‘ശസ്ത്രക്രിയ മുടങ്ങിയതില്‍ വീഴ്ചയില്ല’, സര്‍വിസ് ചട്ടലംഘനത്തിന് ക്ഷമാപണം; കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി ഡോ. ഹാരിസ്
text_fieldsതിരുവനന്തപുരം: ശസ്ത്രക്രിയ മുടങ്ങിയതില്‍ തനിക്ക് വീഴ്ച ഉണ്ടായിട്ടില്ലെന്നറിയിച്ചും സര്‍വിസ് ചട്ടലംഘനത്തിന് ക്ഷമാപണം നടത്തിയും ഡോ. ഹാരിസ് ചിറക്കൽ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നല്‍കി. മെഡിക്കൽ കോളജിലെ ചികിത്സ പ്രതിസന്ധിയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിനെ തുടർന്നാണ് ആരോഗ്യവകുപ്പിൽനിന്ന് നോട്ടീസ് ലഭിച്ചത്. ആരോപണങ്ങൾ നിഷേധിക്കുന്നതാണ് മറുപടി. മറ്റൊരു ഡോക്ടർ പണം നൽകി സ്വന്തമായി വാങ്ങിയ ഉപകരണം തനിക്ക് ഉപയോഗിക്കാനാകില്ലെന്ന് ഡോ. ഹാരിസ് മറുപടിയിൽ പറയുന്നു.
ഉപകരണക്ഷാമം അധികാരികളെ അറിയിച്ചിരുന്നു. സർക്കാറിനെ അപകീർത്തിപ്പെടുത്തി എന്നതടക്കമുള്ള മറ്റ് ആരോപണങ്ങൾ തള്ളിയ ഡോ. ഹാരിസ് സർവിസ് ചട്ടലംഘനത്തിൽ ക്ഷമാപണവും നടത്തി. യൂറോളജി വകുപ്പിലെ രണ്ടാം യൂനിറ്റിന്റെ ചുമതലക്കാരനായ ഡോ. സാജുവിന്റെ കൈവശം പ്രോബ് ഉണ്ടായിരുന്നെന്ന് മറുപടിയിൽ ഡോ. ഹാരിസ് വ്യക്തമാക്കിയെന്നാണ് സൂചന. ആ ഉപകരണം ഉപയോഗിച്ച് നടത്തിയ ശസ്ത്രക്രിയയെക്കുറിച്ചാണ് അന്വേഷണ സമിതി പറയുന്നതെങ്കിൽ അത് തനിക്ക് ചോദിച്ചുവാങ്ങാനാകില്ലെന്നും മറുപടി നൽകി. ഒരു ഡോക്ടർ സ്വന്തമായി വാങ്ങിയ ഉപകരണം താൻ വാങ്ങി ഉപയോഗിക്കുന്നത് തെറ്റല്ലേയെന്ന ചോദ്യവും ഡോ. ഹാരിസ് ഉന്നയിച്ചിട്ടുണ്ടെന്ന് അറിയുന്നു.
മൂത്രാശയക്കല്ല് നീക്കം ചെയ്യുന്ന മെഷീനായ ‘ലിത്തോക്ലാസ്റ്റിൽ’ ഉപയോഗിക്കുന്ന പ്രോബ് ആശുപത്രി അധികൃതർ വാങ്ങി നൽകാത്തതിനാൽ ശസ്ത്രക്രിയകൾ മുടങ്ങിയെന്നായിരുന്നു ഡോ. ഹാരിസിന്റെ വെളിപ്പെടുത്തൽ. ഇതേക്കുറിച്ച് അന്വേഷിച്ച നാലംഗ സമിതി ഡോ. ഹാരിസിനെ പ്രതിസ്ഥാനത്ത് നിർത്തിയാണ് റിപ്പോർട്ട് നൽകിയത്. പ്രോബ് ഇല്ലെന്ന് ഡോ. ഹാരിസ് വെളിപ്പെടുത്തിയതിന്റെ പിറ്റേന്ന് പ്രോബ് ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തിയെന്ന അന്വേഷണ സമിതിയുടെ കണ്ടെത്തലാണ് നോട്ടീസിലെ മുഖ്യ ആരോപണം. ചൊവ്വാഴ്ച മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. പി.കെ. ജബ്ബാറിന് നൽകിയ മറുപടി ഉടൻ ആരോഗ്യ അഡീഷനൽ ചീഫ് സെക്രട്ടറി രാജൻ എൻ. ഖോബ്രഗഡെക്ക് കൈമാറും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.