Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകമ്യൂണിസ്റ്റ്...

കമ്യൂണിസ്റ്റ് തത്വചിന്തകൻ ഡോ. എം.പി. പരമേശ്വരൻ അന്തരിച്ചു

text_fields
bookmark_border
കമ്യൂണിസ്റ്റ് തത്വചിന്തകൻ ഡോ. എം.പി. പരമേശ്വരൻ അന്തരിച്ചു
cancel


തൃശൂർ: പ്രമുഖ ആണവ ശാസ്ത്രജ്ഞനും കമ്യൂണിസ്റ്റ് തത്വചിന്തകനും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ അമരക്കാരിലൊരാളുമായിരുന്ന ഡോ. എം.പി. പരമേശ്വരൻ (92) അന്തരിച്ചു. തൃശൂരിലെ വസതിയിലായിരുന്നു അന്ത്യം.

1935 ജനുവരി 18ന് തൃശൂർ ജില്ലയിലെ കിരാലൂർ ഗ്രാമത്തിലാണ് ജനനം. തിരുവനന്തപുരം എൻജിനീയറിങ് കോളജിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ അദ്ദേഹം, റഷ്യയിലെ മോസ്കോ പവർ ഇൻസ്റ്റിറ്റ്യൂറ്റിൽ നിന്ന് ന്യൂക്ലിയർ എൻജിനീയറിങ്ങിൽ പിഎച്ച്ഡി നേടി. തുടർന്ന് 1957 മുതൽ 1975 വരെ ബാഭാ ആറ്റോമിക് റിസർച്ച് സെന്ററിൽ ശാസ്ത്രജ്ഞനായി സേവനം അനുഷ്ഠിച്ചു. പിന്നീട് ഔദ്യോഗിക ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം മുഴുവൻസമയ സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞത്.

ശാസ്ത്രത്തെ ജനകീയവൽക്കരിക്കുന്നതിൽ വലിയ പങ്കുവഹിച്ച കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായി നിലകൊണ്ടു. ഓൾ ഇന്ത്യ പീപ്പിൾസ് സയൻസ് നെറ്റ്‍വർക്കിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ അദ്ദേഹം, ദേശീയതലത്തിൽ സാക്ഷരതാ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനും മുൻനിരയിൽ പ്രവർത്തിച്ചു.

മാർക്സിസ്റ്റ് ദാർശനിക തലത്തിൽ വലിയ ചർച്ചകൾക്ക് തിരികൊളുത്തിയ അദ്ദേഹത്തിന്റെ ‘നാലാംലോക സിദ്ധാന്തം’ രാഷ്ട്രീയ കേരളത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടർന്ന് പാർട്ടി നിലപാടുകളുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് 2004ൽ അദ്ദേഹത്തെ സി.പി.എമ്മിൽനിന്ന് പുറത്താക്കുകയുണ്ടായി.

പരിസ്ഥിതി, മാലിന്യസംസ്കരണം തുടങ്ങി വിവിധ വിഷയങ്ങളിൽ അദ്ദേഹത്തിന്റെ പഠനങ്ങൾ ശ്രദ്ധേയമാണ്. കേരള സാഹിത്യ അക്കാദമി നൽകുന്ന സമഗ്ര സംഭാവനക്കുള്ള പുരസ്കാരം 2017ൽ ലഭിച്ചു.

മലയാളത്തിൽ 29 ജനപ്രിയ ശാസ്ത്ര പുസ്തകങ്ങളും ഇംഗ്ലീഷിൽ രണ്ട് പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nuclear scientistCommunistParameswaranObituary
News Summary - കമ്യൂണിസ്റ്റ് തത്വചിന്തകൻ ഡോ. എം.പി. പരമേശ്വരൻ അന്തരിച്ചു
Next Story