‘സ്നേഹബന്ധത്തിൽ ജ്യോതിഷം കലർത്തേണ്ട’; എം.വി. ഗോവിന്ദന്‍റേത് സൗഹൃദ സന്ദർശനമെന്ന് മാധവ പൊതുവാൾ
text_fieldsകണ്ണൂർ: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തന്നെ വന്നു കണ്ടിരുന്നുവെന്ന് ജ്യോത്സ്യൻ മാധവ പൊതുവാൾ സ്ഥിരീകരിച്ചു. കുടുംബത്തോടപ്പമാണ് എം.വി. ഗോവിന്ദൻ തന്നെ സന്ദർശിച്ചത്. വർഷങ്ങളായുള്ള ബന്ധമാണ് അദ്ദേഹവുമായുള്ളതെന്നും അസുഖ വിവരം അറിഞ്ഞാണ് കുടുംബസമേതം എത്തിയതെന്നും മാധവ പൊതുവാൾ വ്യക്തമാക്കി. സ്നേഹബന്ധത്തിൽ ജ്യോതിഷം കലർത്തേണ്ട കാര്യമില്ലെന്നും അനാവശ്യ രാഷ്ട്രീയ പ്രചാരണം സഹിക്കാൻ പറ്റാത്തതാണെന്നും അദ്ദേഹം പറഞ്ഞു. എം.വി. ഗോവിന്ദൻ ജ്യോത്സ്യനെ കണ്ടതിൽ വിവാദം ശക്തമാകുന്നതിനിടെയാണ് മാധവ പൊതുവാൾ പ്രതികരണവുമായി രംഗത്തെത്തിയത്.
“മുഹൂർത്തമോ സമയമോ ഒന്നും എം.വി. ഗോവിന്ദൻ ചോദിച്ചിട്ടില്ല. സ്നേഹബന്ധങ്ങളിൽ ജ്യോതിഷം കൂട്ടിക്കലർത്തേണ്ട ആവശ്യമില്ല. എം.വി. ഗോവിന്ദൻ വന്ന് ജാതകം നോക്കി എന്ന പ്രചാരണം സഹിക്കാൻ പറ്റില്ല. അമിത് ഷാ അടക്കമുള്ള ബി.ജെ.പി നേതാക്കളും അദാനി ഉൾപ്പെടെയുള്ള പ്രമുഖ വ്യവസായികളും തന്നെ വന്ന് കാണാറുണ്ട്. അവർ ജ്യോതിഷവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കാറുണ്ട്. അമിഷാ എത്തിയത് ജാതകം നോക്കാനായിരുന്നു. പാർട്ടിക്കകത്തെ പ്രശ്നങ്ങളാകാം ഇപ്പോൾ വിവാദമുണ്ടാകാൻ കാരണം” -മാധവ പൊതുവാൾ പറഞ്ഞു.
എം.വി. ഗോവിന്ദൻ പയ്യന്നൂരിലെ ജോത്സ്യനെ സന്ദർശിച്ച ചിത്രം സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവാദം ഉയർന്നത്. ചില നേതാക്കൾ ജ്യോത്സ്യനെ കാണുന്നുവെന്ന് സി.പി.എം സംസ്ഥാന സമിതിയിൽ വിമർശനമുയർന്നു. എന്നാൽ സംസ്ഥാന സമിതിയിൽ ഒരു വിമർശനവും ഉണ്ടായിട്ടില്ലെന്നും സമൂഹമാധ്യമങ്ങളിൽ വന്നതൊന്നും ശരിയല്ലെന്നും കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മാധ്യമ പ്രവർത്തകരോട് ക്ഷുഭിതനായി ഗോവിന്ദൻ പ്രതികരിച്ചു. ഇതിന് പിന്നാലെ വാർത്തയോട് പ്രതികരിച്ച് പി. ജയരാജൻ രംഗത്തെത്തി. അങ്ങനെയൊരു വിമർശനം ഉയർന്നിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി തന്നെ വ്യക്തമാക്കിയിട്ടുണ്ടല്ലോ എന്ന് പി. ജയരാജൻ പറഞ്ഞു. അതിനപ്പുറം താൻ വ്യക്തമാക്കേണ്ടതില്ലെന്നുമായിരുന്നു പ്രതികരണം.
എന്നാൽ, കമ്യൂണിസ്റ്റുകൾ ജ്യോതിഷികളുടെ വീട്ടിൽ പോയാൽ എന്താണ് കുഴപ്പമെന്നായിരുന്നു മുതിർന്ന നേതാവ് എ.കെ. ബാലന്‍റെ ചോദ്യം. താനുൾപ്പെടെയുള്ള നേതാക്കൾക്ക് ജ്യോതിഷികളുമായി നല്ല ബന്ധമുണ്ട്. ജ്യോതിഷികളുമായും മജീഷ്യൻമാരുമായും സംസാരിക്കാൻ തനിക്ക് പ്രത്യേക താൽപര്യമുണ്ട്. സമയം നോക്കാനോ ജ്യോതിഷം നോക്കാനോ അല്ല ഇവിടെ പോകുന്നത്. ജ്യോത്സ്യൻ പറഞ്ഞ കാര്യങ്ങൾ ഉദ്ധരിച്ച് എ.കെ. ആന്‍റണിക്കെതിരെ താൻ നിയമസഭയിൽ സംസാരിച്ചിരുന്നുവെന്നും എകെ ബാലൻ പറഞ്ഞിരുന്നു. മൂലം നക്ഷത്രത്തിൽ ജനിച്ച ആന്‍റണി, പൂരുരുട്ടാതിയിൽ സത്യപ്രതിജ്ഞ ചെയ്തു എന്നായിരുന്നു ആ പരാമർശം. സി.പി.എം അല്ല കോൺഗ്രസുകാരാണ് കൂടോത്രവും ജ്യോതിഷവുമായി പോകുന്നതെന്ന് എ.കെ. ബാലൻ പറഞ്ഞു. വൈരുദ്ധ്യാത്മക ഭൗതിക വാദത്തിൽ വിശ്വസിക്കുന്നവരാണ് തങ്ങളെന്നും എകെ ബാലൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.