പരാതിയിൽ ഉറച്ച് ഡോ. ഹാരിസ്, പിന്തുണക്കാതെ മേധാവികൾ; ‘സര്‍ക്കാര്‍ സംവിധാനത്തിലെ സാധാരണയുള്ള കാലതാമസം മാത്രം’
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രതിസന്ധിയെക്കുറിച്ചുള്ള പരാതിയില്‍ ഉറച്ച് ഡോ.ഹാരിസ് ചിറക്കല്‍. പരാതിയിൽ അന്വേഷണം തുടങ്ങിയ വിദഗ്ധസമിതി, ഡോ. ഹാരിസ് അടക്കം എല്ലാ വകുപ്പ് മേധാവികളുടെയും മൊഴിയെടുത്തു. കഴിഞ്ഞ ഒരുവര്‍ഷത്തെ രേഖകള്‍ സംഘം ശേഖരിച്ചു. പ്രിന്‍സിപ്പല്‍, സൂപ്രണ്ട് എന്നിവരും സമിതിക്ക് മൊഴിനല്‍കി.
ഡോ. ഹാരിസ് ചിറക്കലിന്‍റെ തുറന്നുപറച്ചിലിൽ വൻ പ്രതിരോധത്തിലായതോടെയാണ് നാലംഗ അന്വേഷണ സമിതി രൂപവത്കരിച്ചത്. ആലപ്പുഴ, കോട്ടയം മെഡിക്കൽ കോളജുകളിലെ വിദഗ്ധരടങ്ങിയ സംഘം അന്വേഷണം തുടങ്ങി. എല്ലാം തുറന്ന് പറഞ്ഞ ഡോ. ഹാരിസ് ചിറക്കലിന്‍റെ മൊഴിയാണ് വിദഗ്ധസമിതി ആദ്യം രേഖപ്പെടുത്തിയത്. മൊഴിയിൽ ഉറച്ചുനില്‍ക്കുകയാണ് ഡോ. ഹാരിസ് ചിറക്കല്‍ പറഞ്ഞു. ഒരു വര്‍ഷമായി ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ മെല്ലെപ്പോക്കാണെന്ന് വിദഗ്ധസമിതിയെ ഹാരിസ് അറിയിച്ചു.
എന്നാല്‍, ഹാരിസിനെ സൂപ്പര്‍ സ്പെഷ്യാലിറ്റി മേധാവികള്‍ പിന്തുണച്ചില്ല. സര്‍ക്കാര്‍ സംവിധാനത്തിലെ സാധാരണയുള്ള കാലതാമസം മാത്രമെന്നാണ് വകുപ്പ് മേധാവികള്‍ വിദഗ്ധസമിതിയെ അറിയിച്ചത്. സൂപ്രണ്ടും പ്രിന്‍സിപ്പലും ഹാരിസിന്‍റെ വാദം തള്ളി മൊഴി നല്‍കി. രേഖകള്‍ മുഴുവന്‍ വിലയിരുത്തിയശേഷം വിദഗ്ധസംഘം വീണ്ടും തെളിവെടുപ്പിനെത്തും.അതേസമയം, യൂറോളജി വകുപ്പില്‍ തിങ്കളാഴ്ച നിശ്ചയിച്ച ശസ്ത്രക്രിയകള്‍ മുടക്കം കൂടാതെ നടന്നുവെന്നാണ് വിവരം. മറ്റു വകുപ്പുകളിലെ അവസ്ഥകൂടി സമിതി പരിശോധിക്കുന്നുണ്ട്. മെഡിക്കൽ കോളജിലേക്ക് വന്നാൽ എല്ലാം ഓകെ ആണെന്നാണ് കഴിഞ്ഞദിവസം ആരോഗ്യമന്ത്രി പറഞ്ഞത്.
ഉപകരണങ്ങൾ ഇന്ന് എത്തിയേക്കും
തിരുവനന്തപുരം: യൂറോളജി ശസ്ത്രക്രിയ മാറ്റിവെച്ചവർക്കുള്ള ഉപകരണങ്ങൾ ചൊവ്വാഴ്ച രാവിലെ വരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ശസ്ത്രക്രിയ മാറ്റിവെക്കപ്പെട്ടവർ ആശുപത്രിയിൽ കഴിയുകയാണ്.
‘അന്വേഷണ സമിതിയെ നിയോഗിച്ചതിൽ തൃപ്തി’
തിരുവനന്തപുരം: മെഡിക്കൽ കോളജിലെ ചികിത്സാപ്രതിസന്ധിയുമായി ബന്ധപ്പെട്ട് അന്വേഷണ സമിതിയെ നിയോഗിച്ചതിൽ തൃപ്തിയുണ്ടെന്ന് ഡോ. ഹാരിസ് ചിറക്കൽ. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. എല്ലാ വിഷയങ്ങളും സമിതി അന്വേഷിക്കണം. ശാശ്വത പരിഹാരം വേണമെന്നും ഡോ. ഹാരിസ് മാധ്യമങ്ങളോട് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.