ജീവനക്കാരെ പാഠം പഠിപ്പിക്കാമെന്ന് കരുതേണ്ട -പിണറായി
text_fieldsആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടന്ന സെക്രട്ടേറിയറ്റ് വളയൽ സമരം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം: ജീവനക്കാരോട് അനാവശ്യ ദുർവാശി കാട്ടി, പാഠം പഠിപ്പിച്ചുകളയാമെന്ന് സർക്കാർ വിചാരിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മുമ്പ് ഇതുപോലെ ജീവനക്കാരെ പാഠം പഠിപ്പിക്കാനിറങ്ങിയെങ്കിലും അന്ന് ആരാണ് പാഠം പഠിച്ചതെന്ന് കേരളം കണ്ടതാണ്. 32 ദിവസം പണിമുടക്കടക്കം നടന്നത് ബന്ധപ്പെട്ടവർ ഓർക്കണം. ദുർവാശി കാണിക്കരുത്. ഇത്തരം നീക്കങ്ങൾ ഏതു തരം പ്രതികരണമുണ്ടാക്കുമെന്ന് സർക്കാർ മനസ്സിലാക്കുന്നത് നല്ലതാണെന്നും സമാനമായ പല അനുഭവങ്ങളും നാടിനു മുന്നിലുണ്ടെന്നും പിണറായി പറഞ്ഞു. ശമ്പള പരിഷ്കരണം, പഴയ പെൻഷൻ പദ്ധതി തുടങ്ങി ജീവനക്കാരുടെയും അധ്യാപകരുടെയും വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് നടത്തിയ സെക്രട്ടേറിയറ്റ് വളയൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജീവനക്കാരെ വിശ്വാസത്തിലെടുക്കുന്നതിന് പകരം ശത്രുപക്ഷത്ത് നിർത്തുകയാണ് സർക്കാർ. ഭരണം കിട്ടിയതോടെ സങ്കുചിത താൽപര്യങ്ങളോടെയാണ് നടപടികൾ സ്വീകരിക്കുന്നത്. അഞ്ച് വർഷത്തിലൊരിക്കൽ നടന്ന ശമ്പള പരിഷ്കരണം 10 വർഷത്തിലൊരിക്കലാക്കാനാണ് ശ്രമം. മാനദണ്ഡമില്ലാതെയാണ് സ്ഥലംമാറ്റങ്ങൾ നടക്കുന്നത്. ജീവനക്കാരുടെയും അധ്യാപകരുടെയും വികാരം ഉൾക്കൊള്ളാൻ സർക്കാർ തയാറാകണം. തെറ്റായ നടപടികൾ തിരുത്തണം-പിണറായി വിജയൻ പറഞ്ഞു. ടി.കെ.എ. ഷാഫി അധ്യക്ഷതവഹിച്ചു. എം.വി. ശശിധരൻ, കെ.കെ. ജയചന്ദ്രൻ, സ്റ്റീഫൻ ജോർജ്, എം.എ. അജിത്കുമാർ തുടങ്ങിയവർ സംബന്ധിച്ചു. രാവിലെ എട്ടുമുതൽ സെക്രട്ടേറിയറ്റ് ഉപരോധം തുടങ്ങിയിരുന്നു.

