എൻ.എസ്.എസിനെ രാഷ്ട്രീയപാർട്ടി അനുകൂലികളാക്കാൻ ശ്രമിക്കേണ്ട; നായൻമാരുടെ മാറത്ത് നൃത്തമാടാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും ജി. സുകുമാരൻ നായർ
text_fieldsജി സുകുമാരൻ നായർ
ചങ്ങനാശ്ശേരി: സമരദൂരത്തിൽ കഴിയുന്ന എൻ.എസ്.എസിനെ കമ്യൂണിസ്റ്റും കോൺഗ്രസും ബി.ജെ.പിയുമാക്കാൻ ആരും ശ്രമിക്കേണ്ടെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. 112ാമത് വിജയദശമി നായർ മഹാസമ്മേളനം പെരുന്നയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എൻ.എസ്.എസിന് കമ്യൂണിസ്റ്റുകൾ നിഷിധമൊന്നുമല്ല. നല്ലതിനെ അംഗീകരിക്കും. കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ അംഗീകാരം എൻ.എസ്.എസിന് ആവശ്യമില്ല. സുകുമാരൻ നായരുടെ മാറിൽ നൃത്തമാടുന്നതുപോലെ കേരളത്തിലെ നായൻമാരുടെ മാറത്ത് നൃത്തമാടാമെന്ന് ആരും വ്യാമോഹിക്കേണ്ട. ശബരിമലയിൽ മുൻകാലങ്ങളിലെ പോലെ ആചാരാനുഷ്ഠാനങ്ങൾ ദേവസ്വം ബോർഡ് സംരക്ഷിച്ചുവരുന്ന സന്ദർഭത്തിൽ വികസനംകൂടി വേണം. അതിന് കൂടിയാലോചന വേണമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അയ്യപ്പ സംഗമത്തിൽ എൻ.എസ്.എസ് പ്രതിനിധി പങ്കെടുത്തത്.
രാഷ്ട്രീയമായി സമദൂരത്തിലാണ് പക്ഷേ, സമദൂരത്തിൽ ശരിദൂരം കണ്ടെത്തി. ഇതിൽ രാഷ്ട്രീയം നോക്കിയില്ല. ഇവിടത്തെ മാധ്യമങ്ങൾ വിഷയം വഷളാക്കി. ദൃശ്യമാധ്യമങ്ങളുടെ നീക്കം കാണുമ്പോൾ ഇതിന്റെ പിന്നിൽ ചിലരുടെ ഇടപെടൽ ഉണ്ടെന്ന് വ്യക്തമാണ്. എൻ.എസ്.എസിനെ ആക്ഷേപിക്കാൻ കൂട്ടുനിന്ന ചാനലുകളെ കൈകാര്യം ചെയ്യുമെന്നും ശക്തമായി മറുപടി പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് ഡോ. എം. ശശികുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹരികുമാർ കോയിക്കൽ, ട്രഷറർ അഡ്വ. എൻ.വി. അയ്യപ്പൻപിള്ള, വൈസ് പ്രസിഡന്റ് എം. സംഗീത് കുമാർ, കരയോഗം രജിസ്ട്രാർ വി.വി. ശശിധരൻ നായർ, യൂനിയൻ വൈസ് പ്രസിഡന്റ് എസ്. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

