻ തീരുമാനിച്ചു. ഇതിനായി രൂപവത്കരിച്ച കോർ കമ്മിറ്റി തീയതിയും സ്ഥലവും നിശ്ചയിക്കും. സി.പി.എം സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കുന്നതു സംബന്ധിച്ച് തീരുമാനമെടുത്തില്ലെങ്കിലും എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിക്കാതെ വിഭാഗീയമായി നടത്തുന്ന പരിപാടികളിൽനിന്ന് വിട്ടുനിൽക്കണമെന്ന പൊതുവികാരമാണ് യോഗത്തിലുണ്ടായത്. എന്നാൽ, മുഴുവൻ സംഘടനകളെയും പങ്കെടുപ്പിക്കുന്ന പരിപാടികളുമായി സഹകരിക്കും. ഏക സിവിൽ കോഡ് നീക്കവുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് പാണക്കാട് സാദിഖലി തങ്ങളുടെ അധ്യക്ഷതയിൽ കോഴിക്കോട് മറീന റസിഡൻസിയിൽ മുസ്ലിം സംഘടനകൾ യോഗം ചേർന്നത്. ഇരു സുന്നി വിഭാഗങ്ങൾ ഉൾപ്പെടെ മുഴുവൻ മുസ്ലിം സംഘടന പ്രതിനിധികളും പങ്കെടുത്തു.
തെരുവിലിറങ്ങി പോരാടി ജയിക്കേണ്ട വിഷയമല്ല ഇതെന്നും നിയമപരമായും രാഷ്ട്രീയമായും നേരിടുകയാണ് വേണ്ടതെന്നും യോഗ തീരുമാനങ്ങൾ വിശദീകരിച്ച് സാദിഖലി തങ്ങൾ പറഞ്ഞു. ഇതിനായി രാഷ്ട്രീയ പാർട്ടികൾ ഉത്തരവാദിത്ത സമീപനം പുലർത്തണം. വിഷയത്തിൽ സാമുദായിക ധ്രുവീകരണം ഉണ്ടാക്കരുതെന്നും തങ്ങൾ കൂട്ടിച്ചേർത്തു.
രാമക്ഷേത്രം, മുത്തലാഖ്, പൗരത്വ ഭേദഗതി നിയമം എന്നിവക്കുശേഷം ഏക സിവിൽ കോഡുമായി ബി.ജെ.പി രംഗത്തുവരുന്നത് ധ്രുവീകരണ അജണ്ടയുടെ ഭാഗമാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്ര വിഭാഗങ്ങൾക്കെല്ലാം പ്രത്യേക സിവിൽ നിയമങ്ങളുണ്ട്. ഏക സിവിൽ കോഡിനെ കുറിച്ച് പഠിക്കാൻ 2016ൽ മോദി സർക്കാർ നിയോഗിച്ച ജസ്റ്റിസ് ബി.എസ്. ചൗഹാന്റെ നേതൃത്വത്തിലുള്ള ദേശീയ നിയമ കമീഷൻ ഏക സിവിൽ കോഡ് ഇന്ത്യയിൽ പ്രായോഗികമല്ലെന്ന് വ്യക്തമാക്കിയതാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടുകൊണ്ടുള്ള സാമുദായിക ധ്രുവീകരണം മാത്രമാണ് ഈ നീക്കത്തിന് പിന്നിലുള്ളത്.
ഏക സിവിൽ കോഡിൽ നിന്ന് ആദിവാസി ഗോത്ര വിഭാഗങ്ങളെ മാറ്റിനിർത്തണമെന്ന ബി.ജെ.പിയുടെ ആവശ്യത്തിലൂടെ ധ്രുവീകരണ അജണ്ട മറനീക്കി പുറത്തുവന്നിരിക്കുകയാണെന്നും യോഗം വിലയിരുത്തി. പി.കെ. കുഞ്ഞാലിക്കുട്ടി ആമുഖഭാഷണം നിർവഹിച്ചു. പി.എം.എ. സലാം സ്വാഗതം പറഞ്ഞു.
മുസ്ലിംലീഗ് നേതാക്കളായ ഇ.ടി. മുഹമ്മദ് ബഷീർ എം.പി, ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി, കെ.പി.എ. മജീദ് എം.എൽ.എ, ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, വിവിധ സംഘടന പ്രതിനിധികളായ കൊയ്യോട് ഉമ്മർ മുസ്ലിയാർ, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി, എ.വി. അബ്ദുറഹ്മാൻ മുസ്ലിയാർ (സമസ്ത), പ്രഫ. എ.കെ. അബ്ദുൽ ഹമീദ് (സമസ്ത എ.പി വിഭാഗം), എം.കെ. മുഹമ്മദലി, ശിഹാബ് പൂക്കോട്ടൂർ (ജമാഅത്തെ ഇസ്ലാമി), ടി.പി. അബ്ദുല്ലക്കോയ മദനി, ഡോ. ഹുസൈൻ മടവൂർ, ശരീഫ് മേലേതിൽ (കെ.എൻ.എം), സി.പി. ഉമർ സുല്ലമി, ഡോ. ഇ.കെ. അഹമ്മദ് കുട്ടി (കെ.എൻ.എം മർകസുദ്ദഅ്വ), പി.എൻ. അബ്ദുല്ലത്തീഫ് മൗലവി, ടി.കെ. അഷ്റഫ് (വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ), സി.എ. മൂസ മൗലവി, എം.എം. ബാവ മൗലവി, ഡോ. അഹമ്മദ് കബീർ ബാഖവി (ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ), അഷ്റഫ് ബാഖവി (സംസ്ഥാന ജംഇയ്യത്തുൽ ഉലമ), ഡോ. ഫസൽ ഗഫൂർ, ഒ.സി. സ്വലാഹുദ്ദീൻ (എം.ഇ.എസ്), എൻജിനീയർ പി. മമ്മദ്കോയ (എം.എസ്.എസ്), അബുൽ ഖൈർ ഖാസിമി (തബ്ലീഗ് ജമാഅത്ത്) എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.