ഡോ. വന്ദന ദാസിനെ തുരുതുരെ കുത്തുന്നത് കണ്ടതായി ദൃക്സാക്ഷി; ‘കുത്താൻ ഉപയോഗിച്ചത് ആശുപത്രിയിൽ ഉപയോഗിക്കുന്ന സർജിക്കൽ കത്രിക’
text_fieldsകൊല്ലം: ഡോ. വന്ദന ദാസിനെ പ്രതി സന്ദീപ് കൊലപ്പെടുത്തുന്നതിനായി ആക്രമിക്കുന്നത് താൻ കണ്ടെന്ന് കോടതിയിൽ ദൃക്സാക്ഷിയുടെ മൊഴി. ഡോ. വന്ദനദാസ് കൊലപാതകക്കേസ് സാക്ഷികളുടെ വിചാരണയുടെ ആദ്യദിനത്തിലാണ് ഒന്നാം സാക്ഷിയായ ഡോ. മുഹമ്മദ് ഷിബിൻ പ്രോസിക്യൂഷന്‍റെ ചോദ്യത്തിന് മൊഴിനൽകിയത്.
ബുധനാഴ്ച കൊല്ലം അഡീഷനൽ സെഷൻസ് ജഡ്ജി പി.എൻ. വിനോദ് മുമ്പാകെയാണ് സംഭവദിവസം കാഷ്വൽറ്റിയിൽ ജോലി നോക്കിയിരുന്ന ഡോക്ടറെ സ്പെഷൽ പ്രോസിക്യൂട്ടർ വിസ്തരിച്ചത്. സംഭവദിവസം രാവിലെ അഞ്ചോടെ, പൂയപ്പള്ളി പൊലീസ് പ്രതിയെ കൊട്ടാരക്കര ഗവ. ആശുപത്രിയിൽ കൊണ്ടുവന്നതായും തുടർന്ന്, സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ പ്രതി തലയിൽ കുത്തുന്നത് കണ്ടതായുമാണ് മൊഴി.
തുടർന്ന്, ആശുപത്രിയിലെ നിരീക്ഷണമുറിയിൽവെച്ച് പ്രതി വന്ദനയെ തുരുതുരെ കുത്തുന്നത് കണ്ടതായും സാക്ഷി പറഞ്ഞു. അക്രമിയെ അറിയാമോ എന്ന സ്പെഷൽ പ്രോസിക്യൂട്ടറുടെ ചോദ്യത്തിന് സാക്ഷി പ്രതി സന്ദീപിനെ ചൂണ്ടിക്കാട്ടി. ആശുപത്രിയിൽ ഉപയോഗിക്കുന്ന തരം സർജിക്കൽ കത്രികയാണ് പ്രതി വന്ദനയെ കുത്തിക്കൊലപ്പെടുത്താനും മറ്റുമായി ഉപയോഗിച്ചതെന്ന് സാക്ഷി മൊഴി നൽകി. കോടതിയിലുണ്ടായിരുന്ന ആയുധവും പ്രതി തിരിച്ചറിഞ്ഞു.
കൃത്യസമയം പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങളും ഡോക്ടർ വന്ദനയുടെ സ്തെതസ്കോപ്പും വസ്ത്രങ്ങളും സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു. കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് അന്വേഷണവിഭാഗം നടത്തിയ അന്വേഷണത്തെത്തുടർന്ന് ഹാജരാക്കിയ കുറ്റപത്രത്തിൽ 35ഓളം ഡോക്ടർമാരെ കേസിൽ സാക്ഷിയാക്കിയിട്ടുണ്ട്. കേസിലെ ആദ്യ 50 സാക്ഷികളെയാണ് കേസിന്റെ ആദ്യ വിചാരണഘട്ടത്തിൽ കോടതി മുമ്പാകെ വിസ്തരിക്കുന്നത്.
എന്നാൽ, സംഭവം നടന്നശേഷം പൊലീസിനു നൽകിയ മൊഴിയിൽ പറയാത്ത കാര്യങ്ങളാണ് ഒന്നാംസാക്ഷി ഷിബിൻ കോടതിയിൽ നൽകിയതെന്നും ഒരാഴ്ചക്കുശേഷമാണ് മൊഴിനൽകിയതെന്നും 12 ദൃക്സാക്ഷികളുടെ മൊഴി കേട്ടതിനുശേഷമേ സാക്ഷിവിസ്താരം തുടങ്ങാവൂവെന്ന് പ്രതിഭാഗം അപേക്ഷ നൽകിയതായും പ്രതിഭാഗം അഭിഭാഷകൻ ബി.എ. ആളൂർ വിചാരണക്കുശേഷം പ്രതികരിച്ചു. തുടർ സാക്ഷിവിസ്താരം വെള്ളിയാഴ്ച നടക്കും. കേസിൽ പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ പ്രതാപ് ജി. പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശിൽപ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരാകുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.