'ഞാൻ പഠിച്ച മെഡിക്കൽ സയൻസിൽ ഈ സൂക്കേടിന് മരുന്നില്ല, ജി... മാഫ് കീജിയെ'; ആ 'പ്രത്യേക മതവിഭാഗത്തിൽ പെട്ടവരെ' മലപ്പുറത്ത് വന്ന് ഉപദ്രവിക്കണേൽ കുറിയിട്ടവരുടെ നെഞ്ചത്ത് ചവിട്ടിക്കയറിയ ശേഷമേ പറ്റൂ'
text_fieldsമലപ്പുറത്ത് റമദാൻ മാസം പച്ചവെള്ളം കുടിക്കാൻ കിട്ടില്ലെന്ന ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍റെ വിദ്വേഷ പരാമർശനത്തിന് മറുപടിയുമായി ഡോ. ഷിംന അസീസ്. മലപ്പുറത്തിനെതിരായ കെ. സുരേന്ദ്രന്റെ പ്രസ്താവന കേട്ടപ്പോൾ ആസൂത്രിതമായൊരു വിദ്വേഷപ്രചരണത്തിന്റെ ഡോഗ് വിസിൽ ആയിട്ടാണ് തോന്നിയത്. മലപ്പുറത്തിനെതിരെ നട്ടാൽ കുരുക്കാത്ത നുണ പറഞ്ഞിട്ട് അതിന്റെ ഇടേൽ കൂടി വാക്സിൻ വിരുദ്ധത തിരുകി ബാലൻസ് ആക്കാൻ നോക്കണ്ട. വാക്സിൻ വിരുദ്ധത ഏറിയും കുറഞ്ഞും ലോകത്ത് എല്ലായിടത്തുമുണ്ട്. സുരേന്ദ്രൻ പറഞ്ഞ ആ 'പ്രത്യേക മതവിഭാഗത്തിൽ പെട്ടവരെ' മലപ്പുറത്ത് വന്ന് ഉപദ്രവിക്കണേൽ കുറിയിട്ടവരുടെ നെഞ്ചത്ത് ചവിട്ടിക്കയറിയ ശേഷമേ പറ്റൂ. ഞാൻ പഠിച്ച മെഡിക്കൽ സയൻസിൽ ഈ സൂക്കേടിന് മരുന്നില്ല. ജി... മാഫ് കീജിയെ -ഷിംന അസീസ് ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.
ഡോ. ഷിംന അസീസിന്‍റെ കുറിപ്പ്: മലപ്പുറത്തിനെതിരായ കെ. സുരേന്ദ്രന്റെ പ്രസ്താവന കേട്ടപ്പോൾ ആസൂത്രിതമായൊരു വിദ്വേഷപ്രചരണത്തിന്റെ ഡോഗ് വിസിൽ ആയിട്ടാണ് തോന്നിയത്. റംസാൻ മാസം രാമനാട്ടുകര തൊട്ട് തൃശൂർ ബോർഡർ വരെ പച്ച വെള്ളം കിട്ടാതെ അയാൾ വശം കെട്ടിട്ടുണ്ടത്രേ. മുപ്പത്തേഴ് കൊല്ലമായി സാറെ ഇവിടെ മലപ്പുറത്തിന്റെ മണ്ണിൽ ജീവിക്കുന്നു. ഈ നാട്ടിലും ഇതിന് പുറത്തും സ്ഥിരമായി തെക്കുവടക്ക് യാത്ര ചെയ്യാറുമുണ്ട്. മലപ്പുറത്ത് ഒരു ടൗണിലും നോമ്പിന് തുറക്കുന്ന കുറച്ച് ഹോട്ടലുകൾ എങ്കിലും ഇല്ലാതില്ല. ബഹുഭൂരിപക്ഷം മുസ്ലിങ്ങൾ ഉള്ള ജില്ലയിൽ, എല്ലാ ഹോട്ടലും ആഘോഷമായി തുറന്നു ചോറും കൂട്ടാനും ഉണ്ടാക്കീട്ട്, ഉണ്ണാൻ ആളില്ലാതെ അവർക്ക് ഉണ്ടാകുന്ന സാമ്പത്തികനഷ്ടം താൻ വീട്ടുമോ?എല്ലാ നോമ്പിനും ഈ ചീത്തപ്പേര് കേൾപ്പിക്കാൻ താനും കൂട്ടരും പരമാവധി ശ്രമിക്കുന്നത് കൊണ്ട് ഞങ്ങളുടെ കൈയിൽ റംസാനിൽ മലപ്പുറത്തെ ഓരോ ടൗണിലും തുറക്കുന്ന റസ്റ്ററന്റ് പേരുകളുടെ വല്യൊരു ലിസ്റ്റും ഉണ്ട്. എല്ലാ വർഷവും ഫെയിസ്ബുക്കിൽ ആരെങ്കിലുമൊക്കെ അതിടാറുമുണ്ട്... അല്ലേൽ മഞ്ഞക്കണ്ണട മാറ്റി നോക്കിയാലും മതി. കാണാതിരിക്കില്ല.
ആ പിന്നെ, മലപ്പുറത്തിനെതിരെ നട്ടാൽ കുരുക്കാത്ത നുണ പറഞ്ഞിട്ട് അതിന്റെ ഇടേൽ കൂടി ഇവിടത്തെ വാക്സിൻ വിരുദ്ധത തിരുകി ബാലൻസ് ആക്കാൻ നോക്കണ്ട.. വാക്സിൻ വിരുദ്ധത ഏറിയും കുറഞ്ഞും ലോകത്ത് എല്ലായിടത്തുമുണ്ട്. കേരളത്തിലെ, പ്രത്യേകിച്ച് സ്വന്തം ജില്ലയിലെ വാക്സിൻ വിരുദ്ധതക്ക് എതിരെ ഏതാണ്ട് ഏഴെട്ട് കൊല്ലമായി തുടർച്ചയായി പ്രവർത്തിക്കുന്ന അനുഭവം വെച്ചു തന്നെ പറയുകയാ... ഒരു പക്ഷേ കേരളത്തിലെ തന്നെ ഏറ്റവും നല്ല പൊതുജനാരോഗ്യ വ്യവസ്ഥ ഇന്ന് മലപ്പുറത്തെ ആരോഗ്യവകുപ്പിന് കീഴിലുണ്ട്. നിങ്ങളെ പോലെ വായുവിൽ നിന്ന് എടുത്ത് ഗീർവാണമടിക്കുന്നതല്ല. വീട് വീടാന്തരം കയറിയിറങ്ങി ആവർത്തിച്ചു പറഞ്ഞ് മനസ്സിലാക്കി കുട്ടികളെ വാക്സിനേറ്റ് ചെയ്യിക്കുന്ന ആശ വർക്കർ മുതൽ ഡിസ്ട്രിക്റ്റ് ഓഫീസർ വരെ ഞങ്ങൾക്കുണ്ട്, പലപ്പോഴായി അവർക്കൊപ്പം പ്രവർത്തിക്കാൻ ഭാഗ്യവും ഉണ്ടായിട്ടുണ്ട്. ഞങ്ങടെ പണി വളരെ നന്നായി ചെയ്യാൻ ഞങ്ങൾക്കറിയാം, അത് നോക്കാൻ പുറത്തൂന്ന് ആളെ എടുക്കുന്നില്ല. മുതലക്കണ്ണീർ സപ്ലൈ തീരെ എടുക്കുന്നില്ല.
പണ്ട് ഒരു പാവം ഗർഭിണി പിടിയാനയുടെ വായിൽ പടക്കം പൊട്ടിയതും ഞങ്ങളുടെ മണ്ടയിൽ ആയിരുന്നു. ആനക്ക് പരിക്ക് പറ്റിയത് പാലക്കാട് ജില്ലയിൽ നിന്നായിരുന്നു. അങ്ങനെ നാട്ടുകാരുടെ മൊത്തം തെറി ഒരു കാര്യോമില്ലാതെ കേൾക്കാൻ ഞങ്ങളെ ഇവിടെ ഇതിനായി നേർച്ചക്കിട്ടതാണോ?
എന്തേലുമൊക്കെ വിളിച്ചു പറഞ്ഞ് വെറുപ്പ് പടർത്തി ഞങ്ങളുടെ ജില്ലയെ ഒറ്റപ്പെടുത്താൻ കുറെയായി ശ്രമിക്കുന്നു. നടക്കൂല ആശാനേ... കാര്യം എന്താന്നറിയോ? താൻ പറഞ്ഞ ആ 'പ്രത്യേക മതവിഭാഗത്തിൽ പെട്ടവരെ' മലപ്പുറത്ത് വന്ന് ഉപദ്രവിക്കണേൽ കുറിയിട്ടവരുടെ നെഞ്ചത്ത് ചവിട്ടിക്കയറിയ ശേഷമേ പറ്റൂ... ഒരു ന്യൂസ് കണ്ടിരുന്നോ, നോമ്പിന് പച്ചവെള്ളം പോലും കിട്ടാത്ത മലപ്പുറത്തെ' കൊണ്ടോട്ടിയിൽ പ്രൈവറ്റ് ബസിൽ യാത്ര ചെയ്യുന്ന എല്ലാ മതവിഭാഗക്കാരും ഒന്നിച്ചു നോമ്പുതുറ സമയത്ത് ഭക്ഷണം കഴിക്കുന്നതും, സ്നേഹം പങ്കു വെക്കുന്നതും? ഇത് കൊണ്ടൊക്കെയാണല്ലോ തന്നെ പോലുള്ളവർക്ക് മലപ്പുറം എന്ന് കേൾക്കുമ്പോ ചോര തിളക്കുന്നത് ഞരമ്പുകളിൽ...
ഞാൻ പഠിച്ച മെഡിക്കൽ സയൻസിൽ ഈ സൂക്കേടിന് മരുന്നില്ല ജി... മാഫ് കീജിയെ... മലപ്പുറത്ത് നിന്നും, ഡോ. ഷിംന അസീസ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.