Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവേടന്റെ ദൃശ്യം...

വേടന്റെ ദൃശ്യം ചാനലുകൾക്ക് കൊടുത്തവർ എന്തുകൊണ്ട് കായംകുളം എം.എൽ.എയുടെ മകനടക്കമുള്ളവരെ പിടിച്ചപ്പോൾ ഇതുപോലെ ചെയ്തില്ല? -ഡോ. ജിന്റോ ജോൺ

text_fields
bookmark_border
വേടന്റെ ദൃശ്യം ചാനലുകൾക്ക് കൊടുത്തവർ എന്തുകൊണ്ട് കായംകുളം എം.എൽ.എയുടെ മകനടക്കമുള്ളവരെ പിടിച്ചപ്പോൾ ഇതുപോലെ ചെയ്തില്ല? -ഡോ. ജിന്റോ ജോൺ
cancel
camera_alt

റാപ്പർ വേടൻ, ഡോ. ജിന്റോ ജോൺ

​കൊച്ചി: വേടന്റെ രാഷ്ട്രീയ ചോദ്യങ്ങളോടും ചെറുത്തുനിൽപ്പുകളോടും യോജിപ്പുണ്ടെന്നും എന്നാൽ, ലഹരി ഉപയോഗത്തോട് വിയോജിക്കുന്നുവെന്നും കോൺഗ്രസ് നേതാവ് ഡോ. ജിന്റോ ജോൺ. ഇക്കാര്യത്തിൽ കേരള സർക്കാരും പൊലീസും എക്സൈസും സ്വീകരിക്കുന്ന ലഹരിവിരുദ്ധ നടപടികളുടെ ഏതു പോസിറ്റീവ് ശ്രമത്തിനും പൂർണപിന്തുണ നൽകുന്നു​വെന്നും അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.

അതേസമയം, ചിലരുടെ മാത്രം സ്വകാര്യയിടങ്ങളിൽ ഒന്നര ഗ്രാം കഞ്ചാവ് പിടിച്ചെടുക്കുമ്പോൾ അതാ ഞങ്ങൾ വലിയ വേട്ട നടത്തിയിരിക്കുന്നുവെന്ന വ്യാജ അവകാശവാദങ്ങളിൽ കേരളം വിശ്വസിക്കണോ എന്ന് അദ്ദേഹം ചോദിച്ചു. വലിയ ശ്രമങ്ങൾ നടത്തുന്നുവെന്ന് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒരുതരം അഭിനയമാണ് ഇതെല്ലാം. ദൃശ്യങ്ങളെടുത്ത് ചാനലുകൾക്ക് കൊടുത്ത് മിടുക്കരാകുന്ന ഇത്തരം അഭ്യാസങ്ങൾക്ക് പുറത്ത് ആത്മാർത്ഥമായ എന്ത് ശ്രമങ്ങളാണ് സിനിമാ മേഖലയിൽ അടക്കമുള്ള ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് സർക്കാർ നടത്തുന്നതെന്നറിഞ്ഞാൽ കൊള്ളാം.

ഇൻഫ്ലുവൻസേഴ്സ് ആയതുകൊണ്ട് അവരെ പിടിക്കുമ്പോൾ കുറെ ആളുകൾ പേടിച്ചു ലഹരി ഉപയോഗിക്കാതിരിക്കുമെന്നുള്ള വരട്ട് ന്യായമാണെങ്കിൽ അത് വിശ്വസിക്കാൻ മാത്രം മൂഡരല്ല മലയാളികൾ. എങ്കിൽ കായംകുളത്ത് എം.എൽ.എയുടെ മകനടക്കമുള്ളവരെ പിടിച്ചപ്പോൾ ഇതുപോലെ ദൃശ്യങ്ങൾ പുറത്തുവിടാതിരുന്നത് എന്തുകൊണ്ടാണ്? അന്ന് നിഷ്പക്ഷമായിരുന്നെങ്കിൽ അത് കുറേക്കൂടി വിശ്വാസ്യത നൽകുമായിരുന്നില്ലേ? അതുകൊണ്ടുതന്നെ നിലപാടുകളിൽ സർക്കാർ സംവിധാനങ്ങൾക്ക് ഇരട്ടത്താപ്പുണ്ടെന്ന് സംശയിക്കേണ്ടിവരും. കാരണം, അന്ന് എംഎൽഎയുടെ മകനെതിരെ നിയമനടപടി സ്വീകരിച്ച ഉദ്യോഗസ്ഥർക്കെതിരെ വൈരാഗ്യബുദ്ധിയോടെ വേട്ടയാടാൻ ആവേശം കാണിച്ച സർക്കാർ സംവിധാനങ്ങൾ തന്നെയാണ് ഇവിടെ വേടനെ പോലുള്ളവരുടെ രാഷ്ട്രീയത്തെ പോലും നിരാകരിക്കുന്ന രീതിയിലുള്ള പ്രചാരണങ്ങൾക്ക് സഹായകരമായ സൗകര്യം ചെയ്തു കൊടുക്കുന്നതും.

മാധ്യമപ്രവർത്തകനെ മദ്യപിച്ച് വാഹനമോടിച്ച് ഇടിച്ചുകൊന്ന കേസിൽ പിണറായി സർക്കാർ പൊത്തിപ്പിടിച്ച് സംരക്ഷിക്കുന്ന ശ്രീരാം വെങ്കിട്ടരാമൻ ഐഎഎസിന് കേസിൽനിന്ന് രക്ഷപെടാൻ ഡയാലിസിസ് നടത്തി രക്തം ശുദ്ധീകരിക്കാൻ സൗകര്യം ചെയ്തുകൊടുത്ത നോക്കുകുത്തികളാണ് കേരള പോലീസിലുള്ളത്. വലിയവനെ കാണുമ്പോഴുള്ള സർക്കാർ സംവിധാനങ്ങളുടെ ഊഞ്ഞാലാട്ടം വേടന്റെ അറസ്റ്റിലും കാണാവുന്നതാണ്. വേടന്റെ മുറിയിൽ നിന്ന് കിട്ടിയ 6 ഗ്രാം കഞ്ചാവ് നിയമവിരുദ്ധമാണ് എന്നുള്ള കാര്യത്തിൽ തർക്കമില്ല. നിയമനടപടി സ്വീകരിക്കുക തന്നെ വേണം. വലിയവന്മാരുടെ അന്തപ്പുരങ്ങളിലിരിക്കുന്ന ആനക്കൊമ്പുകൾക്കെതിരെ നടപടി സ്വീകരിക്കാതിരിക്കുകയും അതെല്ലാം ആനക്കൊമ്പല്ല എന്ന് ചിത്രീകരിക്കപ്പെടുകയും ചെയ്യുമ്പോൾ, വേടന്റെ സ്വാധീനം ഒരുനാൾ കൂടിയാൽ ഈ പുലിനഖം വെറും പൂച്ച നഖമായി മാറുമോ എന്നു കൂടി സംശയമുണ്ട്. വലിയവന്റെ ആനക്കൊമ്പിന് സംരക്ഷണം കൊടുക്കുന്ന മന്ത്രിമാർ കേരളത്തിലുള്ളപ്പോൾ ചെറിയവന് കിട്ടുന്ന സമ്മാനങ്ങൾക്ക് പോലും പേടിക്കേണ്ട ഗതികേടുണ്ട് -അദ്ദേഹം പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

വേടന്റെ രാഷ്ട്രീയ ചോദ്യങ്ങളോടും ചെറുത്തുനിൽപ്പുകളോടും യോജിപ്പ് ഉള്ളപ്പോൾ തന്നെ വേടന്റെ നിരോധിത ലഹരി ഉപയോഗത്തോട് വിയോജിപ്പുമാണ്. ഇക്കാര്യത്തിൽ കേരളത്തിലെ സർക്കാരും പോലീസും എക്സൈസും സ്വീകരിക്കുന്ന ലഹരിവിരുദ്ധ നടപടികളുടെ ഏതു പോസിറ്റീവ് ശ്രമത്തിനും പൂർണപിന്തുണയും.

ലഹരി വ്യാപനത്തിനെതിരെ വർഷങ്ങൾക്കു മുമ്പ് നിയമസഭയിൽ തന്നെ നിലപാട് പ്രഖ്യാപിച്ച് പ്രചരണം തുടങ്ങിയ കേരളത്തിന്റെ പ്രതിപക്ഷ നേതാവിന്റെയും യുഡിഎഫ്, യൂത്ത്കോൺഗ്രസ്, കെഎസ്‌യു സംഘടനകളുടെയും നിലപാടിനൊപ്പം തന്നെയാണ് ഞാനും. നിലപാടുകളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാമെങ്കിലും മറ്റ്‌ രാഷ്ട്രീയ സംഘടനകളുടെ ശ്രമങ്ങളെയും വിലമതിക്കുന്നു. പക്ഷേ എവിടെയൊക്കെയോ നമ്മുടെ ശ്രമങ്ങൾക്ക് പോരായ്മകൾ സംഭവിക്കുന്നുണ്ടെന്ന കാര്യം തീർച്ചയുണ്ട്. സർക്കാർ ആത്മാർത്ഥമായിട്ടാണ് ശ്രമിക്കുന്നെങ്കിൽ പിന്നെ ഉദ്യോഗസ്ഥരുടെ ഉഴപ്പ് കൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നതെന്ന ഉത്തരം നൽകണം.

അപ്രിയ ചോദ്യങ്ങൾ ഉയരുമ്പോൾ 'കേരളം എന്തൊരു മാറ്റമാണ് മാറിയിരിക്കുന്നത്' എന്ന് അതിശയോക്തി കലർന്ന പ്രചരണ വാചകങ്ങളല്ല വേണ്ടത്. കേരളത്തിൽ 350 ശതമാനത്തോളം ലഹരി ഉപയോഗം വർദ്ധിച്ചു എന്നുള്ളതും ആശങ്കപ്പെടുത്തേണ്ടതല്ലേ? ആ ചോദ്യത്തിന് ഉത്തരമായി രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളുടെ വർദ്ധനവും പ്രതിയാക്കപ്പെട്ട ആളുകളുടെ എണ്ണവും പറയുന്നത് കപടതയല്ലേ? കേസുകളുടെ എണ്ണം കൂടുന്നതുകൊണ്ട് ഇവിടെ ലഹരി ഉപയോഗം തീർന്നുപോയി എന്നു പറഞ്ഞാൽ, ദിനംപ്രതി പുതിയതായി പിടിക്കപ്പെടുന്നവർ പിന്നെ മാനത്ത് നിന്ന് വീഴുന്നതാണോ? നമ്മുടെ ലഹരിവിരുദ്ധ പ്രതിരോധം എവിടെയോ പാളുന്നുണ്ടെന്നതിന്റെ തെളിവാണ് ഓരോ വട്ടവും വിതരണത്തിനും ഉപയോഗത്തിനും അറസ്റ്റ് ചെയ്യപ്പെടുന്ന ആളുകൾ വീണ്ടും വീണ്ടും അറസ്റ്റ് ചെയ്യപ്പെടുന്ന സാഹചര്യമുണ്ടാകുന്നത്.

ജയിലിൽ നിന്ന് പുറത്തിറങ്ങുമ്പോൾ വീണ്ടും ഇതേ മാർഗത്തിൽ പോകുന്നതിനെ തടയാൻ സർക്കാരിന്റെ പക്കൽ ഒരു പദ്ധതിയുമില്ല.

സിന്തറ്റിക് ലഹരി വസ്തുക്കളുടേയും കഞ്ചാവിന്റേയും ഉറവിടത്തിൽ നിന്നുള്ള വരവ് തടയാനുള്ള ശ്രമങ്ങൾ കാര്യക്ഷമമായി നടക്കുന്നില്ല. അങ്ങനെയൊന്നും പുറം ലോകമറിയുന്നുമില്ല. അങ്ങനെ ഉറവിട വേട്ട നടത്തുന്നുണ്ടെങ്കിൽ ഒന്നര ഗ്രാം കഞ്ചാവിന് കൊടുക്കുന്നതിന്റെ നൂറിലൊന്ന് പ്രചരണം അതിന് നൽകാത്തതെന്ത്. അതിനർത്ഥം അങ്ങനെയൊന്നും നടക്കുന്നില്ല എന്ന് തന്നെയാണ്.

ഈ ലഹരി വസ്തുക്കൾ ഉപേക്ഷിക്കണം എന്ന് ഉപദേശിക്കുന്നതിനൊപ്പം അവർക്ക് ആൾട്ടർനേറ്റീവായി എന്തുണ്ട് സർക്കാർ വാഗ്ദാനം എന്നുകൂടി പറയാനുള്ള ബാധ്യത ഉത്തരവാദിത്തപ്പെട്ടവർക്കുണ്ട്. ആധുനിക സമൂഹത്തിലിരുന്ന് നിങ്ങൾ മദ്യവും പുകവലിയും ലഹരിവസ്തുക്കളും ഉപേക്ഷിക്കൂ എന്ന് പറയുമ്പോൾ പകരം അവർക്ക് ലഹരിയാകേണ്ടുന്ന എന്തുണ്ട് ഈ പരിഷ്കൃത സമൂഹത്തിൽ. ലഹരി ഉപയോഗിക്കുന്നവരെ വിടുതൽ വരുത്താനായി എന്ത് സംവിധാനങ്ങളാണ് സർക്കാർ ഒരുക്കിയിട്ടുള്ളത്. എത്രത്തോളം ഡി-അഡിക്ഷൻ സെന്ററുകൾ സർക്കാർ സംവിധാനത്തിലുണ്ട്? നിരോധിതവും അല്ലാത്തതുമായ ലഹരികളിലേക്ക് പിന്നീട് പോകാതിരിക്കാനുള്ള മറ്റെന്തെങ്കിലും സംവിധാനങ്ങൾ ഒരുക്കുന്നുണ്ടോ? ഉപദേശം കൊണ്ട് മാത്രം ഒരു തലമുറയെയും ലഹരിയിൽ നിന്ന് പിൻതിരിപ്പിക്കാൻ സാധിക്കില്ല എന്നുള്ള സാമാന്യ ബോധം പോലുമില്ലാത്തത് ഒരുതരത്തിൽ ആത്മാർത്ഥതക്കുറവ് കൂടിയാണ്.

ചില ആളുകൾക്ക് അധികാരവും അഴിമതിയുമാണ് ലഹരി, കാരണഭൂതനെ പോലെ. ചിലർക്ക് വർഗീയതയാണ് ലഹരി, സംഘികളെ പോലെ. ചിലയാളുകൾക്ക് സിന്തറ്റിക് ഡ്രഗ്സാണ്, ഷൈൻ ടോമിനെ പോലെ. ചിലയാളുകൾക്ക് കഞ്ചാവാണ് ലഹരിയെങ്കിൽ ചിലയാളുകൾക്ക് ലഹരിക്കേസിൽ ഉൾപ്പെടുന്നവരെ സംരക്ഷിക്കുന്നതാണ് ലഹരി, കായംകുളത്തെ പ്രതിഭയെ പോലെ. ചില ആളുകൾക്ക് പുകയാണ് ലഹരി, കനിവിനെ കാത്ത് തലോടിയ സജി ചെറിയാനെപ്പോലെ. അല്ലെങ്കിൽ തന്നെ ചുണ്ടിലെരിയുന്ന ഹവാനാ ചരുട്ടുമായി നിൽക്കുന്ന ചെഗുവേര മോഡലായ കുറേപ്പേർക്ക് കഞ്ചാവിനോടുള്ള എതിർപ്പ് എത്രത്തോളം ആത്മാർഥമാകും! അതുകൊണ്ട്, ലഹരി ഓരോരുത്തരുടെയും വ്യക്തിപരമായ ചോയിസാണ്. അത് കള്ളും വിദേശനിർമ്മിത മദ്യവും തുടങ്ങിയങ്ങോട്ട് അറ്റത്തേക്കുള്ള സിന്തറ്റിക് ഡ്രഗ്സ് വരെയുള്ള പലതും. കേരളത്തിലെ രാഷ്ട്രീയ സംവിധാനങ്ങളും ഭരണ നേതൃത്വവും ഉദ്യോഗസ്ഥ പോലീസ് സംവിധാനങ്ങളും എത്ര ആത്മാർത്ഥതയോടെയാണ് ഇതെല്ലാം കൈകാര്യം ചെയ്യുന്നതെന്ന് ഇവിടെയാണ്‌ നമ്മൾ വിലയിരുത്തേണ്ടത്.

കോവിഡ് കാലത്ത് മദ്യത്തിന്റെ ലഭ്യത കുറഞ്ഞപ്പോൾ ചുമമരുന്നും സാനിറ്റൈസറും കുടിച്ച ആളുകളുള്ള നാടാണ് കേരളം. ഈ സാഹചര്യത്തിൽ പൂർണ്ണമായ ലഹരി നിരോധനം എത്രത്തോളം സാധ്യമാണെന്ന് കൂടി പരിശോധിക്കണം. പൊടി കലക്കിയ വ്യാജകള്ളും സിന്തറ്റിക് ഡ്രഗായി പരിഗണിക്കേണ്ടതല്ലേ?

ഉപയോഗിക്കുന്നവരെ മുഴുവൻ സാമൂഹ്യ ബഹിഷ്കരണവും തൊഴിൽ നിഷേധവും നടത്തണമെന്നൊക്കെ പറയുന്നത് മറ്റൊരു തരത്തിലുള്ള പ്രാകൃതനായ പരിപാടിയാണ്. ഒഴിവാക്കലല്ല, അവരെയൊക്കെ തിരുത്തി കൂടെ നിർത്തലാണ് വേണ്ടത്. അങ്ങനെ തിരുത്താൻ നമ്മുടെ കയ്യിൽ ബദൽ മാർഗ്ഗങ്ങളെന്തുണ്ട്? ഉപദേശത്തിനപ്പുറം അവരെ ആകർഷിക്കാൻ നമുക്കൊന്നുമില്ലെങ്കിൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം സംസ്ഥാനം ഭരിക്കുന്ന സർക്കാരിന് തന്നെയാണ്. കാരണം, 'എന്തൊരു മാറ്റമാണ് നമ്മുടെ നാട് മാറിയത്' എന്ന് അത്ഭുതം കൊള്ളുന്നവർ ഇതിനും ഉത്തരവാദികളാകണമല്ലോ.

നിരന്തരം പരാതികൾ ഉയരുമ്പോൾ ആദ്യം വേട്ടയാടി പിടിക്കുന്ന സർക്കാരിന്റെ സ്ഥിരം വേട്ടമൃഗമായി ഷൈൻ ടോം ചാക്കോയെ ആഘോഷിക്കുന്നതും അത്ര ശരിയല്ല. ഈ ബഹളം കേട്ടാൽ തോന്നും കേരളത്തിലെ സിന്തറ്റിക് ലഹരിയുടെ മൊത്തക്കച്ചവടക്കാരൻ അയാളാണെന്ന്. അങ്ങനെയല്ല ഒരുപാട് മിടുക്കന്മാരും പകൽ മാന്യന്മാരും ലഹരി ഉപയോഗിച്ചുള്ള ഷൈനിന്റെ വിക്രിയകളുടെ ബലത്തിൽ രക്ഷപ്പെട്ട് പോകുന്നത് കാണാതെ അയാളുടെ സാമൂഹ്യ ഇടപെടലുകളെ വിമർശിച്ചുകൊണ്ടും പക്ഷം പിടിച്ചുമുള്ള ചർച്ചകളിൽ വിസ്മരിക്കുന്നത് വൻസ്രാവുകൾ സുഖമായി നീന്തുന്നുണ്ടെന്നത് തന്നെയാണ്. സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പീഡനങ്ങളും മറ്റുള്ള തൊഴിൽ വിവേചനങ്ങളും അടിസ്ഥാനസൗകര്യ വിവേചനങ്ങളും ഉൾപ്പടെയുള്ള പ്രശ്നങ്ങൾക്കുള്ള ഒറ്റമൂലിയായി അവതരിപ്പിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിൻമേൽ എന്ത് നടപടിയെടുത്തുവെന്ന് ചോദിക്കുമ്പോൾ ഒന്നുമില്ലെന്ന് കൈമലർത്തി കാണിക്കുന്ന ഒരു സർക്കാരിന് എളുപ്പത്തിലുള്ള ഒരു ക്യാപ്സുകൾ മാത്രമാണ് ഷൈൻ.

എല്ലാ ചോദ്യങ്ങൾക്കും ഉത്തരമായി സർക്കാർ സംവിധാനങ്ങളിലെ ക്യാപ്സുകൾ നിർമ്മാണ ഫാക്ടറിയിൽ നിന്ന് വരുന്ന മറുപടി, 2015ലെ കേരളത്തിലെ ആദ്യത്തെ കൊക്കൈയിൻ കേസിൽ ഷൈൻ ടോം ചാക്കോ വെറുതെ വിടപ്പെട്ടത് അന്നത്തെ സർക്കാരിന്റെ പരാജയമാണെന്നുള്ള സിപിഎം ഭാഷ്യമാണ്. യുഡിഎഫ് സർക്കാരിന് വേണ്ടപ്പെട്ടവൻ ആയിരുന്നില്ല ഒരുകാലത്തും ഷൈൻ. പിണറായി വിജയന്റെ സർക്കാരിന് ആശംസ പറഞ്ഞ, വിജയത്തിൽ ആഹ്ലാദിച്ച, എൽഡിഎഫിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച, ലഹരി വസ്തുക്കൾ ഉപയോഗിച്ച് അർമാദിക്കുകയും വകതിരിവില്ലാതെ പെരുമാറുകയും ചെയ്യുന്ന അയാൾ യുഡിഎഫിന് പ്രിയപ്പെട്ടവനായിരുന്നില്ല. സ്വാഭാവികമായും അയാൾ കേസിൽ നിന്ന് രക്ഷപെട്ടതിൽ യുഡിഎഫിന് രാഷ്ട്രീയ ഉത്തരവാദിത്വവുമില്ല. അന്നത്തെ പോലീസ് ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അത് തിരിച്ചറിഞ്ഞ് തിരുത്തേണ്ടത് പ്രോസിക്യൂഷന്റെയും പിന്നീട് വന്ന സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും ഉത്തരവാദിത്വമായിരുന്നില്ലേ? കേസ് വെറുതെ വിടുമ്പോൾ വീഴ്ചകൾ മുഴുവൻ 9 വർഷങ്ങൾക്ക് മുൻപുള്ള സർക്കാരിന്റെ തലയിൽ കെട്ടിവയ്ക്കുമ്പോൾ ഇക്കണ്ട കാലം കോടതി മുറിയിൽ കോട്ടിട്ട് വാദിക്കാൻ നടന്ന പിണറായി വിജയൻ നിയോഗിച്ച പബ്ലിക് പ്രോസിക്യൂട്ടറും പോലീസ് ഉദ്യോഗസ്ഥരടക്കമുള്ളവരും എകെജി സെന്ററിലെ പരിപ്പുവട വിഴുങ്ങി നിൽക്കുകയായിരുന്നോ? സിപിഎം വാദം മുഖവിലക്കെടുത്താൽ, വണ്ടിപ്പെരിയാറിലെ അഞ്ച് വയസ്സുകാരി പെൺകുട്ടിയെ പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കിയ അർജുൻ കേസിൽ നിന്ന് രക്ഷപ്പെട്ട പ്രോസിക്യൂഷൻ പരാജയത്തിന്റെ പേരിലും പോലീസ് അന്വേഷണ വീഴ്ചയുടെ പേരിലും പിണറായി വിജയനെന്ന ആഭ്യന്തര പരാജയൻ രാജിവക്കേണ്ടതല്ലേ? അതുകൊണ്ട് മരവാഴകളോട് മാനമുണ്ടോയെന്ന് ചോദിക്കുന്നില്ല. വാക്കിന് വിലയുള്ളവരും ഉളുപ്പുള്ളവരും കേരളത്തിലെ മാർക്സിസ്റ്റ് പാർട്ടിയിൽ അന്യം നിന്നുപ്പോയല്ലോ!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:u prathiba mlavedanJinto John
News Summary - Dr Jinto John about vedan and prathiba mla Dr Jinto John about vedan and prathiba mla
Next Story